പാലക്കാട് ചിറ്റൂരാണ് എന്റെ സ്വദേശം. നിറയെ പാടങ്ങളും പനകളും മൺവഴികളും ക്ഷേത്രങ്ങളുമുള്ള തനി ഗ്രാമപ്രദേശത്താണ് ജനിച്ചു വളർന്നത്. വീടിനു സമീപത്തും ഒരു പാടമുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റു നോക്കുമ്പോൾ പാടം മഞ്ഞുതുള്ളികളിൽ പുതച്ചു കിടക്കുന്നതു കാണാമായിരുന്നു. തീവണ്ടി സിനിമയിൽ കാണിക്കുന്ന ഗ്രാമവുമായി സാമ്യമുണ്ട് എന്റെ നാടിന്.
മോഡലിങ്ങിലൂടെ അപ്രതീക്ഷിതമായിരുന്നു സിനിമയിലേക്കുള്ള പ്രവേശം. തീവണ്ടി, ലില്ലി എന്നീ സിനിമകളിൽ അഭിനയിച്ചു. അതോടെ കൊച്ചിയിലേക്ക് കുടിയേറി. ആ പഴയജീവിതം ഇടയ്ക്ക് മിസ് ചെയ്യാറുണ്ട്.
ഫ്ലാറ്റ് ജീവിതം...
കൊച്ചിയിൽ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. മണ്ണിൽ ചവിട്ടി നടന്നു ജീവിച്ചു ശീലിച്ചതു കൊണ്ട് ആദ്യമൊക്കെ ഫ്ലാറ്റ് ലൈഫുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ശീലമായി വരുന്നു. വാടകയ്ക്ക് ആയതു കൊണ്ട് അങ്ങനെ വലുതായി ഇൻറീരിയർ ഒന്നും ചെയ്തിട്ടില്ല. എന്റെ മുറിയിൽ രണ്ടു ഡ്രീം ക്യാപ്ചറുകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അതിലൊരെണ്ണം തീവണ്ടിയുടെ പ്രമോഷന് തൃശൂർ ഒരു തിയറ്ററിൽ പോയപ്പോൾ സമ്മാനമായി കിട്ടിയതാണ്. ഞാനും ടൊവിനോയും തമ്മിലുള്ള സീനുകൾ വെട്ടിയെടുത്താണ് അതുണ്ടാക്കിയിരിക്കുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുറച്ച് ചെടികളുണ്ട്. ആകാശത്ത് ജീവിക്കുമ്പോൾ അതിനെ കാണുന്നതാണ് ഒരാശ്വാസം.
ലില്ലിയിലെ വീട്...
സിനിമയിൽ ഗർഭിണിയായ നായികയെ തട്ടിക്കൊണ്ടു പോയി പാർപ്പിക്കുന്ന ഗോഡൗണാണ് പ്രധാന കഥാപാത്രം. കൊച്ചി ഫാക്ട്, എച്ച് എം ടി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. ഒരു കാലത്ത് ആയിരത്തോളം ജോലിക്കാരുണ്ടായിരുന്ന സ്ഥാപനങ്ങൾ, ഇപ്പോൾ അനാഥ പ്രേതം പോലെ കിടക്കുന്നു... അതിനുള്ളിൽ അമ്പലവും പള്ളിയും സ്കൂളുകളും വരെയുണ്ടായിരുന്നുവത്രേ... അവിടുത്തെ ഓരോ ഇടനാഴികളും നേരത്തെ അവിടെ താമസിച്ചവരുടെ ഓർമകൾ അവശേഷിപ്പിക്കുന്നുണ്ട്. പൊടിപിടിച്ചു കിടക്കുന്ന മാനേജർ ക്യാബിനുകൾ, താമസക്കാർ ഉപേക്ഷിച്ചു പോയ മുറികൾ, പാത്രങ്ങൾ, ചെരിപ്പുകൾ... ആ കുടുംബങ്ങളൊക്കെ ഇപ്പോൾ എവിടെയായിരിക്കും എന്നു ഞാൻ ആലോചിക്കുമായിരുന്നു.
സ്വപ്നവീട്...
എതൊരു മലയാളിയുടെയും സ്വപ്നമാണല്ലോ സ്വന്തമായി ഒരു വീട്. എനിക്കും ചില സ്വപ്നങ്ങളുണ്ട്. അൽപം ഫാന്റസിയാകാം... പച്ചപ്പിനു നടുവിൽ, കരിങ്കല്ല് കൊണ്ടു നിർമിച്ച ഒരു വീട്. അതിന്റെ ഭിത്തികളിൽ വള്ളിച്ചെടികൾ പടർത്തണം. നിറയെ കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങളായിരിക്കണം. ചെറുപ്പത്തിൽ ഓടിട്ട മേൽക്കൂരയ്ക്കിടയിലൂടെ ഒളിച്ചുവരുന്ന വെയിൽവട്ടങ്ങൾ കണ്ട് അദ്ഭുതപ്പെട്ടിരുന്നു. ഇപ്പോഴും എനിക്ക് ഗ്ലാസ് വർക്കുകൾ വലിയ ഇഷ്ടമാണ്. സീലിങ്ങിൽ നിറയെ പല ഷേപ്പിലുള്ള ഗ്ലാസ് പാനലുകൾ നൽകണം. അതിലൂടെ വെയിൽവട്ടങ്ങൾ വീടിനുള്ളിൽ നൃത്തം ചെയ്യണം. രാവിലെയും വൈകിട്ടും വീടിനുള്ളിൽ വ്യത്യസ്ത മൂഡുകൾ നിറയണം... അങ്ങനെയങ്ങനെ...