കൊച്ചി മുളവുകാട് ബോൾഗാട്ടിയാണ് എന്റെ സ്വദേശം. നടൻ ധർമജനും നമ്മുടെ നാട്ടുകാരനാണ്. അച്ഛനും അമ്മയും ചേട്ടനുമായിരുന്നു എന്റെകുടുംബം. അച്ഛൻ ചെറുകിട ബിസിനസുകാരനായിരുന്നു. അമ്മ വീട്ടമ്മയും. അച്ഛൻ നിർമിച്ച തറവാട് വീട്ടിലായിരുന്നു ചെറുപ്പകാലം മുഴുവനും. ചെറിയ ഓടിട്ട വീടായിരുന്നു. കാലപ്പഴക്കം വന്നപ്പോൾ പലതവണ പുതുക്കിപ്പണിയുകയും ചെയ്തു.
അച്ഛന് ചെറിയ നാടകപ്രവർത്തനമൊക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും കലാരംഗത്തേക്ക് വരുന്നത്. സ്‌കൂൾ കാലം മുതൽ മിമിക്രിയിലൊക്കെ സജീവമായിരുന്നു. അഭിനയത്തിലേക്ക് വരുന്നതിനു മുൻപ് അൽപം ലോക്കൽ രാഷ്ട്രീയ പ്രവർത്തനമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് സാധാരണക്കാരുടെ പൾസ് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇത് അഭിനയത്തിലും കുറച്ചൊക്കെ സഹായിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ചേട്ടന് തറവാട് നൽകി, ഞാൻ ഭാഗം കിട്ടിയ ഭൂമിയിൽ വീടുവച്ചുമാറി.
വീട്..കുടുംബം...
ഭാര്യയുടെ പേര് ബബിത. ഞങ്ങൾക്ക് രണ്ടു മക്കൾ. മൂത്ത മകൾ ഷഹ്‌റിൻ അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു. ഇളയ കുട്ടി സഫ്റിൻ എൽകെജിയിലും പഠിക്കുന്നു. പത്തു വർഷമായി ഇപ്പോൾ വീടുവച്ചിട്ട്. ചെറിയ രണ്ടുനില വീടാണ്. മുകളിൽ ഒരു മുറിയുണ്ട്. ബാക്കി ടെറസാണ്. കുറച്ചു സമ്പാദ്യമൊക്കെയായി കഴിഞ്ഞു വീട് ഭാവിയിൽ മുകളിലേക്ക് വിപുലപ്പെടുത്തണമെന്നുണ്ട്. നമ്മൾ ഷൂട്ടിങ്ങുമായി മിക്കവാറും യാത്രയിലായിരിക്കും. അതുകൊണ്ട് ഭാര്യയാണ് വീട് വിഭാഗം കൈകാര്യം ചെയ്യുന്നത്.
മറിമായം വീട്...
മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ സീസൺ ടുവിൽ മൂന്നാം സ്ഥാനം നേടിയതാണ് മിനിസ്ക്രീനിലേക്ക് വഴിതുറന്നത്. ആദ്യമൊക്കെ മറിമായത്തിന്റെ അണിയറയിലായിരുന്നു. പതിയെ ക്യാമറയ്ക്ക് മുന്നിലേക്കെത്തി. പ്യാരിജാതനെ ആളുകൾ അംഗീകരിച്ചു. മറിമായം സെറ്റ് ഒരു കുടുംബം പോലെയാണ്. അതിൽ സ്ഥിരം കാണിക്കുന്ന വീടിനും ഒരുപാട് ആരാധകരുണ്ട്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് ആ വീടിനെക്കുറിച്ച്.
അരൂരിലാണ് വലിയ മുറ്റവും നിറയെ പൂച്ചെടികളും മരങ്ങളുമൊക്കെയുള്ള ആ വീട്. നീണ്ട ഇടനാഴിയാണ് ആ വീടിന്റെ മറ്റൊരു പ്രത്യേകത. ഒരു ആന്റി മാത്രമാണ് അവിടെ താമസിക്കുന്നത്. മക്കളൊക്കെ വിദേശത്താണ്. അതുകൊണ്ട് ഞങ്ങൾക്ക് പൂർണസ്വാതന്ത്ര്യമാണ് വീട്ടിൽ.