'മറിമായം സുമേഷേട്ടൻ ആള് പുലിയാണ് കേട്ടാ'...

രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയും- അതാണ് മഴവിൽ മനോരമയിലെ ജനപ്രിയ ഹാസ്യപരമ്പരയായ മറിമായത്തിലെ സുമേഷ്. എന്നാൽ സുമേഷിനെ അവതരിപ്പിക്കുന്ന വി പി ഖാലിദ് ആളൊരു സകലകലാവല്ലഭൻ ആണെന്ന് പലർക്കും അറിയില്ല. ബിസിനസ്,  മാജിക്, ബ്രേക്ക് ഡാൻസ്, മേക്ക്അപ്, അഭിനയം, സംവിധാനം...ഖാലിദ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം.

ബാല്യം... 

വാപ്പ വി കെ പരീദ്, ഉമ്മ കുഞ്ഞിപ്പെണ്ണ്. വലിയകത്ത് എന്നായിരുന്നു വാപ്പയുടെ തറവാട്ടുപേര്. ഉമ്മയുടെ തറവാട് താണത്തുപറമ്പിൽ. രണ്ടും അക്കാലത്തു മലബാറിലുള്ള വലിയ തറവാടുകളായിരുന്നു. പിന്നെ ക്ഷയിച്ചു പോയി. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. എനിക്ക് അഞ്ചു സഹോദരങ്ങൾ ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ വാപ്പ ഫോർട്ട്കൊച്ചിയിൽ വന്നു താമസമാക്കി. കപ്പലിൽ എത്തുന്ന ചരക്കുകൾ കൈമാറുന്ന ബിസിനസായിരുന്നു. 

വാപ്പയ്ക്ക് അൽപം കലാപ്രവർത്തനമുണ്ടായിരുന്നു. അത് ചെറുപ്പത്തിൽ എനിക്കും കിട്ടി. ഫോർട്ട്കൊച്ചിയിൽ അക്കാലത്ത് ഡിസ്കോ ഡാൻസ് പ്രചാരത്തിലുണ്ടായിരുന്നു. അതിഷ്ടപ്പെട്ടു പഠിച്ചെടുത്തു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനാ‌യ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ നാടകം സംവിധാനം ചെയ്തു, അഭിനയിച്ചു. പിന്നീട് പ്രൊഫഷണൽ നാടകവേദിയിലേക്ക്. 1973ൽ പുറത്തിറങ്ങി‌യ പെരി‌യാറിലൂടെയാണ് വെള്ളിത്തിര‌യിലേക്കെത്തുന്നത്.

കലാകുടുംബം....

മകൻ കലാപ്രവർത്തനവുമായി കറങ്ങിനടന്നു നശിച്ചു പോകുമെന്ന് കണ്ടപ്പോൾ വാപ്പ എന്നെ സൗദി അറേബ്യയിലേക്ക് കയറ്റി അയച്ചു. പിന്നെ അവിടെ ഏഴ് വർഷം. തിരിച്ചു വന്നു വിവാഹം കഴിച്ചു. ഫോർട്ട്കൊച്ചിയിൽ വീട് വാങ്ങിച്ചു. കുറേക്കാലം അവിടെയായിരുന്നു ജീവിതം. 

ഞാൻ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. സഫിയ, ആരിഫ. അഞ്ചു മക്കൾ. ഷാജി ഖാലിദ്, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ഖാലിദ് റഹ്മാൻ, റഹ്മത്ത് എന്നിവർ രണ്ടാം ഭാര്യയിലും.

മൂത്ത മകൻ ഷാജി മരിച്ചു പോയി. ഷാജി ഛായാഗ്രാഹകനായിരുന്നു. പുള്ളിയാണ് സഹോദരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നത്.മലയാളസിനിമയ്ക്ക് ന്യൂജെൻ ഭാഷ്യം നൽകിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്.  ട്രാഫിക്, 22 ഫീമെയ്ൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾ... ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ഹിറ്റായി മാറിയ അനുരാഗകരിക്കിൻവെള്ളം എന്ന ചിത്രം. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി  ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ഇതിനു ക്യാമറ ചലിപ്പിക്കുന്നത് ഇളയമകൻ ജിംഷി ഖാലിദും.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഫോർട്ട്കൊച്ചിയിലെ വീടുവിറ്റു. പിന്നെ പള്ളുരുത്തിയിൽ വീട് വച്ചു. ഇളയമകൻ ഖാലിദ് റഹ്മാനൊപ്പമാണ് ഇപ്പോൾ താമസം. തൊട്ടടുത്തുതന്നെ ഷൈജു വീടു വച്ചിട്ടുണ്ട്. അങ്ങനെ മൂന്നു വീടുകൾ ഇപ്പോൾ സ്വന്തമെന്നു പറയാവുന്ന പോലെയുണ്ട്.

വഴിത്തിരിവായ മറിമായം...

മറിമായത്തിൽ മേക്കപ്പ് ആർട്ടിസ്‌റ്റായാണ് പോയത്. പക്ഷേ എന്റെ അഭിനയ പശ്‌ചാത്തലം അറിഞ്ഞ സംവിധായകൻ ഒരു വേഷം വച്ചുനീട്ടുകയായിരുന്നു- സുമേഷ്. അത് ഹിറ്റായി.

മറിമായം സെറ്റ് ഒരു കുടുംബം പോലെയാണ്. കൂട്ടത്തിൽ പ്രായത്തിൽ ഏറ്റവും മൂത്തത് ഞാനാണെങ്കിലും നമ്മൾ എല്ലാവരുമായി കമ്പനിയാണ്. ഇപ്പോൾ ചെറിയ ന്യൂജെൻ പിള്ളേർക്കു വരെ ഞാൻ സുമേഷ് ബ്രോ ആണ്. ഖാലിദ് ചിരിക്കുമ്പോൾ വീണ്ടും മറിമായത്തിലെ സുമേഷേട്ടനായി മാറുന്നു...