ഞാൻ പകുതി മലയാളിയും പകുതി നേപ്പാളിയുമാണ്. അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവാണ്. എനിക്ക് രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പനയും. ഞാനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭർത്താവിന്റെ പേര് മനോജ് യാദവ്. ദൽഹിക്കാരനാണ്.
അച്ഛൻ സിആർപിഎഫിലായിരുന്നു. അമ്മയുടെ അച്ഛനും സൈനികനായിരുന്നു. ഇരുവരും മധ്യപ്രദേശിൽ ജോലി ചെയ്യുന്ന സമയത്തുള്ള പരിചയമാണ് ഇരുകുടുംബങ്ങളെയും കൂട്ടിയോജിപ്പിക്കുന്നത്. ഞാൻ ജനിച്ചതും മധ്യപ്രദേശിലാണ്. അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ചുള്ള കറക്കമായിരുന്നു പിന്നീട് ജീവിതം. നോർത്ത് ഇന്ത്യ മുഴുവൻ കറങ്ങി. ഒരുപാട് വാടകവീടുകളിൽ താമസിച്ചു. സ്‌കൂൾ പഠനം പല നാടുകളിലായിരുന്നു. പിന്നെ കൊല്ലത്ത് വന്നു സെറ്റിൽ ചെയ്തു. അതിനുശേഷമാണ് ഞാൻ മിനിസ്‌ക്രീനിൽ സജീവമാകുന്നത്.
അവധിക്കാല ഓർമകളിലെ തറവാട്...
ഒരുപാട് കായികതാരങ്ങളുള്ള കുടുംബമാണ് അച്ഛന്റേത്. മണിചെടികം എന്നാണ് കൊല്ലത്തെ തറവാട്ടുപേര്. അച്ഛന്റെ സഹോദരനാണ് ഒളിംപ്യൻ സുരേഷ്ബാബു. അച്ഛനും ജാവലിൻ ത്രോയിൽ ദേശീയതാരമായിരുന്നു. ഓണത്തിനും മധ്യവേനലവധിക്കുമൊക്കെ ഞങ്ങൾ തറവാട്ടിൽ എത്തുമായിരുന്നു. ഓടിക്കളിക്കാൻ ഒരുപാട് മുറികളും ഇടനാഴികളും ധാരാളം മരങ്ങളുള്ള വലിയ മുറ്റവും ഒക്കെയുള്ള വീട്.
ആദ്യമൊക്കെ മറ്റൊരു സംസ്കാരവുമായി പൊരുത്തപ്പെടാൻ ഇരുകൂട്ടർക്കും ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അടുത്ത കൂട്ടായി. ഓണത്തിന് അച്ഛന്റെ കുടുംബം മുഴുവൻ തറവാട്ടിൽ ഒത്തുചേരും. പിന്നെ ഞങ്ങൾ കുട്ടിപ്പട്ടാളം കളിയും ഊഞ്ഞാലാട്ടവുമൊക്കെയായി നടക്കും. അവധി കഴിഞ്ഞു മടങ്ങിപ്പോകുമ്പോൾ വലിയ വിഷമമാകും. ആ വീട് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഭാവിയിൽ കേരളത്തിൽ സെറ്റിൽ ചെയ്യണമെന്നും വീട് മേടിക്കണമെന്നും ആഗ്രഹം തോന്നിയത് ആ വീട്ടിൽ ചെലവഴിച്ച ഓർമകൾ കൊണ്ടാകണം.
കേരളത്തിലൊരു വീട്...
എനിക്ക് കേരളം വളരെ ഇഷ്ടമാണ്. അങ്ങനെയാണ് തിരുവനന്തപുരത്ത് വീട് വാങ്ങിക്കുന്നത്. നഗരത്തിൽ തന്നെ എന്നാൽ അതിന്റെ ബഹളങ്ങളൊന്നും ഇല്ലാത്ത വട്ടിയൂർക്കാവിലാണ് വീട്. ചുറ്റിനും ധാരാളം മരങ്ങളും ചെടികളുമുണ്ട്. ഇപ്പോൾ ഞങ്ങൾ കുടുംബമായി ഇവിടേക്ക് താമസം മാറി. എന്റെ ചേച്ചിയാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. എന്റെ മുറിയിൽ എനിക്ക് കിട്ടിയ ചെറിയ പുരസ്‌കാരങ്ങൾ ഒക്കെ ഞാൻ വച്ചിട്ടുണ്ട്.
മനോജ് ദൽഹിയിലാണ്. ദൽഹി- തിരുവനന്തപുരം യാത്രയാണ് ഇപ്പോൾ എന്റെ ജീവിതത്തിലെ പ്രധാന ശീലം. മനോജിന് അവിടെ ഫ്ലാറ്റുണ്ട്. ജീവിതകാലം മുഴുവൻ അത്തരം വീടുകളിൽ താമസിച്ചതുകൊണ്ട് എനിക്ക് ഫ്ളാറ്റുകളോട് താൽപര്യമില്ല. എനിക്ക് മണ്ണിൽ ചവിട്ടി നടക്കാനാണ് ഇഷ്ടം. ദൽഹിയിലെ വേഗതയേറിയ ജീവിതവുമായി പൊരുത്തപ്പെടാനും ബുദ്ധിമുട്ടാണ്.
അവിടെ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നുവേറെതന്നെയാണ്. അമ്മയുടെ നാടായ നേപ്പാളിൽ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് സന്തോഷവും സമാധാനവുമുള്ള നാടാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നെങ്കിലും അവിടെ പോകണം. അമ്മയുടെ വീടും നാടുമൊക്കെ കാണണം...ഇതൊക്കെയാണ് എന്റെ വീട്ടുവിശേഷങ്ങൾ...