മല്ലികയുടെ വീട്, ഇന്ദ്രന്റെയും പൃഥ്വിയുടെയും

മല്ലിക സുകുമാരൻ എന്ന സ്ത്രീക്ക് വിശേഷണങ്ങൾ പലതുണ്ട്. മലയാളസിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം അവർ പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും സംരംഭകയുമാണ്. ഒരുപാട് വീടുകളും അതിന്റെ ഓർമകളും മല്ലികയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. മല്ലിക ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ പാങ്ങോടിനടുത്ത് കുണ്ടമൺഭാഗം എന്ന സ്ഥലത്ത് പണികഴിപ്പിച്ച പ്രാർഥന എന്ന വീട്ടിലാണ്. ഇക്കഴിഞ്ഞ ജലപ്രളയത്തിൽ വീട്ടിൽ ചെറുതായി വെള്ളം കയറിയിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് വീട് തലയുയർത്തി നിലകൊള്ളുന്നു.

'നഗരത്തിനു സമീപംതന്നെ എന്നാൽ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ശാന്തമായ ഒരു പ്രദേശത്താണ് വീട്. കുറച്ചു മുറ്റവും പച്ചപ്പും ഒക്കെയുള്ള സ്ഥലത്തു വേണം വിശ്രമജീവിതം നയിക്കാൻ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ സ്ഥലം കണ്ടെത്തിയത്. ഐയ്യർ & മഹേഷ് ആർക്കിടെക്‌സാണ് എന്റെ ആഗ്രഹത്തിന് അനുസരിച്ച് ഈ വീട് പണിതുനൽകിയത്. പൃഥ്വിയും ഇന്ദ്രനും പറയാറുണ്ട് അമ്മയുടെ വീട്ടിൽ വന്നു ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം മറ്റൊരിടത്തും കിട്ടില്ല എന്ന്. ഒരു കാടിനകത്ത് താമസിക്കുന്ന സ്വച്ഛതയും ശാന്തതയും ഇവിടെയുണ്ട്'. മല്ലിക പറയുന്നു.

സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയാണ് പുറംഭിത്തികൾക്ക് നൽകിയത്. മുൻവശത്ത് രണ്ടു കാർ പോർച്ചുകൾ നൽകിയിട്ടുണ്ട്. ചെറിയ മുറ്റം നാച്വറൽ സ്റ്റോണും പുല്ലും വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും അകത്തേക്ക് വിരുന്നെത്താൻ നൽകിയ ഇടങ്ങളാണ് പ്രധാന ആകർഷണം. പോർച്ച് കടന്നു അകത്തേക്ക് കയറുമ്പോൾ വശത്തായി പ്രാർഥന എന്ന പേര് കാണാം. ഇന്ദ്രജിത്തിന്റെ മൂത്ത മകളുടെ പേരാണ് മല്ലിക വീടിനിട്ടത്.

അകത്തേക്ക് കയറുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് സുകുമാരൻ എന്ന അനശ്വരനടന്റെ വലിയ ഒരു ചിത്രത്തിലേക്കാണ്. സമീപം ഭഗവാൻ കൃഷ്ണന്റെ ഒരു വിഗ്രഹം കാണാം. സമീപത്തെ ഷെൽഫിൽ പൃഥ്വിരാജിന്റെ ഒരു ഫോട്ടോ, പിന്നെ കുറച്ച് പുരസ്‌കാരങ്ങൾ എന്നിവ വച്ചിരിക്കുന്നു.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഈ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

വശത്തായി സ്വീകരണമുറിയാണ്. അവിടെയും ആദ്യം കാഴ്ച പതിയുന്നത് ഭിത്തിയിൽ വച്ചിരിക്കുന്ന കുടുംബചിത്രത്തിലേക്കാണ്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത തോന്നിക്കുന്നു. ഹാളിന്റെ മറുവശത്തായി ഫാമിലി ലിവിങ് സ്‌പേസ് കാണാം. ഇവിടെ നിന്നും പിൻവശത്തെ മുറ്റത്തേക്ക് ഇറങ്ങാനുള്ള വാതിലാണ്. ഇത് തുറന്നിട്ടാൽ വീടിനകത്തേക്ക് കാറ്റ് ഒഴുകിയെത്തും. അത്യാവശ്യം മരങ്ങളും ചെടികളും ഈ ഭാഗത്തെ മുറ്റത്ത് നൽകിയിട്ടുണ്ട്.

നടുമുറ്റമാണ് വീട്ടിൽ ഒരു ശ്രദ്ധാകേന്ദ്രം. ഇതിനു താഴെയായി വാട്ടർ ബോഡി വരുന്ന വിധമാണ് ക്രമീകരണം. റൂഫിൽ സ്‌കൈലൈറ്റ് നൽകി വെളിച്ചത്തെ അകത്തേക്ക് ആനയിക്കുന്നു. പകൽ സമയങ്ങളിൽ വീടിനകത്ത് ലൈറ്റ് ഇടേണ്ട കാര്യമില്ല. 

നടുമുറ്റത്തെ ആമ്പൽക്കുളത്തിൽ കുറച്ച് അലങ്കാര മൽസ്യങ്ങൾ ഉണ്ടായിരുന്നു. പ്രളയത്തെ തുടർന്ന് വെള്ളം കയറിയപ്പോൾ മറ്റൊരു വീട്ടിലേക്ക് മാറ്റി. കുളം വറ്റിച്ചു. ഇനി സാവകാശം തിരിച്ചു കൊണ്ടിടണം. മല്ലിക പറയുന്നു. 

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപമാണ് പൂജാമുറി. ബിൽറ്റ് ഇൻ ശൈലിയിലാണ് പൂജാമുറി ഒരുക്കിയത്. ഇതിനു സമീപമുള്ള ഷെൽഫിലും പുരസ്‌കാരങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

താഴെയാണ് മല്ലികയുടെ കിടപ്പുമുറി. സമീപം ഒരു ഗസ്റ്റ് ബെഡ്‌റൂമും നൽകി. മുകളിലാണ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും കിടപ്പുമുറികൾ.

ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

'മക്കൾ വരുമ്പോൾ മാത്രമാണ് അത് ഉപയോഗിക്കാറുള്ളത്. ആഴ്ചയിൽ ഒരു ദിവസം മുറി തുറന്നു വൃത്തിയാക്കും. രണ്ടു അടുക്കളയുണ്ട് വീട്ടിൽ. ഒന്ന് വീട്ടുസഹായത്തിനു നിൽക്കുന്ന സ്ത്രീയുടെ സൗകര്യത്തിന് പെരുമാറാൻ കഴിയുന്ന പരമ്പരാഗത അടുക്കള. സമീപം ആധുനിക സൗകര്യങ്ങൾ നൽകി മോഡുലാർ കിച്ചനും ഒരുക്കിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

വഴുതക്കാടുണ്ടായിരുന്ന വീട് കൊടുത്തതിനു ശേഷമാണു ഈ സ്ഥലം മേടിച്ചു വീട് വയ്ക്കുന്നത്. സുകുവേട്ടൻ എനിക്ക് ആദ്യം വാങ്ങിച്ചു നൽകിയ വീടിനെ പ്രതിനിധീകരിക്കുന്ന ഒരു വീടാണ് ഇത്. അതുകൊണ്ടുതന്നെ മാനസികമായി ഒരുപാട് സന്തോഷം, പോസിറ്റീവ് എനർജി ലഭിക്കുന്ന വീടാണിത്. സുകുവേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട് എന്ന് ഓരോനിമിഷവും ഈ ചിത്രങ്ങൾ എന്നെ ധൈര്യപ്പെടുത്തുന്നു'. മല്ലിക പറയുന്നു. 

ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

ഇന്ദ്രജിത് പുതിയ സിനിമകളുടെ തിരക്കിലാണ്. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞതിന്റെ ത്രില്ലിലും. പൃഥ്വി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ നല്ലൊരുഭാഗം ചിത്രീകരണം തിരുവനന്തപുരത്തായിരുന്നു. സമയം കിട്ടുമ്പോൾ രണ്ടുപേരും കുടുംബമായി 'പ്രാർഥന'യിലേക്ക് ഓടിയെത്തുന്നു. അടുത്ത ഒത്തുചേരലിന്റെ സന്തോഷങ്ങൾക്കായി പ്രാർഥന കാത്തിരിക്കുന്നു..ഒപ്പം മല്ലികയും...