Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബറിനു വളമിടാൻ റബ്സിസ് ആപ്

rubber-tree-latex Representative image

മണ്ണിന്റെ സാമ്പിളുകൾ എടുത്ത് മണ്ണുപരിശോധനശാലയിൽ നൽകി റബറിനു വളപ്രയോഗം നടത്തുന്ന രീതി അവസാനിക്കുന്നു. ഓരോ തോട്ടത്തിനും വേണ്ട വളപ്രയോഗം നിർണയിക്കുന്ന റബ്സിസ് മൊബൈൽ ആപ് റബർ ബോർഡ് അവതരിപ്പിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്വന്തം തോട്ടത്തിലേക്ക് ആവശ്യമായ രാസവളം എത്രയെന്നു തീരുമാനിക്കാൻ ഇതുവഴി കൃഷിക്കാർക്കു സാധിക്കും, മരങ്ങളുടെ പ്രായത്തിനും തോട്ടങ്ങളുടെ വിസ്തൃതിക്കും അനുസരിച്ച് രാസവളത്തിന്റെ അളവിൽ മാറ്റം വരുത്തുകയുമാവാം.

ഉപഗ്രഹത്തിന്റെ സഹായത്തോടെ സ്ഥലം അടയാളപ്പെടുത്തി അവിടുത്തെ മണ്ണിന്റെ പോഷക ഘടന വിപുലമായ വിവരശേഖരത്തിൽനിന്നു കണ്ടെത്തുന്ന സംവിധാനമാണിത്. പതിമൂന്നോളം പോഷകമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അതതു തോട്ടത്തിനു നൽകേണ്ട വളത്തിന്റെ അളവ് നിർണയിക്കുക. പരമ്പരാഗത മണ്ണുപരിശോധനയിൽ നാലോ അഞ്ചോ പോഷകമാനങ്ങൾ മാത്രമാണ് പരിഗണിച്ചിരുന്നത്.‌ നിലവിൽ എഴുപതു ശതമാനത്തോളം റബർതോട്ടങ്ങളിലും മണ്ണുപരിശോധന നടക്കുന്നില്ല.

വായിക്കാം ഇ - കർഷകശ്രീ

ഇപ്രകാരമൊരു മൊബൈൽ വളപ്രയോഗ ശുപാർശാസംവിധാനം ഇന്ത്യയിൽ മറ്റൊരു വിളയ്ക്കും നിലവിലില്ല. റബർകൃഷിയിൽ ലോകത്തുതന്നെ ഇത്തരമൊരു സംവിധാനം ആദ്യമായിരിക്കുമെന്ന് റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. അജിത്കുമാർ പറഞ്ഞു. ഉൽപാദനച്ചെലവ് പരമാവധി കുറച്ച് ഉൽപാദനക്ഷമത നിലനിർത്താൻ ഈ ആപ് കൃഷിക്കാരെ സഹായിക്കും. നിയന്ത്രിതമായ വളപ്രയോഗത്തിലൂടെ ചെലവ് കുറയ്‌ക്കാമെന്നു മാത്രമല്ല, അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം, മണ്ണിന്റെ ശോഷണം എന്നിവ തടയാനും കഴിയും. എല്ലാവരും പ്രയോജനപ്പെടുത്തുകയാണെങ്കിൽ റബർകൃഷി കൂടുതലുള്ള കോട്ടയം ജില്ലയിൽ മാത്രം 21 കോടി രൂപയുടെ രാസവളപ്രയോഗം വേണ്ടെന്നുവയ്ക്കാൻ ഈ മൊബൈൽ ആപ് ഇടയാക്കുമെന്നാണ് റബർ ഗവേഷണകേന്ദ്രം മേധാവി ഡോ. ജയിംസ് ജേക്കബ് പറഞ്ഞത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.

ഇന്റർനെറ്റിലൂടെ വളപ്രയോഗ ശുപാർശ നൽകുന്ന റബർ സോയിൽ ഇൻഫർമേഷൻ സിസ്റ്റം (റബ്‌സിസ്) കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുമന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കത്തക്കവിധമുള്ള ആൻഡ്രോയ്‌ഡ് ആപ് കൂടി ഇതിനായി വികസിപ്പിച്ചത്. ബോർഡിന്റെ വിജ്ഞാനവ്യാപന തന്ത്രങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണ് ഈ മൊബൈൽ സേവനം.

ഇതിനുപുറമെ ഭരണപരമായ സേവനങ്ങൾ നൽകുന്നതിനു നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ മറ്റൊരു മൊബൈൽ ആപ്പിനും ബോർഡ് രൂപം നൽകിക്കഴിഞ്ഞു. പുതിയ പദ്ധതികൾ, പരിശീലന പരിപാടികൾ, രോഗനിർണയ വിവരങ്ങൾ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ ഇതിലൂടെ ലഭിക്കും. വിപണിവില, ഓരോ മാസത്തെയും കൃഷിപ്പണികൾ, റബർ ബോർഡ് ഓഫിസുകളുടെ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകുന്നു ഈ ആപ്.