തിരുവനന്തപുരം നെടുമങ്ങാടാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതായിരുന്നു കുടുംബം. തറവാട് വീട്ടിലാണ് ഞാനും ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത്. ഭാര്യ നൈന വീട്ടമ്മയാണ്. ഞങ്ങൾക്ക് മൂന്ന് മക്കൾ. മൂത്ത മകൻ റിസ്‌വാൻ പത്താം ക്‌ളാസിൽ പഠിക്കുന്നു. രണ്ടാമൻ റയാൻ ഏഴിലും ഇളയവൻ റിഹാൻ ഒന്നിലും പഠിക്കുന്നു.
ഓലമേഞ്ഞ വീടോർമകൾ...
എന്റെ വീടോർമകൾ തുടങ്ങുന്നത് ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ഒരു കൂരയിൽ നിന്നാണ്. അന്നത്തെക്കാലത്ത് അത്തരം വീടുകൾ സർവസാധാരണമായിരുന്നു. നാലഞ്ചു മാസം കൂടുമ്പോൾ ഓല മുറ്റത്തിട്ട് മെടഞ്ഞു മേയുന്ന പതിവുണ്ടായിരുന്നു. അതുപോലെ ഇടക്കിടെ തറ ചാണകം മെഴുകി ഉറപ്പിക്കും. എന്റെ സ്‌കൂൾ കാലമായപ്പോൾ ആ കൂര പൊളിച്ചുകളഞ്ഞു. കൂരയുടെ സ്ഥാനത്ത് രണ്ടു നിലയുള്ള ടെറസ് വീട് ഉയർന്നു.
ഞാൻ സ്കൂൾ കാലം മുതൽ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് തിരുവനന്തപുരം നർമകല എന്നൊരു മിമിക്രി ട്രൂപ് തുടങ്ങി. ഈ ട്രൂപ്പിലെ അംഗമായിരുന്നു സുരാജ് വെഞ്ഞാറമൂട്. പിന്നീട് ഞാൻ സീരിയലുകളിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനിടയ്ക്ക് അച്ഛനുമമ്മയും മരിച്ചുപോയി. സഹോദരങ്ങൾ തറവാട്ടിൽ നിന്നും മാറി നെടുമങ്ങാട് വീടുവച്ചു താമസമായി. കാലപ്പഴക്കത്തിൽ ബലഹീനതകൾ ഉണ്ടായപ്പോഴും പഴയകാലത്തിന്റെ ഓർമകൾ ഉള്ളതുകൊണ്ട് വീട് പൊളിച്ചുകളയാൻ തോന്നിയില്ല. അതുകൊണ്ട് പലതവണ വീട് പുതുക്കിപ്പണിതു. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു. അകത്തളം കൂടുതൽ വിശാലമാക്കി. ടൈൽ വിരിച്ചു.
പക്ഷേ റെഡ് ഓക്സൈഡ് തറയുള്ള എന്റെ മുറി ഇപ്പോഴും ഞാൻ പഴയപോലെ നിലനിർത്തിയിട്ടുണ്ട്. ചൂടുകാലത്തൊക്കെ ആ തറയിൽ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നുവേറെതന്നെയാണ്. അതുപോലെ പഴയ കിണറും നിലനിർത്തിയിട്ടുണ്ട്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് എനിക്ക് ആഡംബര വീടുകളോട് താൽപര്യമില്ല. ഭാവിയിൽ മറ്റൊരു വീട് വയ്ക്കുകയാണെങ്കിലും കേരളശൈലിയിലുള്ള, ഓടിട്ട, നടുമുറ്റമൊക്കെയുള്ള വീടായിരിക്കണം എന്നാണ് ആഗ്രഹം.
മറിമായം വീട്...
മഴവിൽ മനോരമയിലെ മറിമായത്തിലെ മന്മഥന്റെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അത് ഇപ്പോഴും തുടരുന്നു. തട്ടീം മുട്ടീമിലും അഭിനയിച്ചിരുന്നു. മറിമായം സെറ്റ് ഒരു കുടുംബം പോലെയാണ്. അതിൽ സ്ഥിരം കാണിക്കുന്ന വീടിനും ഒരുപാട് ആരാധകരുണ്ട്. അരൂരിലാണ് വലിയ മുറ്റവും നിറയെ പൂച്ചെടികളും മരങ്ങളുമൊക്കെയുള്ള ആ വീട്. നീണ്ട ഇടനാഴിയാണ് ആ വീടിന്റെ മറ്റൊരു പ്രത്യേകത. ഒരു ആന്റി മാത്രമാണ് അവിടെ താമസിക്കുന്നത്. മക്കളൊക്കെ വിദേശത്താണ്. അതുകൊണ്ട് ഞങ്ങൾക്ക് പൂർണസ്വാതന്ത്ര്യമാണ് വീട്ടിൽ.
അതുപോലെതന്നെ മറ്റൊരു ചാനലിൽ ഞാൻ അഭിനയിക്കുന്ന സീരിയലിലെ വീടിനും നിരവധി ആരാധകരുണ്ട്. എന്തൊക്കെപ്പറഞ്ഞാലും ഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞു സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ എത്തുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്.