ഒരു കിലോ കോഴിയിറച്ചിക്ക് 87 രൂപ വില കിട്ടിയാൽ മതിയോ–അന്വേഷണം
ഒരു ഭാഗത്ത് സർക്കാരിന്റെ സമ്മർദം, മറുഭാഗത്ത് സമൂഹമാധ്യമങ്ങളിലെ ഉറഞ്ഞുതുള്ളലുകൾ... കഴിഞ്ഞ മാസം കേരളത്തിലെ ഇറച്ചിക്കോഴിവളർത്തുകാർക്ക് കല്ലേറുകളുടെ കാലമായിരുന്നു. എല്ലാവർക്കും – 120 രൂപയുടെ മത്തി വാങ്ങുന്നവരായാലും 600 രൂപയ്ക്ക് നെയ്മീൻ വാങ്ങുന്നവരായാലും – കോഴിയിറച്ചി 87 രൂപയ്ക്കു കിട്ടാത്തതിലാണ് പ്രതിഷേധം. കോഴിയിറച്ചിക്ക് ഡ്രസ്സിങ്ചാർജ് വാങ്ങുന്നതിനെതിരെ വാട്സ് ആപ്പിൽ ആഞ്ഞടിക്കുന്നവർക്ക് ആ പണി സ്വയം ചെയ്യാൻ പക്ഷേ സമയമില്ലതാനും, മൊബൈൽ താഴെ വച്ചിട്ടുവേണമല്ലോ കോഴിയെ പിടിക്കാൻ !! എന്താണ് യാഥാർഥ്യം? ബ്രോയിലർ കോഴിവളർത്തുകാർ കേരളീയരുടെ കോഴിക്കൊതിയിൽനിന്നു കൊള്ളലാഭമുണ്ടാക്കുകയാണോ? അരിക്കും പച്ചക്കറിക്കുമില്ലാത്ത വിധത്തിൽ കോഴിയുടെ ന്യായവില സർക്കാർ പ്രഖ്യാപിക്കേണ്ടതുണ്ടോ?
ജിഎസ്ടി നിലവിൽ വന്നതിനെ തുടർന്നുള്ള ക്രമീകരണങ്ങളും മാറ്റങ്ങളുമാണ് വിവാദത്തിന്റെ തുടക്കം. മാംസാവശ്യത്തിനുള്ള ബ്രോയിലർ കോഴികളെ മാത്രമല്ല അവയുടെ കുഞ്ഞുങ്ങളെയും കൂടുതലായി തമിഴ്നാട്ടിൽനിന്നാണ് എത്തിക്കുന്നത്. അവയ്ക്ക് 14.5 ശതമാനം മൂല്യവർധിത നികുതിയും ഇക്കഴിഞ്ഞ ജൂൺ 30 വരെ സർക്കാർ ഈടാക്കിയിരുന്നു. മറ്റൊരു കാർഷിക–ഭക്ഷ്യ ഉൽപന്നത്തിനുമില്ലാതിരുന്ന വിവേചനം!. ബ്രോയിലർ വിപണിയിലെ വില അനുദിനം വ്യത്യാസപ്പെടുന്ന സാഹചര്യത്തിൽ 100 രൂപ അടിസ്ഥാനവിലയായി സ്വീകരിച്ചാണ് മൂല്യനികുതി കണക്കാക്കിയിരുന്നത്. എന്നാൽ ഇതൊരു സങ്കൽപ വില മാത്രമായിരുന്നു. കോഴിവില എഴുപതായാലും 140 ആയാലും നൂറു രൂപയ്ക്കുള്ള നികുതി നൽകുകയെന്ന ധാരണ പ്രകാരമായിരുന്നു ഇത്.
ജിഎസ്ടി യുഗത്തിൽ കോഴിക്ക് നികുതിയില്ലാതായി. സ്വാഭാവികമായും നേരത്തെ നികുതിയായി നൽകിയ തുക കോഴിവിലയിൽ കുറയണം. എന്നാൽ യഥാർഥ കോഴിവില എത്രയാണെന്ന കാര്യത്തിലാണ് പ്രശ്നം തുടങ്ങുന്നത്. അടിസ്ഥാനവിലയായി സങ്കൽപിക്കപ്പെട്ടിരുന്ന 100 രൂപയിൽനിന്നു റദ്ദാക്കപ്പെട്ട നികുതി കുറച്ച് 87 രൂപയ്ക്ക് ഇറച്ചിക്കോഴി വിൽക്കണമെന്നായിരുന്നു ധനമന്ത്രിയുടെ നിർദേശം. ഒരു ദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞിന് ഇപ്പോൾ 53 രൂപവരെ വിലയുണ്ട്. ശരാശരി 1.9 കിലോ തീറ്റ നൽകുമ്പോഴാണ് ഒരു കിലോ കോഴിയിറച്ചി ഉൽപാദിപ്പിക്കാനാവുക. കിലോയ്ക്ക് 29 രൂപ നിരക്കിൽ ഇത്രയും തീറ്റയ്ക്ക് ഏകദേശം 55 രൂപ വരും. അതായത്, രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയുടെ ആകെ ഉൽപാദനച്ചെലവ് 163 രൂപ. എന്നാൽ തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വില താഴുന്ന അവസരങ്ങളുമുണ്ട്. ഇത്തരം ഏറ്റക്കുറവുകൾ പരിഗണിച്ചാൽപോലും രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയുടെ ശരാശരി ഉൽപാദനച്ചെലവ് 150 രൂപ വരും. മരുന്ന്, തറവാടക, വൈദ്യുതിച്ചെലവ് എന്നിവ പരിഗണിക്കാതെയാണിതെന്നോർക്കണം. ഒരു കോഴിക്ക് അഞ്ചു രൂപയോളം ഈയിനത്തിൽ മുടക്കണം. ഒരു കോഴിക്ക് 15 രൂപയെങ്കിലും വളർത്തുകൂലി നൽകിയാലേ ആയിരം കോഴികളുടെ ഒരു ബാച്ചിനെ ഒന്നരമാസത്തോളം വളർത്തുന്ന കൃഷിക്കാരനു 15,000 രൂപ വരുമാനം കിട്ടുകയുള്ളൂ. കോഴിക്കുഞ്ഞുങ്ങളുടെ വളർത്തുകൂലിക്കൊപ്പം മുടക്കുമുതലിനുള്ള ലാഭവിഹിതവും കൂടി കൃഷിക്കാരൻ ആഗ്രഹിച്ചാൽ തെറ്റു പറയാനാവില്ല. ചുരുക്കത്തിൽ ഫാമിൽനിന്നു കൃഷിക്കാരൻ നേരിട്ടു വിൽപന നടത്തിയാൽ മാത്രമേ മന്ത്രി പറഞ്ഞ വിലയ്ക്കു വിൽക്കാനാവൂ.
എന്നാൽ കോഴിക്കുഞ്ഞുങ്ങളുടെ വില 53 രൂപയായി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം ഇതുപോലും അസാധ്യമായിരുന്നു. ചില്ലറ വിൽപനക്കാരിലെത്തുംമുമ്പ് പല തലങ്ങളിൽ കമ്മീഷനായി 27 രൂപ വരെ നൽകേണ്ടിവരുന്നെന്ന വസ്തുതയും പരിഗണിക്കപ്പെടാതെ പോയി. ബ്രോയിലർ കോഴിക്കുഞ്ഞിന് 53 രൂപ വിലയുണ്ടെന്നു കേട്ട് നെറ്റി ചുളിക്കേണ്ട. കഴിഞ്ഞ വർഷം ഇവയുടെ ശരാശരിവില 45 രൂപയായിരുന്നു. ഇതിൽ 30 രൂപയോളം കൊത്തുമുട്ട വിരിയിച്ചുനൽകുന്നതിനുള്ള ചെലവാണ്. സ്വകാര്യകമ്പനികൾ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ബ്രോയിലർ ഇനങ്ങളുടെ മുട്ട വീട്ടുവളപ്പിലെ മുട്ടയുടെ വിലയ്ക്ക് പ്രതീക്ഷിക്കരുത്. ചിലർ ചോദിച്ചേക്കും, തമിഴ്നാട്ടിൽ വില കുറവാണല്ലോയെന്ന്? കൂലിക്കും തീറ്റയ്ക്കുമൊക്കെ ചെലവ് കുറവുള്ള അവിടെ ഉൽപാദനച്ചെലവ് കുറയുക സ്വാഭാവികം. എങ്കിൽപോലും തമിഴ്നാട്ടിലെ ബ്രോയിലർ ചില്ലറവില 120 രൂപയിലുമധികമാണെന്നത് വസ്തുത മാത്രം.
ഇറച്ചിക്കോഴിവളർത്തുകാരെ വരുമാനസ്രോതസാക്കുന്നതിനപ്പുറം അവർക്ക് പ്രോത്സാഹനം നൽകാൻ മൃഗസംരക്ഷണ വകുപ്പിനോ കർഷകക്ഷേമ വകുപ്പിനോ കഴിഞ്ഞിട്ടില്ല. സ്ഥലപരിമിതിയും തീറ്റദൗർലഭ്യവും ഉയർന്ന കൂലിച്ചെലവുമൊക്കെ കോഴിവളർത്തലിലെ വെല്ലുവിളികളാണ്. ശക്തമായ ഉപഭോക്തൃനിരയാണ് ഈ
വെല്ലുവിളികൾക്കിടയിലും കോഴിവ്യവസായത്തെ പിടിച്ചുനിർത്തുന്നത്. താരതമ്യേന വില കുറഞ്ഞ കോഴിയിറച്ചിക്കായി കേരളീയർ മുടക്കുന്ന കോടികളുടെ പരമാവധി വിഹിതം ഇവിടുത്തെ സംരംഭകരിലെത്തിക്കാൻ ശ്രമിക്കാതെ അവരുടെ കീശയിൽ കൈയിടുന്നവർക്ക് കിട്ടുക ഓട്ടക്കാലണ മാത്രമായിരിക്കും.
പ്രസക്തമായ മറ്റൊരു ചോദ്യം കൂടിയുണ്ട്. ഉൽപന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശം ആർക്കാണ്? മറ്റ് വ്യവസായങ്ങളിലെല്ലാം ഉൽപാദകനാണ് വില തീരുമാനിക്കുന്നത്. കൃഷിയിലും അങ്ങനെതന്നെ വേണമെന്ന കാര്യത്തിൽ സർക്കാരിനു തർക്കമുണ്ടാവില്ല. എങ്കിൽ മത്സരാധിഷ്ഠിതവിപണി സൃഷ്ടിച്ച് കോഴിവില സ്വയം ക്രമീകരിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയല്ലേ വേണ്ടത്. കേരളത്തിലെ ഇറച്ചിക്കോഴി ഉൽപാദനം ഉയർന്നാൽ സ്വാഭാവികമായും മത്സരം മൂലം വില നിയന്ത്രിതമാകും. നാട്ടുകാർക്ക് കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ലഭ്യമാക്കുകയെന്ന ലക്ഷ്യം നല്ലതുതന്നെ. പക്ഷേ അതിനു മറ്റു ചില നടപടികളാണ് വേണ്ടതെന്നു മാത്രം. ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ ഇരുപതു രൂപയ്ക്കു ലഭ്യമാക്കുക. അതോടൊപ്പം കോഴിത്തീറ്റ കുറഞ്ഞ ചെലവിൽ നൽകുകയും തീറ്റ സബ്സിഡി അനുവദിക്കുകയും വേണം. കോഴിവളർത്തലിനെ കൃഷിയായി പരിഗണിച്ച് കാർഷികാവശ്യത്തിനുള്ള നിരക്കിൽ വൈദ്യുതി അനുവദിക്കുകയുമാവാം. വൻകിടക്കാരുടെ ചൂഷണമാണ് കേരളത്തിലെ ഇന്റഗ്രേഷൻ ഫാമുകളിൽ നടക്കുന്നതെന്ന് ആക്ഷേപമുണ്ടാകാറുണ്ട്. എന്നാൽ ഈ മേഖലയിലെ നഷ്ടസാധ്യതകളെല്ലാം ഏറ്റെടുക്കുന്ന പ്രസ്തുത പദ്ധതിക്ക് ബദൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ കഴിഞ്ഞിട്ടില്ല. പൊതുമേഖലാ ഏജൻസികളായ പൗൾട്രി ഡവലപ്മെന്റ് കോർപറേഷനും മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയും ഇക്കാര്യത്തിൽ കാണിച്ച അലംഭാവമാണ് യഥാർഥ പ്രശ്നം. സംസ്ഥാനവ്യാപകമായി വിശ്വാസ്യതയുള്ള ബദൽ ഇൻറഗ്രേഷൻ സംവിധാനം ഈ ഏജൻസികൾ നടപ്പാക്കിയിരുന്നെങ്കിൽ കുറഞ്ഞ വിലയ്ക്ക് തീറ്റയും കുഞ്ഞുങ്ങളെയും നൽകി നമുക്കാവശ്യമായ കോഴിയിറച്ചി മാത്രമല്ല, മറ്റിനം മാംസവും ഇവിടെത്തന്നെ ഉൽപാദിപ്പിക്കാമായിരുന്നു.
മൃഗസംരക്ഷണവകുപ്പിനും വെറ്ററിനറി സർവകലാശാലയ്ക്കും കെപ്കോയ്ക്കുമൊക്കെയായി പതിനഞ്ചോളം ഹാച്ചറികൾ സംസ്ഥാനത്തുണ്ട്. ബ്രോയിലർ കമ്പനികളുമായി ദീർഘകാല കരാറുണ്ടാക്കി കുറഞ്ഞ ചെലവിൽ മുട്ടയെത്തിച്ചു വിരിയിച്ചുനൽകിയാൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വില കുത്തനെ കുറയ്ക്കാനാവും. പക്ഷേ, ഇതിനൊരു മറുവശവുമുണ്ട് – സ്വകാര്യമേഖലയുടെ കാര്യക്ഷമത സർക്കാർ ഹാച്ചറികൾ നേടാൻ സാധ്യത വിരളം. അതുകൊണ്ടുതന്നെ സർക്കാരിന്റെ കോഴിക്കുഞ്ഞിനു കമ്പനികളുടെ കുഞ്ഞിനെക്കാൾ ചെലവു കൂടാനാണ് സാധ്യത. കേരള ഫീഡ്സ് പോലുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞ ചെലവിൽ കോഴിത്തീറ്റ വിപണിയിൽ എത്തിക്കാനാവുമോയെന്നും സർക്കാർ അന്വേഷിക്കട്ടെ. തീറ്റയിലൂടെ ഹോർമോണും ആന്റിബയോട്ടിക്കുമൊക്കെ നൽകുന്നെന്ന ആശങ്കയും ഇതോടെ തീരും.
റബർ ഉയർച്ചയിൽ
റബർ വില വീണ്ടും ഉയർന്നു തുടങ്ങി. കിലോയ്ക്ക് 139 രൂപയാണ് ഇപ്പോൾ ഇവിടെ ആർഎസ്എസ്–4ന്റെ വില. രാജ്യാന്തര വിപണിയിലെക്കാൾ 23 രൂപ കൂടുതൽ. ചരക്കുവരവ് കുറഞ്ഞതും റബർ ഉൽപാദനത്തിൽ കർഷകരുടെ നിസ്സംഗതയുമൊക്കെ വില കൂടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം ആഭ്യന്തരവിപണിയിലെ റബർവില 12 ശതമാനമാണ് കൂടിയത്. ഇതേ കാലയളവിൽ രാജ്യാന്തരവിപണിയിൽ നേരിയ വിലവർധനയേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. വിലയിടിവുതന്നെയാണ് കൃഷിക്കാരുടെ ഉൽസാഹക്കുറവിനു കാരണം. മഴക്കാലത്ത് റെയിൻ ഗാർഡിങ് നടത്താൻ പലരും തയാറായിട്ടില്ല. സ്ഥിരവില ഉറപ്പാക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി തുടരുന്ന കാര്യത്തിൽ തീരുമാനം വൈകിയതും കൃഷിക്കാരെ മാറി നടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തിൽ വൈകാതെ ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കൊക്കോ: ഇറക്കുമതി ഭീഷണി
കൊക്കോ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് കൊക്കോ സംസ്കരണ സംരംഭകരെ വിഷമത്തിലാക്കി. വില ഇടിയുന്ന രാജ്യാന്തരവിപണിയിൽനിന്നു വൻതോതിൽ ആഭ്യന്തരവിപണിയിലേക്ക് കൊക്കോപ്പൊടി, പേസ്റ്റ് തുടങ്ങിയവ ഇറക്കുമതി ചെയ്യപ്പെടാൻ ഇതിടയാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മൂല്യവർധിത കൊക്കോ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 20–30 ശതമാനം തീരുവയാണ് നിലവിലുണ്ടായിരുന്നത്. അതേസമയം ഇന്ത്യയുമായി വ്യാപാരപങ്കാളിത്തമുള്ള പല രാജ്യങ്ങളിൽനിന്നും തീരുവയില്ലാതെ കൊക്കോക്കുരു ഇറക്കുമതി ചെയ്യാം. കൊക്കോക്കുരു സംസ്കരിച്ച് പലഹാരവ്യവസായത്തിനു നൽകുന്ന സംരംഭകർ ഈ സൗകര്യം പ്രയോജനപ്പെടുത്തിവരികയായിരുന്നു.
എന്നാൽ മാറിയ സാഹചര്യത്തിൽ വ്യവസായികൾക്ക് നേരിട്ട് കൊക്കോപ്പൊടിയും കൊക്കോ ബട്ടറും ഇറക്കുമതി ചെയ്യാമെന്നായി. ഇതുവഴി 20 ശതമാനത്തോളം ചെലവ് ലാഭിക്കാനാവുമത്രെ. ആഫ്രിക്കയിൽനിന്നും മറ്റും ചോക്കളേറ്റ് കമ്പനികൾക്ക് കൊക്കോക്കുരു വാങ്ങി മെച്ചപ്പെട്ട സംസ്കരണ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളിൽ പൊടിച്ച് തീരുവയില്ലാതെ ഇന്ത്യയിലെത്തിക്കുകയുമാവാം. മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ ഉന്നതനിലവാരമുള്ള കൊക്കോ സംസ്കരണശാലകളുണ്ട്. ഐവറികോസ്റ്റിലും ഘാനയിലുമൊക്കെ ഉൽപാദനം വൻതോതിൽ ഉയർന്നതിനെതുടർന്ന് രാജ്യാന്തര കൊക്കോവിപണിയിൽ 35 ശതമാനത്തോളം വിലയിടിവുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ ഇടിവ് ഇതുവരെ ഇത്രയും രൂക്ഷമായി പ്രതിഫലിച്ചിട്ടില്ല. കിലോയ്ക്ക് 170 രൂപ വരെ ഇവിടെ കൊക്കോക്കുരുവിനു വില കിട്ടുന്നുണ്ട്. രാജ്യാന്തര വിപണിയിലാവട്ടെ, ഇത് 130 രൂപ മാത്രം.
നാടൻ ഞാലിപ്പൂവനു പ്രിയം
ഞാലിപ്പൂവന്റെ വില ശ്രദ്ധിക്കേണ്ടതു തന്നെ. പല സ്ഥലങ്ങളിലും വരവുകായ്കൾ മാത്രമാണുള്ളത്. വിലയാവട്ടെ കിലോയ്ക്ക് അറുപതിനു മുകളിലും. എന്നാൽ നാടൻ ഞാലിപ്പൂവൻ കിട്ടുന്നിടത്തെല്ലാം വരവുകായ്കളെക്കാൾ വില പകുതിയോളം കുറവായിരുന്നു. കോഴിക്കോട് മാർക്കറ്റിൽ നാടൻ ഞാലിപ്പൂവനു 32 രൂപ വിലയുളളപ്പോൾ വരവ് കായ്കൾക്ക് 28 രൂപ മാത്രമായിരുന്നു വില. കൽപറ്റയിൽ നാടൻ ഞാലിപ്പൂവനു 31 രൂപയാണ് കിട്ടിയത്. അതേസമയം പാലക്കാട് 50 രൂപയും തൃശൂരിൽ 60 രൂപയും വിലയുണ്ടായിരുന്നു. നാട്ടിലുണ്ടായ പാളയംതോടൻ പഴം ആലുവയിലും കൽപറ്റയിലും മാത്രമാണ് എത്തിയത്– വില 26 രൂപ. ചാലയിലും എറണാകുളത്തുമായിരുന്നു നേന്ത്രപ്പഴത്തിന് ഏറ്റവും ഉയർന്ന വില കിട്ടിയത് – 50 രൂപ. അതേസമയം കൽപറ്റയിൽ നേന്ത്രന്റെ വില 35 രൂപ മാത്രം. റോബസ്റ്റയ്ക്ക് കോട്ടയത്തും കോഴിക്കോട്ടും 22 രൂപ കിട്ടിയപ്പോൾ കൽപറ്റയിലെ വില 14 രൂപ മാത്രമായിരുന്നു.
നാടൻ ഇഞ്ചിയുടെ വില ഏറ്റവും കുറവ് വയനാട്ടിലും കോഴിക്കോടും– 35 രൂപ. അതേസമയം കൊല്ലത്ത് 65 രൂപയും എറണാകുളത്ത് 55 രൂപയും പാലക്കാട്ടും കോട്ടയത്തും ചാലയിലും 50 രൂപയും വില രേഖപ്പെടുത്തി. പച്ചമുളക് പൂർണമായി സംസ്ഥാനത്തിനു പുറത്തുനിന്നു വരുമ്പോഴും ജില്ലകൾതോറുമുള്ള വിലയിൽ വലിയ അന്തരം കാണാം. കോയമ്പത്തൂരിൽ 49 രൂപ വിലയുള്ള ദിവസം പച്ചമുളകിന്റെ പാലക്കാട്ടെ വില 95 രൂപയായിരുന്നത്രെ. എന്നാൽ ചാലയിൽ 55 രൂപയും എറണാകുളത്ത് 58 രൂപയുമായിരുന്നു പച്ചമുളകിന്റെ വില. കൽപറ്റയിൽ കിലോയ്ക്ക് 10 രൂപയും പെരുമ്പാവൂരിൽ 12 രൂപയും ആലുവയിലും എറണാകുളത്തും കോട്ടയത്തും 16 രൂപയും വിലയുണ്ടായിരുന്ന കപ്പയ്ക്ക് കോഴിക്കോട്ടും പാലക്കാട്ടും 24 രൂപയും ചാലയിൽ 25 രൂപയും കിട്ടി.