സെലിബ്രിറ്റി അയൽക്കാരുള്ള ഷാജോണിന്റെ വീട്!

നടൻ കലാഭവൻ ഷാജോൺ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...(ഫയൽ ചിത്രം)

മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ കലാഭവൻ ഷാജോൺ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയസ് വേഷങ്ങളിലൂടെയാണ്. കൂടുതലും വില്ലത്തരം നിറഞ്ഞ പോലീസ് വേഷങ്ങൾ ചെയ്ത ഷാജോണിന്റെ പിതാവ് ഒരു പൊലീസുകാരൻ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 'എന്നെയും ഒരു പൊലീസുകാരൻ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ നടന്നില്ല. ജീവിതത്തിൽ പൊലീസായില്ലെങ്കിലും സിനിമയിൽ പൊലീസ് വേഷങ്ങൾ എന്നെ കൂടുതൽ തേടിയെത്തി എന്നത് അച്ഛന്റെ അനുഗ്രഹമായിരിക്കും'. ഷാജോൺ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

അച്ഛൻ ജോൺ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു. അമ്മ റെജീന നഴ്‌സായിരുന്നു. എനിക്കൊരു സഹോദരൻ ഷിബു. ഇപ്പോൾ ബഹ്‌റിനിൽ ജോലി ചെയ്യുന്നു. എന്റെ ഭാര്യ ഡിനി വീട്ടമ്മയാണ്. ഞങ്ങൾക്ക് രണ്ടു മക്കൾ. മകൾ ഹന്ന ഏഴാം ക്‌ളാസിലും മകൻ യോഹാൻ മൂന്നാം ക്‌ളാസിലും പഠിക്കുന്നു.

കോട്ടയം വീട്...

എന്റെ ചെറുപ്പം മുതൽ പ്രീഡിഗ്രി വരെ ഞങ്ങൾ താമസിച്ചിരുന്നത് കോട്ടയം പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു. 93 ൽ ഞങ്ങൾ കോട്ടയം വാരിശേരിയിൽ ഒരു വീട് മേടിച്ചു താമസം മാറി. മീനച്ചിലാറിന്റെ തീരത്തു ഒരു സാധാരണ ടെറസ് വീടായിരുന്നു അത്. എന്റെ സ്‌കൂൾ കോളജ് പഠനവും കോട്ടയത്തായിരുന്നു. മണർകാട് സെന്റ്. മേരീസ് കോളജിലായിരുന്നു ഡിഗ്രി.

കോളജ് കാലഘട്ടത്തിൽ മിമിക്രി വേദികളിൽ സജീവമായി. പിന്നീട് ടിവി ഷോകൾ ചെയ്തു തുടങ്ങി. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്.

കൊച്ചിയിലേക്ക്... 

സിനിമകൾ കൂടുതലും കൊച്ചിയിലേക്ക് മാറിയ സമയത്താണ് അച്ഛന്റെ വിയോഗം. അമ്മ വീട്ടിൽ ഒറ്റയ്ക്കായി. അതോടെ ഞങ്ങൾ കോട്ടയത്തെ വീട് വിറ്റു കൊച്ചിയിലേക്ക് കൂടുമാറി. 14 വർഷം മുൻപാണ്. ആദ്യം പച്ചാളത്തു ഫ്ലാറ്റാണ് മേടിച്ചത്. ഒരു 2 BHK ഫ്ലാറ്റായിരുന്നു. പിന്നീട് കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള ഫ്ലാറ്റ് മേടിച്ചു താമസം മാറി. 3 BHK ഫ്ലാറ്റാണ്.

ഡിലൈഫ് ആണ് ഇന്റീരിയർ ചെയ്തത്. അനൂപ് മേനോന്റെ കൊച്ചിയിലെ ഫ്ലാറ്റ് കണ്ട് ഇഷ്ടമായാണ് ഞാൻ ഡിലൈഫിനെ ഏൽപ്പിച്ചത്. വൈറ്റ്+ ബ്രൗൺ തീമിലാണ് ഇന്റീരിയർ. കുട്ടികളുടെ മുറി അവരുടെ ഇഷ്ടത്തിനാണ് ഡിസൈൻ ചെയ്തത്. അധികം വർക്കുകൾ കുത്തിത്തിരുകിയിട്ടില്ല. അതുകൊണ്ടുതന്നെ വിശാലതയും തോന്നിക്കും. ലൈറ്റുകൾ ഒക്കെ മിനിമൽ ശൈലിയിലാണ്. ഷൂട്ട് ഒക്കെ കഴിഞ്ഞു വന്നു ഫ്ലാറ്റിലേക്ക് കയറുമ്പോൾ തന്നെ മനസ്സ് സ്വസ്ഥമാകും. അതുകൊണ്ടുതന്നെ ഷൂട്ട് ഇല്ലാത്ത സമയത്ത് വെറുതെ ഫ്ലാറ്റിൽ ഇരിക്കാനാണ് ഇഷ്ടം. 

ഫേവറിറ്റ് കോർണർ...

രണ്ടു ഇഷ്ട ഇടങ്ങളുണ്ട് ഫ്ലാറ്റിൽ...ഒന്ന് ടിവി ഏരിയ...വീട്ടിൽ ഉള്ളപ്പോൾ ഇവിടമാണ് ഒത്തുചേരലുകളുടെ ഇടം. പിന്നെ കിച്ചൻ. ഭാര്യയുമായി സംസാരിച്ച് ഭക്ഷണം കഴിക്കാൻ ഒരു ബ്രെക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സെലിബ്രിറ്റി അയൽക്കാർ...

നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, ദീപക് ദേവ് തുടങ്ങിയവർ ഇവിടെ എന്റെ അയൽക്കാരാണ്. പക്ഷേ ഫ്ലാറ്റിൽ വച്ചു കാണുന്നതിലും കൂടുതൽ ഏതെങ്കിലും സെറ്റിൽ വച്ചാണ് ഞങ്ങൾ കാണുക. ഫ്ലാറ്റിൽ ഒരുമിച്ചുള്ള അപൂർവ അവസരങ്ങളിൽ ഒരുമിച്ചു കൂടാറുമുണ്ട്. സിനിമാസുഹൃത്തുക്കൾക്കിടയിൽ അടുത്തിടെ വീടുവച്ചത് മിയയാണ്. ആർക്കും ഇഷ്ടം തോന്നും പാലായിലുള്ള മിയയുടെ വീടുകണ്ടാൽ.

ഇനി വീടു വയ്ക്കാൻ സാധ്യതയില്ല...

കൊച്ചിയിൽ ഫ്ലാറ്റെടുത്തു മാറുമ്പോൾ അമ്മ പൊരുത്തപ്പെടുമോ എന്നതായിരുന്നു സംശയം. എന്നാൽ ഇപ്പോൾ അമ്മ ഫ്ലാറ്റ് ലൈഫിനോട് പൊരുത്തപ്പെട്ടു. നമ്മൾ ഷൂട്ടിനും മറ്റും പോകുമ്പോൾ സുരക്ഷിതത്വവുമുണ്ട്. സമപ്രായത്തിലുള്ള ആൾക്കാരുമായി മിണ്ടിയും പറഞ്ഞുമിരിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ട് ഇനിയൊരു വീടു വയ്ക്കാൻ സാധ്യത കുറവാണ്..