Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂരജേട്ടന്റെ വീട്ടുവിശേഷങ്ങൾ

vivek-gopan മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... ചിത്രങ്ങൾക്ക് കടപ്പാട്-സമൂഹമാധ്യമം

തിരുവനന്തപുരം വഞ്ചിയൂരാണ് തറവാട്. അച്ഛൻ ഗോപകുമാർ ലാബ് ടെക്‌നീഷ്യനായിരുന്നു. അമ്മ മംഗളാദേവി ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മരിച്ചു. അമ്മയില്ലാത്തതിന്റെ വിഷമം അറിയിക്കാതെ പിന്നെയങ്ങോട്ട് ഒപ്പം നിന്നത് സുഹൃത്തുക്കളാണ്. ഓടിട്ട ഒരു സാധാരണ ഒരുനില വീടായിരുന്നു ഞങ്ങളുടേത്. സ്‌കൂൾ വിട്ടുവന്നാൽ ഏതുനേരവും പത്തു കൂട്ടുകാർ എങ്കിലും കൂടെകാണും. ഞങ്ങൾ ഒരുമിച്ച് സംസാരിച്ചിരുന്ന ഇടങ്ങളായിരുന്നു ആ വീട്ടിലെ പ്രിയ ഇടങ്ങൾ...

അയൽപ്പക്കത്തെ വീട്ടിലുള്ളവർ അവധിക്ക് നാട്ടിൽ എത്തുമ്പോൾ അവരുടെ മക്കളും ഞങ്ങളുടെ ഒപ്പം കൂടും. പിന്നെ കളിയും ചിരിയും രാത്രി വരെ നീളും. ക്രിക്കറ്റായിരുന്നു ഞങ്ങളുടെ പ്രിയ വിനോദം. ഞാൻ അണ്ടർ 19 കേരള ടീമിൽ കളിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞു ഒരു ഫാർമ കമ്പനിയിൽ മെഡിക്കൽ റെപ്പായി ജോലിക്ക് കയറി. ആയിടയ്ക്ക് പ്രിയദർശൻ സാറിന്റെ ടീമിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. അതുവഴിയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് മിനിസ്ക്രീനിലേക്കെത്തി. അത് ക്ലിക്കായി...

കുടുംബം...

vivek-family കുടുംബം (ഫയൽചിത്രം)

ശാസ്തമംഗലത്ത് ഒരു വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഭാര്യ സുമി വീട്ടമ്മയാണ്. ഞങ്ങൾക്കൊരു മകൻ സിദ്ധാർഥ് എട്ടാം ക്‌ളാസിൽ പഠിക്കുന്നു. ഞാൻ കൂടുതലും ഷൂട്ടുമായി ബന്ധപ്പെട്ട യാത്രകളിലായതിനാൽ ഭാര്യയാണ് ഹോം ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യുന്നത്. എനിക്കൊരു സഹോദരിയുണ്ട്, ദേവിക. ഇപ്പോൾ കുടുംബമായി തിരുവനന്തപുരത്ത് താമസിക്കുന്നു.

ക്യാമറയ്ക്ക് മുന്നിലെ കുടുംബം...

വർഷങ്ങൾ ഒരു സീരിയലിന്റെ ഭാഗമാകുമ്പോൾ ആ സീരിയലിലെ സഹകഥാപാത്രങ്ങളും താമസിക്കുന്ന വീടുകളും നമുക്ക് സ്വന്തം വീടു പോലെ തോന്നാറുണ്ട്. ഒരു സീരിയൽ അവസാനിച്ച് ആ സെറ്റിനോടും വീടിനോടും യാത്ര പറയുമ്പോഴും ഒരു വേദന അനുഭവപ്പെടാറുണ്ട്.

സ്വപ്നമാണ് സ്വന്തമായി ഒരു വീട്...

vivek-gopan-artist

ഏതൊരു മലയാളിയെയും പോലെ സ്വന്തമായി ഒരു വീട് എന്റെയും സ്വപ്നമാണ്. കൂട്ടുകാരുടെ ഒക്കെ വീടുകൾ കണ്ടു ചില ഇഷ്ടങ്ങൾ മനസ്സിൽ കൂടിയിട്ടുണ്ട്. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, ഒത്തുചേരാൻ ധാരാളം ഇടങ്ങളുള്ള വീടാണ് ഞങ്ങളുടെ സ്വപ്നം. നല്ല ഭൂമിക്കായുള്ള അന്വേഷണങ്ങൾ തകൃതിയായി നടക്കുന്നു. ഫ്ളാറ്റിനോടും ഇഷ്ടമുണ്ട്. നമ്മുടെ കീശയ്ക്ക് പറ്റിയ വീടോ ഫ്ലാറ്റോ ഒത്തുവന്നാൽ മേടിക്കാനാണ് പ്ലാൻ.