വരദയുടെ വീട്ടുവിശേഷങ്ങൾ

മിനിസ്ക്രീനിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരിയായ വരദ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

തൃശൂരാണ് എന്റെ സ്വദേശം. അച്ഛൻ മോഹൻ എബ്രഹാം, അമ്മ പുഷ്പ മോഹൻ. എനിക്കൊരു സഹോദരൻ- എറിക് മോഹൻ. അമ്മയുടെ അച്ഛനു ഗുജറാത്തിലായിരുന്നു ജോലി. അങ്ങനെ ഗുജറാത്തിലാണ് ഞാൻ ജനിക്കുന്നത്. എന്റെ പേര് എമി എന്നായിരുന്നു. സിനിമയിൽ എത്തിയ ശേഷമാണു വരദ എന്ന പേരു സ്വീകരിച്ചത്. പഠിച്ചതും വളർന്നതുമെല്ലാം തൃശൂരും കോഴിക്കോടുമാണ്. അച്ഛന്റെ തറവാട് അയ്യന്തോളായിരുന്നു. എന്റെ സ്‌കൂൾ അവധിക്കാലങ്ങൾ രണ്ടു തറവാടുകളിലേക്കുള്ള യാത്രകളും ഒത്തുചേരലുകളുമായിരുന്നു. 

കണ്ണൂർ വീട്...

ഭർത്താവ് ജിഷിൻ മോഹനും അഭിനേതാവാണ്. ഞങ്ങൾക്കൊരു മകൻ ജിയാൻ. ഇപ്പോൾ ഒന്നരവയസ്സായി. ജിഷിന്റെ നാട് കണ്ണൂരാണ്. അവിടെ അച്ഛനും അമ്മയുമുണ്ട്. ജിഷിന്റെ ചേട്ടൻ കുടുംബമായി ബെംഗളൂരുവിൽ സെറ്റിൽ ചെയ്തു.

ഞങ്ങളുടെ അമല...

കുടുംബത്തോടൊപ്പം

എന്റെ കരിയറിൽ വഴിത്തിരിവായ സീരിയലായിരുന്നു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമല. ആ സമയത്താണ് തിരുവനന്തപുരത്ത് വീട് വാങ്ങുന്നത്. പിന്നെ വീടിനു മറ്റൊരു പേര് ആലോചിക്കേണ്ട കാര്യം വന്നില്ല. നാലു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. എനിക്കിഷ്ടപ്പെട്ട നീലയും വെള്ളയും നിറങ്ങളാണ് പുറംഭിത്തികളിൽ നൽകിയത്. ഇന്റീരിയറും എന്റെയും ജിഷിന്റെയും ആഗ്രഹങ്ങൾക്കനുസരിച്ചാണ് ഒരുക്കിയത്. നഗരത്തിൽ നിന്നും മാറി സ്വച്ഛസുന്ദരമായ പച്ചോട്ടുകാവ് എന്ന സ്ഥലത്താണ് വീട്. വീടിനു സമീപം നിറയെ പച്ചപ്പും ചെടികളുമുണ്ട്. ബാൽക്കണിയിൽ നിന്നാൽ സമീപത്തുള്ള കുളം കാണാം. ഷൂട്ട് കഴിഞ്ഞു ചെന്നുകയറുമ്പോൾത്തന്നെ മനസ്സിന് ഒരുപാട് പൊസിറ്റീവ് എനർജി തരുന്ന വീടാണ് അമല.


തൃശൂർ ഫ്ലാറ്റ്..

കുഞ്ഞുണ്ടായ ശേഷം ഞങ്ങൾ തൃശൂരിൽ തറവാടിനടുത്ത് ഒരു ഫ്ലാറ്റ് എടുത്തു താമസം മാറി. ഞാൻ ഷൂട്ടിന് പോകുമ്പോൾ അച്ഛനും അമ്മയും കുഞ്ഞിനെ നോക്കിക്കോളും. ഇപ്പോഴത്തെ കാലത്ത് വീടുപണിക്ക് പിന്നാലെ പോകാനുള്ള തലവേദന ഓർത്തിട്ടാണ് ഫ്ലാറ്റ് എടുത്തത്. കുറച്ചുകൂടി സുരക്ഷിതത്വവുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ എന്റെ ജീവിതത്തിൽ നാലു വീടുകളുണ്ട്. ഓരോന്നും ഓരോവിധത്തിൽ പ്രിയപ്പെട്ടത് തന്നെയാണ്.