ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് എന്റെ ഓർമകൾ നാമ്പെടുക്കുന്നത്. അവിടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് വീട്. സമീപത്തുള്ള അമ്പലപ്പുഴ, പായിപ്പാട്, പള്ളിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബന്ധുക്കളുണ്ട്. കസിൻസ് എല്ലാവരും കൂടിയാൽ പിന്നെ ബഹളമാണ്. മണ്ണാറശാല ക്ഷേത്രം, നഗരിയിൽ അമ്പലം, കുളം.. ഇതൊക്കെയാണ് പ്രധാന വിഹാര കേന്ദ്രങ്ങൾ. അച്ഛൻ സംഗീതജ്ഞനായിരുന്നു. അമ്മയ്ക്ക് തിരുവനന്തപുരത്ത് ജോലി കിട്ടിയപ്പോൾ ഞങ്ങള്‍ കുടുംബത്തോടെ അങ്ങോട്ട് താമസം മാറ്റി. രണ്ടു മാസം കൂടുമ്പോൾ തറവാട്ടിലെത്തുമായിരുന്നു. പക്ഷേ, ഇന്ന് അത്തരം ശീലങ്ങളൊക്കെ നിന്നു. എല്ലാവർക്കും ജോലിത്തിരക്ക്. തറവാട് കുഞ്ഞമ്മയ്ക്ക് നൽകി. ഞങ്ങളുടെ തലമുറ അനുഭവിച്ച സന്തോഷങ്ങളൊന്നും ഇന്നത്തെ കുട്ടികൾക്ക് വിധിച്ചിട്ടില്ല.
തലസ്ഥാനക്കാഴ്ചകൾ
തൈക്കാട് മ്യൂസിക് അക്കാദമിക്കു സമീപമുള്ള ചെറിയൊരു വീട്ടിലാണ് ഞങ്ങള്‍ ആദ്യം താമസിച്ചത്. 75 രൂപയായിരുന്നു വാടക. അച്ഛനന്ന് ചവിട്ടുനാടകം കളിക്കാറുണ്ട്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്, ഓച്ചിറ വേലുക്കുട്ടി, വൈക്കം വാസുദേവൻ നായർ തുടങ്ങിയവരൊക്കെയുണ്ട് കൂട്ടിന്. ‘പാവനാമധുരാനിലയേ’ എന്ന ഗാനത്തോടെയാണ് തുടങ്ങുക. അന്ന് മൈക്കില്ലാത്തതുകൊണ്ട് ഉച്ചത്തിലാണ് പാടുക. ഏറ്റവും പിന്നിലിരിക്കുന്ന ആൾക്ക് വരെ കേൾക്കണം. ഇന്ന് ഞങ്ങൾക്ക് എന്തൊക്കെ സൗകര്യങ്ങളുണ്ട്!
അമ്മ കരമന സ്കൂളിൽ സംഗീതാധ്യാപികയായിരുന്നു. സഹോദരങ്ങളുമായി എനിക്ക് നല്ല പ്രായവ്യത്യാസമുണ്ട്. ചേച്ചി 18 വയസ്സിനു മൂത്തതാണ്. ചേട്ടൻ 15 വയസ്സിനും. എനിക്ക് അഞ്ച് വയസ്സ് ആയപ്പോഴേക്കും ചേട്ടനും ചേച്ചിയും ഉദ്യോഗസ്ഥരായി. ചേട്ടന് ആകാശവാണിയിലും ചേച്ചിക്ക് വിമൻസ് കോളജിലും. പിന്നീട് പോറ്റിയമ്മയുടെ വീട് എന്നറിയപ്പെടുന്ന മറ്റൊരു വീട്ടിലേക്ക് താമസം മാറി. അമ്മ സ്കൂൾ വിട്ട് വരുന്നതും കാത്ത് ഞാന്‍ ഉമ്മറത്ത് നിൽക്കും. രണ്ട് ബസ് കയറിവേണം വീട്ടിലെത്താൻ. പത്തു പൈസയാകും കൂലി. പക്ഷേ, അമ്മ നടന്നേ വരൂ. ബസ് കൂലിക്കുള്ള പൈസകൊണ്ട് വാഴയ്ക്കാ അപ്പവും മിഠായിയുമൊക്കെ വാങ്ങിയാകും വരവ്. അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്.
ചേട്ടന് വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സിനിമാരംഗത്തെ പ്രമുഖരെല്ലാം വീട്ടിലെത്തും. യേശുദാസ്, സംഗീതസംവിധായകൻ രവീന്ദ്രൻ എന്നിവർ സ്ഥിരം സന്ദർശകരായിരുന്നു.
ചേട്ടന്റെ വിവാഹം കഴിഞ്ഞ സമയത്താണ് ശാസ്താംകോവിലിനടുത്ത് വലിയൊരു വീട് വാങ്ങുന്നത്. 25 സെന്റിലുള്ള വീടിന് 82,000 രൂപയായി. ആ വീടിനു മുന്നിൽ അമ്മയൊരു കസേരയിട്ട് ഇരിക്കും. അടുത്തൊരു വെറ്റിലച്ചെല്ലം കാണും. സമീപത്താണ് ശാസ്താംകോവിലും അമ്മൻകോവിലും റെയിൽവേസ്റ്റേഷനുമൊക്കെ. ഇങ്ങോട്ട് പോകുന്നവരും വരുന്നവരുമായ പരിചയക്കാരൊക്കെ അമ്മയോട് കുശലം പറയാതെ പോകില്ല. വെളുപ്പിനെ നാലരമണിക്കെഴുന്നേറ്റ് കുളിച്ച്, അമ്പലത്തിൽ പോയി തൊഴുത് തിരിച്ചു വന്നതിനു ശേഷമാണ് ഈ വിശേഷം പറച്ചിൽ. കമലാക്ഷിയമ്മ എന്റെ മാത്രമല്ല, മോഹൻലാലിന്റെയും ജഗതി ശ്രീകുമാറിന്റെയുമൊക്കെ അമ്മയായിരുന്നു. ഇവരൊക്കെ വീട്ടിലെത്തിയാൽ സ്വാതന്ത്ര്യത്തോടെ വെറ്റിലയെടുത്ത് മുറുക്കും. ഒരു വെടിവട്ടത്തിനു ശേഷം നേരെ ഊണുമുറിയിലേക്ക്. ഇഷ്ടമുള്ളതെടുത്ത് കഴിക്കാം. ആരോടും അനുവാദം ചോദിക്കുകയോ പറയുകയോ വേണ്ട. അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന പാട്ടു കേൾക്കുമ്പോഴെല്ലാം വീടിന്റെ ഓർമകൾ തിരയടിച്ചെത്തും.
ഉദ്യാനപാലകൻ
സംഗീതപരിപാടികളുമായി ബന്ധപ്പെട്ട് നിരവധി തവണ അമേരിക്കയിൽ പോയിട്ടുണ്ട്. അവിടത്തെ വീടുകൾ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അവിടൊരു വീട് വാങ്ങണമെന്ന് പലപ്പോഴും തോന്നുമെങ്കിലും വീടു പരിപാലനത്തിന് വിമാനം കേറിപ്പോകേണ്ടി വരുന്ന അവസ്ഥ ആലോചിക്കുമ്പോൾ ഉപേക്ഷിക്കും.
വിവാഹശേഷമാണ് ഞാൻ സ്വന്തമായി വീട് വയ്ക്കുന്നത്. ഭാര്യ ലേഖയുടെ പേരിൽ ജഗതിയിൽ വില്ല പ്ലോട്ടുണ്ടായിരുന്നു. പിന്നിലായി ഒന്നു രണ്ട് പ്ലോട്ടുകൾ കൂടി ഞാൻ വാങ്ങി. പ്ലോട്ടിന്റെ വലിയൊരു ഭാഗം ഗാർഡനാണ്. ജോലി സംബന്ധമായുള്ള ചർച്ചകൾക്കു വേണ്ടി ഒരു മുറിയും ഈ ഉദ്യാനത്തിലുണ്ട്. പല തരത്തിലുള്ള ചെടികളും മരങ്ങളുമൊക്കെ നടപ്പാതയുടെ ഇരുവശത്തുമായി പിടിപ്പിച്ചിട്ടുണ്ട്.
അരുവിയിൽ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. അങ്ങനെ ഉദ്യാനം എന്ന ആശയം വളർന്ന് സംഗതി ചെറിയൊരു പാർക്ക് ആയി. ഇവിടെ നൽകിയിരിക്കുന്ന സ്പീക്കറുകൾ എന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൊബൈലിലെ പാട്ടുപെട്ടിയിലുള്ള ഗാനങ്ങളെല്ലാം ഉദ്യാനത്തിലിരുന്ന് കേൾക്കുന്നതാണ് ഹോബികളിലൊന്ന്. വീടിനു മുൻവശത്ത് ലക്ഷ്മിതരുവും കൂവളവും തുളസിത്തറയുമൊക്കെ കാണാം. വീട്ടിലിരിക്കുമ്പോൾ അശുഭചിന്തകളൊന്നും അലട്ടാറില്ല. അതുകൊണ്ട് ലോകത്തെവിടെപ്പോയാലും വീട്ടിലോടിയെത്താനാണ് മനസ്സ് കൊതിക്കുന്നത്.