Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനായി ലാലേട്ടന്റെ യാത്ര തുടങ്ങുന്നത് ഇവിടെനിന്ന്!...

odiyan

മലയാളസിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. ചിത്രത്തിന്റെ ടീസറുകൾ ഇതിനോടകം ചർച്ചയായിരുന്നു. ടീസറിൽ മാണിക്യൻ നടന്നുപോകുമ്പോൾ പശ്ചാത്തലമായി ഒരു മന കാണാം. ഒടിയന്റെ സംഭവബഹുലമായ ജീവിതം പോലെ ഏറെ കഥകൾ പറയാനുണ്ട് ഈ മനയ്ക്കും. പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയാണ് ടീസറിൽ കാണുന്നത്. 

ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങളും എന്നു നിന്റെ മൊയ്തീനിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടും ഷൂട്ട് ചെയ്തത് ഒളപ്പമണ്ണ മനയിലാണ്. 

olappamanna-mana

വെള്ളിനേഴിയിലെ ഏറ്റവും അദ്ഭുതം നിറഞ്ഞ കാഴ്ചയാണ് ഒളപ്പമണ്ണ മന. ഇരുപതേക്കറിൽ പരന്നു കിടക്കുന്ന എട്ടുകെട്ടും മാളികപ്പുരയും കേരളീയ വാസ്തുശിൽപനൈപുണ്യത്തിന്റെ കാലം മായ്ക്കാത്ത അടയാളങ്ങളാണ്. നടുത്തളവും അതിവിശാലമായ ഊട്ടുപുരയും കിടപ്പറകളുമായി ഇതുപോലൊരു എട്ടുകെട്ട് നിർമിക്കുന്ന കാര്യം ഇനിയുള്ള കാലം ചിന്തിക്കാൻ പോലുമാകില്ല.

olappamanna-mana-pathayapura

അറയും നിരയും മുറികളും വാതിലും പാത്രങ്ങളുമെല്ലാം അത്ര വിദഗ്ധമായാണ് നിർമിച്ചിട്ടുള്ളത്. വാതിലുകളെക്കാൾ വലുപ്പമുള്ള ഭരണികളും പാത്രങ്ങളും മുറിയുടെ പുറത്തേക്ക് എടുക്കാനാവില്ല. 

ettukettu-olappamanna-mana

നൂറ്റാണ്ടിലേറെ പഴക്കമുള്ള മരപ്പാത്രങ്ങളും പല്ലക്കും അലമാരയും വടക്കിനിയിലെ മുറികളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ലൈബ്രറി, കവിയുടെ കസേര തുടങ്ങിയവ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. ഋഗ്വേദത്തിന്റെ മലയാള പരിഭാഷ സൂക്ഷിച്ചിട്ടുള്ള മുറിയാണ് ഒന്നാം നിലയിലെ അമൂല്യമായ കാഴ്ച.

olappamanna-mana-curios

വള്ളുവനാട്ടിൽ സാഹിത്യവും കലാപാരമ്പര്യങ്ങളും നട്ടുവളർത്തിയ പണ്ഡിതന്മാരുടെ തറവാടാണ് ഒളപ്പമണ്ണ മന. ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ മനയെ വേദ അധ്യാപന കേന്ദ്രമാക്കി മാറ്റിയ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കാവ്യ ഭാഷയിൽ പുതുഭാവങ്ങൾ രചിച്ച കവി ഒളപ്പമണ്ണ...വടക്കിനിയുടെ എതിർവശത്തെ പത്തായപ്പുരയുടെ രണ്ടാം നിലയിൽ അതിഥിയായി എത്തിയിരുന്ന പ്രമുഖരിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഉൾപ്പെടുന്നു. വെള്ളിനേഴിയിൽ വരുന്ന സമയത്ത് പട്ടിക്കാംതൊടിയാശാന്റെ മുറിയോടു ചേർന്നുള്ള റൂമിലാണ് ചെമ്പൈ താമസിച്ചിരുന്നത്. അങ്ങനെ ഒരുപാടു വലിയ കലാകാരന്മാരെ സംഭാവന ചെയ്ത, പ്രചോദിപ്പിച്ച നിർമാണവിസ്മയം.... ഇവരുടെ ഓർമകൾ മനയുടെ ഓരോ കോണുകളിലും ഇന്നും നിലനിൽക്കുന്നു.

olappamanna-interior

കഥകളിയുടെ വേഷവും ചമയങ്ങളും ഉണ്ടാക്കുന്ന കലാകാരൻമാർ, ആറന്മുള കണ്ണാടി പോലെ അടയ്ക്കാപുത്തൂർ കണ്ണാടി, കുറുവട്ടൂരിലെ ബുദ്ധഗുഹ...വെള്ളിനേഴിയിൽ ഉടലെടുത്തതും നിലനിൽക്കുന്നതുമായ നിരവധി അപൂർവ കലാരൂപങ്ങൾ- കോലംകളി, കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, അഷ്ടപദി, കളമെഴുത്തുപാട്ട്, കാളപൂട്ട്, തോൽപ്പാവക്കൂത്ത്, നന്തുണിപ്പാട്ട്.... അങ്ങനെ നിരവധി കാഴ്ചകളുണ്ട് വെള്ളിനേഴിയിൽ. സംസ്ഥാന സർക്കാർ വെള്ളിനേഴിക്ക് ‘കലാഗ്രാമം’ പദവി നൽകി ആദരിച്ചിരുന്നു. ഏതായാലും, കാത്തിരിക്കാം ഒടിയൻ മാണിക്യന്റെ കാഴ്ചകൾക്കായി...