എറണാകുളം കോതമംഗലമാണ് എന്റെ സ്വദേശം. പപ്പ ജോർജ്, അമ്മ സാലി. എനിക്കൊരു ചേച്ചി ദോഷി... എന്റെ ഇതുവരെയുള്ള ജീവിതത്തിൽ പ്രധാനമായും നാലു വീടുകളാണ് കടന്നുവന്നിട്ടുള്ളത്. ഒന്ന് ഞാൻ ജനിച്ച കോതമംഗലത്തുള്ള വീട്. രണ്ട് പാലാരിവട്ടത്ത് ഞാൻ സ്വന്തമായി വച്ച വീട്, മൂന്ന് റിങ്കുവിന്റെ പാലായിലുള്ള തറവാട്, നാല് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള വീട്.
കരിയർ..
സ്‌കൂൾ കാലഘട്ടത്തിലേ ഞാൻ അഭിനയരംഗത്തേക്കെത്തി. ആറാം ക്‌ളാസിൽ പഠിക്കുമ്പോളാണ് ആദ്യ സീരിയൽ ചെയ്തത്. എട്ടാം ക്‌ളാസിൽ ആദ്യ സിനിമ അച്ഛനുറങ്ങാത്ത വീട് ചെയ്തു.
പതിനെട്ടു വയസ്സിൽ സ്വന്തം വീട്...
എന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. സിനിമയിൽ നിന്നും കിട്ടിയ സമ്പാദ്യം കൊണ്ട് 2009 ൽ ഞാൻ പാലാരിവട്ടത്ത് ഒരു വീട് മേടിച്ചു.
നാലു കിടപ്പുമുറികളുള്ള ഒരു ചെറിയ വീട്. അപ്പോൾ മനസ്സിൽ തോന്നിയ സന്തോഷം അളവറ്റതായിരുന്നു. ഇപ്പോൾ അമ്മയാണ് അവിടെ താമസിക്കുന്നത്. ഞാൻ ഒരു ചെറിയ ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. അതും അവിടെയാണ്. മറ്റു വീടുകളേക്കാൾ മാനസികമായ അടുപ്പം കൂടുതൽ ഉള്ളതും പാലാരിവട്ടം വീടിനോടുതന്നെ.
കുടുംബം...
റിമി ചേച്ചിയുമൊത്തുള്ള സ്റ്റേജ് ഷോകളിൽ വച്ചാണ് ഞാനും റിമിചേച്ചിയുടെ സഹോദരൻ റിങ്കുവും തമ്മിൽ പരിചയമാകുന്നത്. പിന്നീട് ഇരുകുടുംബങ്ങളും ആലോചിച്ച് വിവാഹം കഴിച്ചു. 2015 ലായിരുന്നു വിവാഹം. ഞങ്ങൾക്കൊരു മകൾ. പേര് കിയാര. കണ്മണി എന്നുവിളിക്കും. ഇപ്പോൾ രണ്ടര വയസ്സായി. കക്ഷിയാണ് വീട്ടിലെ താരം.
റിങ്കുവിന്റെ തറവാട്..
പാലയാണ് റിങ്കുവിന്റെയും റിമിചേച്ചിയുടെയും തറവാട്. ഭയങ്കര ഭാഗ്യമുള്ള വീടാണ് എന്നാണ് റിമിചേച്ചി പറയുന്നത്. ചേച്ചിക്ക് കരിയറിൽ അവസരങ്ങൾ വന്നത് കൂടുതലും ആ വീട്ടിൽ വച്ചായിരുന്നത്രേ. ഇപ്പോൾ തറവാട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. പപ്പ മരിച്ച ശേഷം മമ്മി ഞങ്ങളോടൊപ്പം കൊച്ചിയിലേക്ക് ചേക്കേറി. തറവാടിനടുത്ത് കുറച്ച് കെട്ടിടങ്ങളുണ്ട്. അതും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ബന്ധുക്കളൊക്കെ പാലായിലാണ്. എന്തെങ്കിലും വിശേഷമുള്ളപ്പോൾ ഞങ്ങൾ പാലായിൽ ഒത്തുകൂടും.
പുതിയ വീട്...
ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിനു പിന്നിലായാണ് ഇപ്പോൾ താമസിക്കുന്ന വീട്. റിമി ചേച്ചിയാണ് ആദ്യം ഇവിടേക്ക് ചേക്കേറി വീട് വച്ചത്. മമ്മിയും റിമിചേച്ചിയും ഭയങ്കര ക്ളോസാണ്. പിന്നീട് അതിനടുത്തുള്ള സ്ഥലം ഞങ്ങൾ വാങ്ങി വീട് വയ്ക്കുകയായിരുന്നു. അങ്ങനെ കുടുംബം എല്ലാം അടുത്തടുത്തു തന്നെയുണ്ട്. 2000 ചതുരശ്രയടിയുള്ള വീടാണ്. നാലു കിടപ്പുമുറികളുണ്ട്. ഇന്റീരിയർ മിനിമൽ ശൈലിയിലാണ് ചെയ്തിരിക്കുന്നത്. അധികം ആഡംബരങ്ങൾ ഒന്നും കുത്തിനിറച്ചിട്ടില്ല. എവിടെപ്പോയാലും തിരികെ നമ്മുടെ വീട്ടിലേക്ക് എത്തുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നുവേറെതന്നെയാണ്.