വെള്ളമില്ലെന്ന കാരണത്താൽ കിണർ ഉപേക്ഷിക്കാൻ വരട്ടെ, വറ്റിവരണ്ട ഏതു കിണറും റീചാർജ് ചെയ്തു ജലസമൃദ്ധമാക്കാം ! കുമളി ആനവിലാസം സെന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു കുന്നപ്പള്ളിലിന്റെ വാക്കുകളാണിത്. വെള്ളമില്ലാതെ ഉപേക്ഷിച്ച കിണറുകളും കുഴൽക്കിണറുകളും റീചാർജിങ്ങിലൂടെ ജലസമൃദ്ധമാക്കി വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനാകുകയാണു ഫാ. മാത്യു കുന്നപ്പള്ളിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ 40ൽപരം കുഴൽക്കിണറുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ റീചാർജ് ചെയ്തത്. മഴ കുറഞ്ഞുവരികയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന ഇക്കാലത്തു കിണർ റീചാർജിങ്ങിലൂടെ ജലസ്രോതസുകളെ സംരക്ഷിക്കാനാകുമെന്നു തെളിയിക്കുകയാണ് ഈ ൈവദികൻ. ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളും കിണറുകളും റീചാർജ് ചെയ്യാനുള്ള പ്രചാരണത്തിനൊപ്പം പ്രായോഗിക പദ്ധതികളും ഇദ്ദേഹം ഏറ്റെടുത്തു നടത്തിവരുന്നു.
1998ൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ റിസോഴ്‍സ് മാനേജ്മെന്റ് കോഴ്സ് പഠിക്കുമ്പോഴാണു പ്രോജക്ടിന്റെ ഭാഗമായി കിണറുകൾ റീചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഫാ. മാത്യു കുന്നപ്പള്ളിൽ മനസിലാക്കുന്നത്. മഴവെള്ള സംഭരണത്തെക്കുറിച്ചായിരുന്നു ആദ്യ പ്രോജക്ട് തയാറാക്കേണ്ടിയിരുന്നത്. വി–വയർ ടെക്നോളജി, ഇൻജക്‌ഷൻ വെൽ ടെക്നോളജി എന്നീ രീതികളിലൂടെ കിണറുകൾ റീചാർജ് ചെയ്യുന്നതു മനസിലാക്കിയ ഫാദർ കർണാടകയിലെ ചിത്രദുർഗയിലാണു ജല അതോറിറ്റിയുടെ സഹായത്തോടെ പ്രോജക്ട് ചെയ്തത്. ആ സമയം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായിരുന്നു ഗ്രാമം. എണ്ണൂറോളം പേർക്ക് മൂന്ന് കുഴൽക്കിണറുകൾ മാത്രമായിരുന്നു ആശ്രയമെന്ന് ഫാദർ പറയുന്നു. ആനവിലാസം പള്ളിയുടെ സ്ഥലത്തുണ്ടായിരുന്ന കുഴൽക്കിണർ റീചാർജ് ചെയ്‌തുകൊണ്ടാണ് ചിത്രദുർഗയിൽ നിന്നുള്ള അറിവ് ഫാ. മാത്യു കുന്നപ്പള്ളിൽ പ്രായോഗികവൽക്കരിക്കുന്നത്.
പള്ളിയുടെ സ്ഥലത്ത് 2006ൽ നിർമിച്ച 380 അടി താഴ്‌ചയുള്ള കുഴൽക്കിണർ കഴിഞ്ഞ വേനലിൽ പൂർണമായും വറ്റിയപ്പോഴാണു പഠിച്ച രീതി ഉപയോഗിച്ച് കിണർ റീചാർജ് ചെയ്യാൻ ഫാദർ തീരുമാനിച്ചത്. മഴ തുടങ്ങിയ സമയത്തു തന്നെ പള്ളിമുറിയുടെ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം ഫിൽറ്റർ ചെയ്തു കുഴലിലേക്ക് ഇറക്കുന്ന രീതിയിൽ കിണർ റീചാർജിങ് നടത്തി. കെട്ടിടത്തിന്റെ സമീപത്തു തന്നെയായിരുന്നു കുഴൽക്കിണർ എന്നതിനാൽ അയ്യായിരത്തോളം രൂപ മാത്രമാണ് ഇതിനു ചെലവു വന്നത്. തുടർന്നു പ്രദേശവാസികൾക്കിടയിൽ കിണർ റീച്ചാർജിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചു ഫാദർ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. ഇതേത്തുടർന്ന് ആനവിലാസം മേഖലയിൽ കൂടുതൽ ആളുകൾ കിണർ റീചാർജിങ് നടത്താൻ തുടങ്ങി. സമീപത്തുള്ള കള്ളിവേലി എസ്‌റ്റേറ്റിലെ ഉപേക്ഷിക്കപ്പെട്ടത് ഉൾപ്പെടെയുള്ള ആറ് കിണറുകളാണു റീചാർജ് ചെയ്‌തു ജലസമൃദ്ധമാക്കിയത്.
എസ്‌എച്ച് കോൺവെന്റിലെ കിണറും സെന്റ് അഗസ്‌റ്റിൻസ് കോൺവെന്റിലെ ആയിരം അടി താഴ്‌ചയുള്ള കിണറും ഫാ. മാത്യു കുന്നപ്പള്ളിലിന്റെ നേതൃത്വത്തിൽ റീചാർജിങ് ചെയ്‌തെടുത്തു. നിലവിലുള്ള കുഴൽ ക്കിണറിന്റെ െകയ്സിങ് പൈപ്പ് നിലനിർത്തിക്കൊണ്ട് പതിനഞ്ച് അടി താഴ്‌ചയിലും ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിലും കുഴിയെടുത്ത് അതിനുള്ളിൽ ഫിൽറ്ററിങ് സാമഗ്രികൾ നിറച്ച് റീചാർജ് ചെയ്യുന്ന രീതിയും ചിലയിടങ്ങളിൽ ചെയ്തുവരുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി ബോധവൽക്കരണ ക്ലാസുകൾ എടുത്തു. അടുത്തിടെ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്ക് ക്ലാസെടുത്തു. കഴിഞ്ഞ ദിവസം കുമളിയിൽ നടന്ന എൽഡിഎഫ് നിയോജകമണ്ഡലം വികസന സെമിനാറിലും ഫാദർ ക്ലാസെടുത്തിരുന്നു. ഒരു കിണർ വറ്റുമ്പോൾ ഉടൻ അടുത്തതു കുഴിക്കുകയല്ല വേണ്ടത്, പകരം നിലവിലുള്ള കിണർ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചു വേണം ചിന്തിക്കാൻ –ഫാ. മാത്യു കുന്നപ്പള്ളിൽ ഓർമിപ്പിക്കുന്നു.