Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ഞാനും പണിതു, 'ഉയരം' കുറഞ്ഞ വീട്: സൂരജ്

sooraj-home

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ്  തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്. പ്രായം ഇരുപത്തിമൂന്ന് ആയെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്നു സൂരജ് പുഞ്ചിരിയോടെ പറയുന്നു. സൂരജിന്റെ വീട്ടുവിശേഷങ്ങളിലേക്ക്...

sooraj-thelakad-home

നാട് പെരിന്തൽമണ്ണയാണ്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. ഒരു ചേച്ചി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്.  അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്നം കൊണ്ടാണ് രണ്ടു മക്കൾക്കും വളർച്ച കുറഞ്ഞു പോയതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ 23 വയസ്സായി. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് 90 സെമീ പൊക്കമേ ഇല്ലായിരുന്നു. ഇപ്പോൾ 110 സെ.മീ ഉണ്ട്. ശാരീരിക പരിമിതിയാണെങ്കിലും എനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണ്.

'ഉയരം' കൂടിയ വീട്...

ഓടിട്ട ഒരുനില വീടായിരുന്നു അച്ഛന്റെ തറവാട്. പിന്നീട് ഭാഗം വച്ചപ്പോൾ തറവാടിന് സമീപം ഒരു വീട് വച്ചു ഞങ്ങൾ താമസം മാറി. അച്ഛന്റെ സഹോദരൻ തറവാട്ടിലും. സൗകര്യങ്ങൾ കൊണ്ട് ചെറിയ വീടായിരുന്നെങ്കിലും വീട്ടിലെഇടങ്ങളെല്ലാം എനിക്കും ചേച്ചിക്കും എത്തിപ്പിടിക്കാൻ ആകാത്തവിധം ഉയരത്തിലായിരുന്നു. ഞങ്ങൾക്ക് എളുപ്പം ഇടപഴകാവുന്ന ഒരു വീട് പണിയണമെന്ന് അന്ന് മുതലുള്ള ആഗ്രഹമായിരുന്നു.

sooraj-thelakad

സ്‌കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്തു തുടങ്ങിയിരുന്നു. നാട്ടിലുള്ള ഒരു പ്രാദേശിക ചാനലിൽ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

എനിക്കും ചേച്ചിക്കുമായി പണിത വീട്...

suraj-house

കാലപ്പഴക്കം മൂലം തറവാട് ദുർബലമായപ്പോൾ അച്ഛൻ ഞങ്ങൾ താമസിക്കുന്ന വീട് അമ്മാവന് കൊടുത്തു, എന്നിട്ട് ഞങ്ങൾ തറവാട് പൊളിച്ചു പുതിയ വീട് പണിതു. 1400 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. നാലു കിടപ്പുമുറികളുണ്ട്. 17 ലക്ഷം രൂപയ്ക്ക് പണി തീർത്തു. എന്റെയും ചേച്ചിയുടെയും സൗകര്യാർഥമാണ് പുതിയ വീട് പണിതിരിക്കുന്നത്. ഷെൽഫും കബോർഡുകളും സ്വിച്ചും കസേരകളുമെല്ലാം ഞങ്ങളുടെ നീളത്തിനു അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഊണുമേശയുടെ പൊക്കം കുറച്ചു. ഞങ്ങൾക്ക് കയറാൻ പാകത്തിന് ഗോവണിയുടെ പടികളുടെ ഉയരം കുറച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കയറിത്താമസം. അങ്ങനെ 'ഉയരം' കുറഞ്ഞ വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഞാനും ചേച്ചിയും..