ലോകമറിയാൻ വയനാടിന്റെ ചക്കപ്പെരുമ

പുരാതന സങ്കൽപങ്ങളിലെ ഉത്തമവൃക്ഷമായി കണക്കായിരുന്നതിനാൽ പഴമക്കാർ ഒരു പ്ലാവ് എങ്കിലും വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരുന്ന‍ു. നൂറ്റാണ്ടുകളോളം തലമുറകളുടെ ആഹാരാവശ്യവും ആരോഗ്യ രക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയിലേക്ക് ഓരോരുത്തരെയും തിരിച്ച് നടത്തുകയാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ചക്ക മഹോത്സവം.

ചക്കയുടെ അനന്തസാധ്യതകളെ എല്ലാവരിലും എത്തിക്കുന്നതോടൊപ്പം അവയെ ഭക്ഷ്യസുരക്ഷയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യവും ഈ ചക്കയുടെ ഉത്സവത്തിനുണ്ട്. ‘തനിനാടൻ’ എന്ന പേര് എറ്റവും കൂടുതൽ അനുയോജ്യമാകുക എല്ലാവരുടെയും പറമ്പിലും വീട്ടുമുറ്റത്തും പടർന്നു പന്തലിച്ച് നിൽക്കുന്ന പ്ലാവിനും അതിലെ ചക്കപഴത്തിനുമായിരിക്കും.

മറ്റുള്ള പഴങ്ങൾ പഴുക്കാനും കേടാകാതിരിക്കാനുമെല്ലാം പലതരം കൃത്രിമ  മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ ചക്കയിൽ വളരെ അപൂർവമായിട്ടെ ഇവയെല്ലാം ഉപയോഗിക്കുന്നുള്ളു.

ക‍ാർഷിക വിളയെന്ന നിലയിൽ കൂടുതലാളുകൾ പ്ലാവ് കൃഷി ചെയ്യാറില്ലെങ്കിലും ചക്ക മഹോത്സവമടക്കം വിരൽ ചൂണ്ട‍ുന്നത് പ്ലാവിന്റെ കൃഷിയിലേക്കും ചക്കയെന്ന വരുമാന മാർഗത്ത‍ിലേക്കുമാ‍ണ്. ചക്കയിൽ നിന്ന‍ുണ്ടാകുന്ന നിരവധി മൂല്യവർധിത ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ എറെയെന്നതും ചക്കയുടെ മൂല്യം വർധിപ്പിക്കുന്നു.

പ്രതിരോധം തീർക്കും പ്ലാവ്

കഴിക്കാനും വരുമാനത്തിനും അപ്പുറത്തും പ്ലാവിന് പ്രധാന്യമുണ്ടെന്നാണ് കണ്ടെത്തലുകൾ. മഴക്കുറവും പൊള്ളുന്ന ചൂടുമായി കാലാവസ്ഥ വ്യതിയാനം സംഭവിച്ച‍് കൊണ്ടിരിക്കുന്ന ജില്ലയ്ക്ക് ഒരു പ്രതിരോധം തീർക്കൽ കൂടിയാകും പ്ലാവുകൾ നട്ടുവളർത്തുന്നതിലൂടെ. പടർന്ന് പന്തലിച്ചു നിൽക്കുന്ന പ്ലാവ് കാലാവസ്ഥ വ്യാതിയാനം തടയുന്നതോടൊപ്പം ധാരാളം ഓക്സിജനും പുറന്തള്ളുന്നു.

വെയിൽ നന്നായി ഉള്ളപ്പോഴാണ് ചക്ക വിളയുക, ഇൗ സമയത്ത് വെയിൽ മൂലമുണ്ടാകുന്ന അപകടകരമായ റേഡിയേഷനുകൾ തടയാനുള്ള പ്രകൃതിദത്ത പ്രതിരോധമാണ് ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ചക്ക. പ്രതികൂല കാലാവസ്ഥയിലും പിടിച്ച് നിൽക്കാൻ കഴിയുന്ന ഫലവൃക്ഷമായ പ്ലാവുകൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്ക‍ുന്നതിൽ വലിയ പങ്കുവഹിക്ക‍ാൻ കഴിയും.

ചക്കമഹോത്സവം– അറിവിന്റെ വഴികൾ

ചക്ക മഹോത്സവം എന്ന പേര് പോലെ തന്നെ ചക്കയുടെ മൂല്യവും സാധ്യതകളും മേള തുറന്നിടുകയാണ്. ഒരു ചക്ക എങ്ങനെ മൂല്യവർധിത ഉൽപന്നമായി മാറുന്നുവെന്ന  വിവിധ സെഷനുകളിലായി നടക്കുന്ന സെമിനാറുകളും ക്ലാസുകളും അനുഭവങ്ങളുമെല്ലാം കർഷകരിലേക്ക് ചക്കയിൽ നിന്നുള്ള വരുമാനവും അവ എങ്ങനെ നേടാമെന്നതിലേക്കും പുതിയൊരു വെളിച്ചമാകും.

ജില്ലയിലെ ചെറുകിട യൂണിറ്റുകളുടെ മുതൽ വിപുലമായ യന്ത്ര നിർമാതാക്കളുടെ വരെ അവരവരുടെ ഉൽപന്നങ്ങളും യന്ത്രങ്ങളും ചക്ക മഹോത്സവത്തിൽ പരിചയപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള സാറാസ് ടെക്‌നിക്കൽ കൺസൽറ്റീസ് ചക്കയുടെ വിവിധ ഉൽപന്ന നിർമാണത്തിന് വഴികാട്ടുന്ന യന്ത്രങ്ങളെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ചക്ക പൾപ്പ് വേർതിരിക്കൽ യന്ത്രം, സെമിസോളിഡ് ഡ്രൈയർ, ജ്യൂസ് എക്സപെല്ലർ തുടങ്ങിയവ ഇവിടെയുണ്ട്.ചക്കയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

മെറ്റൽ ഏയ്‌ജ് മെഷിനറീസിന്റെ പൾപ്പർ, ഫ്രൂട്ട് മിൽ, കോളിഡ് മിൽ, പൗച്ച് പായ്‌ക്കിങ്, പിക്കിൾ ബ്ലെൻഡർ, കെറ്റിൽ, ഡി.സ്റ്റോണർ ആസ്‌പിരേറ്റർ, ബേബി ബോയിലർ, പൗഡർ റോസ്റ്റർ, ഉരുളി റോസ്റ്റർ, ഹാമർമില്ല്, ഡ്രം റോസ്റ്റർ എന്നിവയെല്ലാം വ്യവസായ സംരംഭകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങിയ വിവിധ തരം ചണബാഗുകൾ, ഫയൽകീപ്പർ തുടങ്ങിയ ഉൽപന്നങ്ങളും ഇതിന്റെ ഭാഗമാണ്.

ചക്കകൾ പലതരം

ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാ ചക്ക.

ഓസ്ട്രേലിയ ഗോൾഡൻ നഗട്ട്, ബ്ലാക്ക് ഗോൾഡ്, ലെമൺ ഗോൾഡ്, തായ്‍ലന്റിലെ ഡംഗ് രസ്മി, ബംഗ്ലദേശിലെ ഹരസി, ഗോൾ, ഖാജ തുടങ്ങിയ പേരുകളിലെല്ലാം വൈവിധ്യങ്ങളായ ചക്കകളുണ്ട്. ചില രാജ്യങ്ങളിൽ നിന്നടക്കമുള്ള വിവിധ ചക്കകൾ മേളയിൽ പ്രദർശനത്തിനുണ്ടാകും.

മൂല്യം ഉയരട്ടെ, വരുമാനവും

പ്രദർശനവും സെമിനാറുകളുമെല്ലാം പുതിയൊരു മാറ്റത്തിനുള്ള തുടക്കമാകുമെന്ന വിശ്വാസത്തിലാണ് ബന്ധപ്പെട്ടവർ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാതിരുന്ന പ്ലാവുകളെ അതിലേക്ക് മാറ്റുകയും മൂല്യവർധിത ഉൽപന്ന വസ്തുക്കളായി വിപണിയിലെത്തുകയും ചെയ്താൽ മാറ്റത്തിന് തുടക്കമാകും.

ഭക്ഷ്യസുരക്ഷയും ആരോഗ്യവും ചക്കയിൽ ഒളിച്ചിരിക്കുന്ന വരുമാനത്തിലേക്കും വഴികാട്ടുന്ന ചക്കയുത്സവത്തെ പ്രതീക്ഷയോടെയാണ് കർഷകരടക്കമുള്ളവർ കാണുന്നത്.

ചക്കപ്പഴം നൂറുഗ്രാമിലെ പോഷകമൂല്യങ്ങൾ

കലോറി              94. കി.കലോറി
അന്നജം              24 ഗ്രാം
പ്രോട്ടീൻ             1. 47 ഗ്രാം
കൊഴുപ്പ്            0.3 ഗ്രാം
കൊളസ്ട്രോൾ        0. മി.ഗ്രാം
നാരുകൾ            1.6 ഗ്രാം

വിറ്റാമിനുകൾ

ഫോളേറ്റുകൾ       14 മൈക്രോഗ്രാം
നയാസിൻ           0. 400 മി.ഗ്രാം
പീരിഡോക്സിൻ      0.108 മി.ഗ്രാം
റിബോഫ്‍ളാവിൻ      0. 110 മി. ഗ്രാം
തയാമിൻ            0.030 മി.ഗ്രാം
വിറ്റാമിൻ എ        297 ഐ.യു
വിറ്റാമിൻ സി        6. 7 മി. ഗ്രാം

ഇലക്ട്രോലൈറ്റുകൾ

സോഡിയം           3. മി.ഗ്രാം
പൊട്ടാസ്യം          303. മി. ഗ്രാം

ധാതുക്കൾ

കാൽസിയം           34 മി. ഗ്രാം
ഇരുമ്പ്              0. 50 മി. ഗ്രാം
മെഗ്നീഷ്യം            37. മി. ഗ്രാം
മാംഗനീസ്           0.197 മി. ഗ്രാം
ഫോസ്ഫറസ്         36. മി. ഗ്രാം
സെലിനിയം          0.6 മി.ഗ്രാം
സിങ്ക്               0. 42 മി. ഗ്രാം