Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവീണയുടെ വീടും ഓർമകളും...

praveena-home

ആറന്മുളയുള്ള അമ്മവീട്ടിലാണ് ഞാൻ ജനിച്ചത്. ക്ഷേത്രത്തോട് ചേർന്നുള്ള വീട്. നിറയെ ഓർമകളുള്ള വീട്. മുറ്റത്ത് നിറയെ ചെടികളും മരങ്ങളും ഉണ്ടായിരുന്നു. അമ്മൂമ്മയ്ക്ക് വലിയൊരു പൂന്തോട്ടം ഉണ്ടായിരുന്നു. ഒരു കുലയിൽ പത്തിരുപത് റോസാപ്പൂക്കൾ ഉണ്ടാകുന്ന ചെടിയുണ്ടായിരുന്നു. ഞങ്ങൾ ഈ പൂക്കൾ ക്ഷേത്രത്തിൽ നിവേദിക്കുമായിരുന്നു. ക്ഷേത്രം എന്റെ ബാല്യത്തിൽ പതിവു സാന്നിധ്യമായിരുന്നു. പുരാണകഥകളും ധാർമിക കഥകളുമൊക്കെ കേട്ടാണ് വളർന്നത്. 

അച്ഛന്റെ വീടുകൾ...

gauri-with-grandparents ഗൗരി മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം

അച്ഛൻ രാമചന്ദ്രൻ നായർ കോളജ് അധ്യാപകനായിരുന്നു. അമ്മ ലളിതാഭായ് വീട്ടമ്മയും. എനിക്കൊരു സഹോദരൻ പ്രമോദ്. ഇപ്പോൾ അമേരിക്കയിലാണ്. അച്ഛന്റെ വീട് കൊട്ടാരക്കരയ്ക്കടുത്ത് കുളക്കട ആയിരുന്നു. പുഴയുടെ തീരത്തുള്ള അറയും പുരയുമൊക്കെയുള്ള പഴയ നായർ തറവാടായിരുന്നു. വീട്ടിൽ നിന്നും പടികൾ ഇറങ്ങിയാൽ കടവുണ്ട്. കുളിയും കളിയും പാത്രം കഴുകലും തുണിയലക്കലുമൊക്കെ അവിടെയായിരുന്നു. നിറയെ മരങ്ങളുള്ള മുറ്റമുണ്ടായിരുന്നു. ഓണത്തിനൊക്കെ അതിൽ ഊഞ്ഞാൽ തൂങ്ങുമായിരുന്നു. ഓണത്തിന് പൂക്കളമിടാൻ തൊടിയിലേക്ക് ഒന്നിറങ്ങിയാൽ മതി.

അച്ഛന് ചങ്ങനാശേരി എൻ എസ് എസ് കോളജിലായിരുന്നു ജോലി. അങ്ങനെ ഞങ്ങൾ ചങ്ങനാശേരിയിലേക്ക് ചേക്കേറി. സ്ഥലം വാങ്ങി വീടു വച്ചു. സമകാലിക ശൈലിയിലുള്ള വീടായിരുന്നു. എന്റെ സ്‌കൂൾ കാലഘട്ടമൊക്കെ അവിടെയായിരുന്നു. ഇപ്പോൾ ആ വീട് ഞങ്ങൾ വിറ്റു.

തിരുവനന്തപുരത്തേക്ക്...

praveena-house

എന്റെ കോളജ് കാലഘട്ടമായപ്പോഴേക്കും ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി. ആദ്യമൊക്കെ വാടകവീട്ടിലായിരുന്നു. കോളജ് കാലഘട്ടത്തിൽ ഞാൻ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയിരുന്നു. ആയിടയ്ക്കായിരുന്നു വിവാഹം.

praveena-hus

എന്റെ ഭർത്താവിന്റെ പേരും പ്രമോദ് എന്നാണ്. ദുബായിൽ ബാങ്കർ ആയിരുന്നു. വിവാഹം കഴിഞ്ഞു കുറച്ചുകാലം ഞങ്ങൾ അവിടെയായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് വീടുവച്ച് സ്ഥിരതാമസമാക്കി. മകൾ ഗൗരി ഇപ്പോൾ പ്ലസ്‌ടുവിൽ പഠിക്കുന്നു.

ആറു സെന്റിലാണ് 3000 ചതുരശ്രയടിയുള്ള വീട്. നാലു കിടപ്പുമുറികളുണ്ട്. എന്റെ സങ്കൽപങ്ങൾ അനുസരിച്ചാണ് അകത്തളങ്ങൾ അലങ്കരിച്ചത്. എനിക്ക് തടിപ്പണികളോട് കമ്പമുണ്ട്. വീടിനകത്ത് നിറയെ വുഡൻ വർക്കുകൾ കാണാം. ഫർണിച്ചർ, ഗോവണിപ്പടികൾ, പാനലിങ് എന്നിവയ്‌ക്കെല്ലാം തേക്കാണ് ഉപയോഗിച്ചത്. ഒരേയൊരു വിഷമം ആവശ്യത്തിന് മുറ്റമില്ല എന്നതാണ്.

സ്വപ്നവീട്...

praveena

ചെറുപ്പത്തിൽ വിശാലമുള്ള മുറ്റത്ത് കളിച്ചു വളർന്നതുകൊണ്ട് എനിക്ക് മുറ്റമുള്ള വീട് വേണം എന്നൊരു ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ കുറച്ചു ഭൂമി വാങ്ങി ഇപ്പോൾ താമസിക്കുന്ന വീട് അങ്ങോട്ടേക്ക് പറിച്ചുനടുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്. ഭാവിയിൽ മകൾ ജോലിയായിക്കഴിഞ്ഞു അതുപോലെയൊരു വീട് വച്ചുതരാം എന്ന് തമാശയായി പറയാറുണ്ട്.