ബാന്ദ്രയിലുള്ള മന്നത്ത് എന്ന വീടിനു മുൻപിൽ എപ്പോഴും ആൾക്കൂട്ടം കാണാം. കാരണം എന്തെന്നോ? സാക്ഷാൽ ഷാറുഖ് ഖാന്റെ വസതിയാണിത്. താരത്തെ ഒരുനോക്കു കാണാനായി ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് ആരാധകർ ഒഴുകിയെത്താറുണ്ട്.
ഷാറൂഖിന്റെ ജന്മദിനമാണിന്ന്. അപ്പോൾ പിന്നെ പറയണോ...ആയിരക്കണക്കിന് ആരാധകരാണ് താരത്തിനു പിറന്നാൾ ആശംസകൾ നേരാനായി വീടിനു മുന്നിൽ തടിച്ചുകൂടിയത്. വീടിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് താരം എല്ലാവരുടെ ആശംസകൾക്ക് നന്ദി പറയുകയും ചെയ്തു.
ഷാറുഖിനെ പോലെതന്നെ സ്റ്റൈലിഷാണ് മുംബൈ ബാന്ദ്രയിൽ കടലോരത്തോടു ചേർന്നുള്ള മന്നത്ത് എന്ന വീടും. 2001ൽ 13 കോടി രൂപയ്ക്കാണ് ഇവിടെ സ്ഥിതി ചെയ്തിരുന്ന പൈതൃക ബംഗ്ലാവ് ഷാറുഖ് വാങ്ങി പുതുക്കിപ്പണിതു താമസം തുടങ്ങിയത്. ഇന്നു ബംഗ്ലാവിന്റെ വിപണിമൂല്യം ഏകദേശം 200 കോടി രൂപയോളം വരും.
ഷാറുഖിന്റെ ഭാര്യ ഗൗരി ഖാൻ ബോളിവുഡിലെ മുൻനിര ഇന്റീരിയർ ഡിസൈനറാണ്. അപ്പോൾപ്പിന്നെ മന്നത്തിന്റെ കാര്യം പറയണോ? ആറുനിലകളിൽ നിറയുന്ന ഇറ്റാലിയൻ, കൊളോണിയൽ, നിയോ ക്‌ളാസിക്കൽ, കന്റെംപ്രറി ശൈലികളുടെയെല്ലാം മിശ്രണമാണ് മന്നത്തിന്റെ ഇന്റീരിയർ. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഷാൻലിയറുകളും എംഎഫ് ഹുസൈന്റെ വിഖ്യാത ചിത്രങ്ങളും ഇന്റീരിയർ അലങ്കരിക്കുന്നു. ഇറ്റാലിയൻ മാർബിളുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്.
മന്നത്തിന്റെ ഒരുനില മുഴുവൻ കുട്ടികൾക്കായി മാറ്റിവച്ചിരിക്കുകയാണ് കിങ് ഖാൻ. അബ്രാമിന്റെ കളിസ്ഥലവും സുഹാനയ്ക്കും ആര്യനും പഠിക്കാനുള്ള സൗകര്യങ്ങളും വിശാലമായ ലൈബ്രറിയും ഇവിടെ ഒരുക്കിയിരിക്കുന്നു. ഷാറൂഖിന്റെ സ്റ്റുഡിയോയും, ഓഫിസും വീട്ടിൽതന്നെ ഒരുക്കിയിരിക്കുന്നു. ആഡംബരം നിറയുന്ന അകത്തളങ്ങളും വിശാലമായ ഉദ്യാനവുമാണ് മന്നത്തിന്റെ മറ്റൊരു സവിശേഷത.
ലോകത്തിന്റെ പല ഭാഗങ്ങളിലും വീടുകൾ ഉണ്ടെങ്കിലും ഷാറുഖിന് പ്രിയം മന്നത്തിനോടാണ്. 'ഈശ്വരനോടുള്ള പ്രതിജ്ഞ' എന്നാണു മന്നത്ത് എന്ന വാക്കിന്റെ അർഥം. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേരുമ്പോൾ മന്നത്ത് ശരിക്കും സ്വർഗമായി മാറുന്നു.