തൃശൂർ ജില്ലയിലെ കൊടകരയാണ് എന്റെ വീട്. അച്ഛൻ, അമ്മ, അനിയൻ എന്നിവരാണ് എന്റെ കുടുംബം. ഒരിടത്തരം വീടായിരുന്നു എന്റേത്. അച്ഛൻ ജോലിസംബന്ധമായി പുറത്തായിരുന്നു. വീട്ടിൽ ഞാനും അമ്മയും അനിയനും മാത്രം. അഞ്ചു വയസ്സു മുതൽ എനിക്ക് സ്വന്തമായി ഒരു മുറിയുണ്ടായിരുന്നു. ആ മുറിയായിരുന്നു എന്റെ ലോകം. വലിയ ഒരു കണ്ണാടിയുണ്ടായിരുന്നു ആ മുറിയിൽ. അതായിരുന്നു കുട്ടിക്കാലത്തെ എന്റെ അടുത്ത സുഹൃത്ത്. പിന്നെ ധാരാളം പുസ്തകങ്ങളും ഞങ്ങളുടെ വളർത്തുമൃഗങ്ങളും.
ഞങ്ങളുടെ വീടിന്റെ സമീപം ഒരു കുന്നും വയലുമുണ്ട്. അവിടെ പോയി ഒറ്റയ്ക്കിരിക്കുക, തോട്ടിലൂടെ വെള്ളം ഒഴുകുന്നത് ആസ്വദിക്കുക, ധാരാളം പുസ്തകങ്ങൾ വായിക്കുക...ഇതൊക്കെയായിരുന്നു ചെറുപ്പത്തിലെ പ്രധാന വിനോദങ്ങൾ...
നാട്ടിൻപുറത്താണ് ജനിച്ചതെങ്കിലും അതിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി നിൽക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ചെറുപ്പം മുതൽ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.
ഡിഗ്രിക്ക് ശേഷം നാടകത്തോട് താൽപര്യം തോന്നി. പഠിക്കണമെന്ന് തോന്നി. വീട്ടിൽ എതിർപ്പുണ്ടായിരുന്നു. പിന്നെ വീട്ടിൽനിന്നും മാറിനിന്നാണ് പിജി ചെയ്തത്. ചെറുപ്പം മുതലേ അങ്ങനെ വലിയ ഹോം സിക്നസ് ഒന്നും തോന്നിയിട്ടില്ല എന്നത് സഹായകരമായി.
എനിക്ക് വീട് എന്നുപറയുന്നത് കുറച്ച് മുറികളുടെ കൂട്ടം എന്നതിലുപരി വ്യത്യസ്ത വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഇടങ്ങളുടെ സങ്കലനമാണ്. ഭാവിയിൽ ഒരു വീട് വയ്ക്കുകയാണെങ്കിൽ അങ്ങനെ കുറച്ച് ഇടങ്ങൾ എന്റെ വീട്ടിൽ ഒരുക്കണം എന്നാണ് ആഗ്രഹം. ചിരിക്കാൻ ഒരിടം, കരയാൻ ഒരിടം, ചിന്തിക്കാൻ ഒരിടം...അങ്ങനെയങ്ങനെ...
പിന്നെ എന്റെ വീക്നസ് കണ്ണാടികളാണ്. നമ്മൾ കരയുമ്പോൾ ചിരിക്കാത്ത ഒരേ ഒരുകാര്യം കണ്ണാടിയാണ്. വീട്ടിലെ ഓരോ ഇടങ്ങളിലും ഓരോ കണ്ണാടികൾ വയ്ക്കണം. പിന്നെ അടഞ്ഞ ഇടങ്ങളെക്കാൾ കാറ്റും വെളിച്ചവും കയറുന്ന തുറന്ന ഇടങ്ങൾ ഉണ്ടാകണം.
അങ്ങനെ വലിയ ആഡംബരങ്ങൾ നിറഞ്ഞ വീടുകളോട് താൽപര്യമില്ല. നമുക്ക് നമ്മളായി ഇരിക്കാൻ കഴിയുന്ന ഇടമാകണം വീട്. ഞാനിപ്പോൾ ഒരു ആർട് സ്‌പേസ് തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ സജീവമാകാനുള്ള ഒരുക്കത്തിലാണ്. വീട് ഒരു നിമിത്തമാണ്. അതു സമയമാകുമ്പോൾ നമ്മളെ തേടിയെത്തട്ടെ...