ചിങ്ങം കൊയ്ത്തുത്സവത്തിന്റെ മാസമാണ്. വിഷു കൃഷി തുടങ്ങുന്നതിന്റെ ഉത്സവമാണെങ്കിൽ പൊന്നോണം വിളവെടുപ്പിന്റെ ഉത്സവമാണ്. ചിങ്ങമാസത്തിലെ ആചാരങ്ങളെല്ലാം കൃഷിയുമായി ബന്ധപ്പെട്ടവ തന്നെ.
വിളഞ്ഞ നെൽക്കതിരു നിലവിളക്കു കാണിച്ചു നടുമുറ്റത്തേക്കു കൊണ്ടുവരുന്ന ഇല്ലംനിറയും കൊയ്തുകൊണ്ടുവന്ന നെല്ലു കുത്തി അരിയാക്കി ആദ്യമായി കഴിക്കുന്ന പുത്തരിയുമെല്ലാം കർക്കടകമാസത്തിനൊടുവിൽ പൊന്നോണത്തിനു മുന്നോടിയായുള്ള ആചാരങ്ങളാണ്. പാടത്തും പറമ്പിലും വിളഞ്ഞതെല്ലാം പൊന്നുതമ്പുരാന് അല്ലെങ്കിൽ ജന്മിക്കു കാഴ്ചവയ്ക്കുന്ന ആചാരവുമുണ്ടായിരുന്നു. ഓണത്തലേന്നാണിതു നടക്കുക. പണ്ടൊക്കെ ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്നതു സ്വന്തം പാടത്തും പറമ്പിലുമൊക്കെയായി വിളഞ്ഞ അരിയും പച്ചക്കറികളുമായിരുന്നു.
ദേവനു സമർപ്പിക്കാൻ കാഴ്ചക്കുല
വിളവിന്റെ ആദ്യത്തെ കനി ഈശ്വരനു തന്നെ സമർപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. ഓണത്തിന്റെ തലേന്ന്, ഉത്രാട ദിവസം ദേവനു മുന്നിൽ കാഴ്ചക്കുല സമർപ്പിക്കുന്ന ആചാരം ഇപ്പോഴുമുണ്ട്. സ്വന്തം പറമ്പിൽ വിളഞ്ഞ നേന്ത്രവാഴക്കുലകളിൽ ഏറ്റവും മികച്ചതാണു ദേവനു മുന്നിൽ സമർപ്പിക്കുക.