Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പൃഥ്വിരാജ് ജനിച്ച വർഷമായിരുന്നു ആ ഗൃഹപ്രവേശം'...

സ്വപ്നവീട് പുതിയ എപ്പിസോഡ് മല്ലിക സുകുമാരന്റെ വീടിന്റെ കാഴ്ചകളും വിശേഷങ്ങളുമാണ്. അതിനു മുന്നോടിയായി മല്ലിക സുകുമാരൻ തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു.

ഒരുപാട് വീടുകൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമകൾ പറഞ്ഞാൽ ഒരു പുസ്തകമാക്കാൻ ഉള്ളത്രയും ഉണ്ടാകും. ഹരിപ്പാടായിരുന്നു എന്റെ അമ്മ വീട്. കോട്ടയ്ക്കകം എന്നായിരുന്നു തറവാടിന്റെ പേര്. പെരുന്നയിലുള്ള  കൈനിക്കര എന്ന പ്രശസ്തമായ തറവാടായിരുന്നു അച്ഛന്റേത്. ബാല്യത്തിലെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന വീടുകളാണ് ഇത് രണ്ടും. 

അച്ഛൻ തിരുവനന്തപുരത്ത് സർവകലാശാല ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങൾ നാലു മക്കളാണ്. മൂന്ന് പെൺകുട്ടികളും മൂത്ത സഹോദരനും. ഞാനാണ് ഏറ്റവും ഇളയത്. അച്ഛനുമമ്മയും വഴുതക്കാടുള്ള ഒരു വാടകവീട്ടിൽ താമസിക്കുമ്പോഴാണ് ഞാൻ ജനിച്ചത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ക്ലബ് മൗണ്ട് എന്നായിരുന്നു ആ വീടിന്റെ പേര്. സ്‌കൂളിൽ പോകാൻ തുടങ്ങിയ കാലം മുതലുള്ള ഓർമകൾ തുടങ്ങുന്നത് വഴുതക്കാട് മോഡൽ സ്‌കൂളിനടുത്തുള്ള ആ വീട്ടിൽ നിന്നാണ്.  

പിന്നീട് അച്ഛൻ പൂജപ്പുര സ്വന്തമായി ഒരു വീട് വച്ചു. എന്റെ കൗമാരകാലം മുഴുവൻ ഞാൻ അവിടെയാണ് ചെലവഴിച്ചത്. സഹോദരങ്ങൾ വിവാഹം കഴിച്ചു പോയി. ഞാൻ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷമാണു ജീവിതത്തിലെ വഴിത്തിരിവ്. ഞാൻ സിനിമയിൽ സജീവമാകാൻ മദ്രാസിലെത്തി. അന്ന് മദ്രാസാണ് മലയാളസിനിമയുടെ തലസ്ഥാനം. അവിടെ വച്ച് സുകുമാരൻ എന്ന നടനെ കണ്ടുമുട്ടുന്നു. ഞങ്ങൾ വിവാഹം കഴിക്കുന്നു. ഒന്നുരണ്ടു വർഷത്തിനകം ഞങ്ങൾ അശോക് നഗറിൽ ഒരു വലിയ മൂന്നുനില വീട് മേടിച്ചു. അന്ന് വളരെ ചെറിയ തുകയെ അതിനായുള്ളൂ..പൃഥ്വിരാജ് ജനിച്ച വർഷമായിരുന്നു ആ വീട്ടിലേക്കുള്ള ഗൃഹപ്രവേശം. ഇപ്പോൾ അവിടെ ഒരു വീട് മേടിക്കണമെങ്കിൽ കണ്ണുപൊട്ടിപ്പോകുന്ന വിലയാണ്!  ഇന്ദ്രന്റെയും പൃഥ്വിയുടെയും ബാല്യം കൂടുതലും അവിടെയാണ് ചെലവഴിച്ചത്. 

പിന്നീട് ഞാൻ ഇരകൾ എന്നൊരു സിനിമ നിർമിച്ചു. അതിന്റെ പ്രൊഡക്‌ഷനും മറ്റുമായി തിരുവനന്തപുരത്തേക്ക് പലതവണ വരേണ്ട ആവശ്യമുണ്ടായി. കൊച്ചുകുട്ടികളെയും കൊണ്ടുള്ള യാത്ര വിഷമമായപ്പോഴാണ് തിരുവനന്തപുരത്ത് ഒരു വീട് മേടിക്കാം എന്ന ചിന്ത ഉണ്ടായത്. അങ്ങനെ കുഞ്ചാലുംമൂട്ടിൽ ഞങ്ങൾ ഒരു വീട് മേടിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസൻ സാറാണ് ആ വീടിനു പേരിട്ടത്. സുകുമാരനും മല്ലികയും മേടിച്ച വീടിനു അദ്ദേഹം 'സുമം' എന്ന് പേരുനൽകി.

prithviraj-old-photo ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

ജീവിതത്തെക്കുറിച്ച് വളരെ ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സുകുമാരൻ ചേട്ടൻ. സിനിമയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം അദ്ദേഹം ബുദ്ധിപരമായി വിനിയോഗിച്ചു. കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്റെ പേരിൽ ഊട്ടിയിൽ ഒരു ഫ്ലാറ്റ് മേടിച്ചു. അതിന്റെ ബാൽക്കണിയിൽ നിന്നാൽ താഴെ കുതിരപ്പന്തയത്തിന്റെ ഗ്രൗണ്ടും ദൂരെ പച്ചപ്പും മലനിരകളുമൊക്കെ കാണാമായിരുന്നു. അങ്ങനെ അത് ഞങ്ങളുടെ അവധിക്കാലവസതിയായി. അവിടെ അവധിക്കാലം ചെലവിടാൻ പൃഥ്വിക്കും ഇന്ദ്രനും ബഹുസന്തോഷമായിരുന്നു.

before-after-mallika ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

ആ സമയത്ത് ഊട്ടിയിൽ നിരവധി മലയാളസിനിമകൾ ചിത്രീകരിച്ചിരുന്നു. മോഹൻലാൽ കുട്ടിക്കാലം മുതൽ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. ദശരഥം എന്ന സിനിമ ഊട്ടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് വൈകുന്നേരങ്ങളിൽ ലാലും മറ്റു സുഹൃത്തുക്കളും ഞങ്ങളുടെ ഫ്ലാറ്റിൽ കൂടുമായിരുന്നു. അങ്ങനെ ഒരുപാട് നിറമുള്ള ഓർമകളാണ് ഊട്ടിയിലെ ആ ഫ്ലാറ്റും സമ്മാനിച്ചിട്ടുള്ളത്. പിന്നീട് ഞങ്ങൾ മൂന്നാർ കാന്തല്ലൂർ ഭാഗത്ത് കുറച്ച് ഭൂമി മേടിച്ചു. അവിടെയുണ്ടായിരുന്ന ചെറിയ ഫാംഹൗസ് ഒന്നു മിനുക്കിയെടുത്തു. അങ്ങനെ കേരളത്തിലും ഞങ്ങൾക്ക് ഒരവധിക്കാല വസതിയായി.

ഇനിയാണ് അടുത്ത വഴിത്തിരിവ്. കുട്ടികൾ അഞ്ചാം ക്‌ളാസിലെത്തിയപ്പോൾ ഞങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തി. ഇരുവരും സൈനിക് സ്‌കൂളിൽ ചേർന്നു. പിന്നീട് മക്കൾ വളരുന്നു. സുകുവേട്ടൻ സിനിമയുടെ തിരക്കിലാണ്. ഇന്ദ്രൻ എൻജിനീയറിങ്ങിനു ചേർന്നു. പൃഥ്വി പത്തിൽ പഠിക്കുന്നു. ആ സമയത്താണ് സുകുവേട്ടന്റെ അകാലനിര്യാണം. അതോടെ അമ്മ എന്ന നിലയിലുളള ഉത്തരവാദിത്തങ്ങൾ വർധിച്ചു. മക്കൾ നന്നായി ലോകം അറിഞ്ഞു വളരണമെന്ന് സുകുവേട്ടന് നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതൽ പുസ്തങ്ങളുമായി കൂട്ടുകൂടാൻ ഇന്ദ്രനെയും പൃഥ്വിയെയും സുകുവേട്ടൻ പ്രേരിപ്പിച്ചു. തിരുവനന്തപുരത്തുള്ള ഞങ്ങളുടെ വീടിന്റെ മുകളിലെ നില മുഴുവൻ ഒരു ലൈബ്രറിയാക്കി മാറ്റിയിരുന്നു. പൃഥ്വിയും ഇന്ദ്രനും ഇന്ന് ആധികാരികമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് ചെറുപ്പം മുതൽ അവർക്കു ലഭിച്ച ശിക്ഷണത്തിന്റെ ഫലമാണ്.

poornima-mallika ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

പിന്നീട് ഇരുവരും സിനിമയിൽ സജീവമായി. ഇതിനിടയ്ക്ക് മക്കൾക്ക് പലയിടത്തുമുള്ള വീടുകൾ നോക്കിനടത്താനുള്ള ബുദ്ധിമുട്ട് കാരണം മദ്രാസിലെയും ഊട്ടിയിലെയും വീടുകൾ വിറ്റു. ആ പണം കൊണ്ട് ഞാൻ തേവര ഒരു വാട്ടർഫ്രണ്ട് അപാർട്മെന്റ് വാങ്ങി. കൊച്ചിയിൽ ഷൂട്ടിനും മറ്റും പോകുമ്പോൾ അതും എന്റെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ്. 

അപ്പോഴേക്കും സിനിമ തലസ്ഥാനം കൊച്ചിയിലേക്ക് മാറിയിരുന്നു. അങ്ങനെ പൃഥ്വി കടവന്തറയിൽ ആദ്യമായി ഒരു ചെറിയ ഫ്ലാറ്റ് മേടിച്ചു. പിന്നീട് ഇന്ദ്രജിത് മരടിൽ ഒരു വീട് മേടിച്ചു. ഇരുവർക്കും കുടുംബമായി. കൊച്ചിയിൽ സെറ്റിൽ ചെയ്തു. പ്രാരാബ്ധങ്ങളുടെ പിറകെയുള്ള ഓട്ടമായി. അതോടെ ഒരമ്മ എന്ന നിലയിലുളള എന്റെ ഉത്തരവാദിത്തങ്ങൾ ഒതുങ്ങി. ഇനി സ്വസ്ഥമായി വിശ്രമിക്കണം എന്നുതോന്നി.

അപ്പോഴേക്കും ഞങ്ങൾ കുഞ്ചാലുംമൂട്ടിൽ മേടിച്ച വീട് വിറ്റിരുന്നു. പകരം പാങ്ങോടിനടുത്ത് കുറച്ച് ഭൂമി മേടിച്ചു ഞാനൊരു വീട് വച്ചു. അതാണ് ഇപ്പോഴത്തെ എന്റെ വിശ്രമകാല വസതിയായ പ്രാർഥന എന്ന വീട്. വീട് ഓർമകളെ കുറിച്ച് സംസാരിക്കുമ്പോൾതന്നെ ഒരുപാട് കാലം പിറകിലേക്ക് പോയി ഞാൻ ചെറുപ്പമായ ഒരനുഭൂതിയാണ്...

മല്ലിക സുകുമാരന്റെ പ്രാർഥന എന്ന വീടിന്റെ വിശേഷങ്ങൾ പുതിയലക്കം സ്വപ്നവീടിൽ കാണാം. കാത്തിരിക്കൂ...