ഇത് എന്റെ ഭാഗ്യവീട്, കാരണം..: ബിബിൻ ജോർജ്

കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിബിൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു തെളിയിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടു തിരക്കഥ എഴുതി തുടങ്ങിയ ഇരുവരും ഒരുപാട് തിരസ്കാരങ്ങൾക്ക് ശേഷം ആ സ്വപ്‍നം നേടിയെടുത്തു.കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ വിഷ്ണു ആദ്യം നായകനായി. ഒരു പഴയ ബോംബ് കഥയിലൂടെ ബിബിനും തൊട്ടു പിന്നാലെ നായകവേഷം ലഭിച്ചു. ബിബിൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കുടുംബം... 

കൊച്ചിയാണ് സ്വദേശം. അപ്പച്ചൻ വിൻസന്റ് കൽപ്പണിക്കാരനായിരുന്നു. അമ്മ ലിസി വീട്ടമ്മയും. രണ്ടു സഹോദരിമാർ- റിൻസിയും ലിൻസിയും. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ശരാശരിയിലും താഴെ സാമ്പത്തികമുള്ള കുടുംബമായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനും പെങ്ങന്മാരെ കെട്ടിക്കാനും അപ്പച്ചൻ കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. കൊച്ചിയിലെ വിവിധ ഇടങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണ് ഇതുവരെയുള്ള ജീവിതം.  

പതിവായ വീടുമാറ്റങ്ങൾ...

കാക്കനാടായിരുന്നു അപ്പച്ചന്റെ കുടുംബവീട്. വാർക്കപ്പണികൾ കോൺട്രാക്ട് ചെയ്യുന്ന പണിയും ചെറിയ തോതിൽ ഉണ്ടായിരുന്നു. പെയിന്റ് പണിക്കു പോകുന്നവർക്ക് സ്വന്തം വീട് പലപ്പോഴും പെയിന്റ് ചെയ്യാൻ കഴിയാറില്ല. അതുപോലെയാണ് അപ്പച്ചന്റെ വീടിന്റെ കാര്യവും...ഞാനത് ഇടയ്ക്ക് കോമഡി കലർത്തി പറയാറുണ്ട്.  പണ്ട് ആ സമീപ പ്രദേശങ്ങളിലെ വീടുകൾ മിക്കതും പണിതു കൊടുത്തത് അപ്പച്ചനാണ്. പക്ഷേ അപ്പോഴും സ്വന്തം വീട് അപൂർണമായി കിടന്നു!

കുറച്ചു വർഷങ്ങൾ കഴിഞ്ഞു, പെങ്ങന്മാരെ കെട്ടിക്കാൻ ആ വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നീട് ഞങ്ങൾ ഇടയക്കുന്നം എന്ന സ്ഥലത്ത് നാലര സെന്റും പഴയ വീടും വാങ്ങി. കുറെ കാലം അവിടെയായിരുന്നു ജീവിതം. അപ്പൻ മരിക്കുന്നത് അവിടെ വച്ചാണ്. ആ ശൂന്യത ഉൾക്കൊള്ളാനായില്ല. അപ്പനില്ലാത്ത ആ വീടും ഞങ്ങൾ വിറ്റു. നീർക്കോട് എന്ന സ്ഥലത്ത് മൂന്ന് സെന്റും വീടും മേടിച്ചു. 

ഭാഗ്യവീട്...

എന്നെ സംബന്ധിച്ച് രാശിയുള്ള വീടാണ് ഇപ്പോൾ താമസിക്കുന്ന വീട്. 850 ചതുരശ്രയടി മാത്രമുള്ള വാർക്കവീടാണ്. മൂന്ന് മുറികളെ ഉള്ളൂ. എങ്കിലും ഓപ്പൺ ശൈലിയിൽ ഒരുക്കിയത് കൊണ്ട് ഉള്ളിൽ ഞെരുക്കം  അനുഭവപ്പെടില്ല. ചില ചെപ്പടിവിദ്യകളൊക്കെ ഞാൻ ഭിത്തികളിൽ ചെയ്തുവച്ചിട്ടുണ്ട്. ഓരോ മുറികളിലും ഓരോ നിറത്തിലുള്ള വോൾ സ്റ്റിക്കറുകൾ ഒട്ടിച്ചു.


ഇവിടെ വന്നതിനുശേഷമാണ് എനിക്ക് സിനിമയിൽ അവസരം കിട്ടുന്നത്, തിരക്കഥാകൃത്താകുന്നത്, നായകനാകുന്നത്. അതുകൊണ്ടൊക്കെ ഒരു പൊസിറ്റീവ് എനർജി, ഇവിടെ ഇരിക്കുമ്പോൾ തോന്നാറുണ്ട്. അടുത്തിടെയായിരുന്നു വിവാഹം. ഭാര്യ ഫിലോമിന രേഷ്മ എംഎ വിദ്യാർഥിനിയാണ്.

സ്വപ്നവീട്...

ദുൽഖർ നായകനാകുന്ന ഒരു എമണ്ടൻ പ്രണയകഥയുടെ തിരക്കുകളിലാണ് ഇപ്പോൾ. സിനിമയുടെ കഥപറയാൻ ദുൽഖറിനെ കാണാൻ മമ്മൂക്കയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ പോയിട്ടുണ്ട്. ആ വീട് ഒരുപാടിഷ്ടമായി. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ചു വന്നതുകൊണ്ട് ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് ലഭിച്ചു. ഞാൻ ജീവിതത്തിൽ ഒരു കാർ മേടിക്കും എന്നു കരുതിയതല്ല..പക്ഷേ കട്ടപ്പനയിലെ ഋതിക് റോഷൻ കഴിഞ്ഞപ്പോൾ കാറെടുത്തു. കടങ്ങൾ എല്ലാം വീട്ടി സ്വന്തമായി ഒരു വീട്ടിൽ താമസിക്കാൻ കഴിയുമെന്ന് വിചാരിച്ചതല്ല..അതും നടന്നു...അതുപോലെ മറ്റൊരു വീട് വിധിച്ചിട്ടുണ്ടെങ്കിൽ സമയമാകുമ്പോൾ തേടിവരട്ടെ...