കപ്പയോടു കടപ്പാട്

കുര്യനും മകൻ വിപിനും

സ്വന്തം സ്ഥലം 8 ഏക്കർ, സ്വന്തം കൃഷിയിടം 200 ഏക്കർ.

വില കൂടിയാലും കുറഞ്ഞാലും, കൈനിറയെ കാശുകിട്ടിയാലും കൈ പൊള്ളിയാലും കപ്പക്കൃഷി വിട്ടൊരു കളിയില്ല കുര്യനും മക്കൾക്കും. കാരണം ജീവിതത്തെ കൈപിടിച്ചുയർത്തിയത് വാടകമണ്ണിലെ കപ്പക്കൃഷിയാണ്. ചെറിയ തോതിൽ തുടങ്ങിയ കൃഷിയുടെ വിസ്തൃതി ഇന്ന് 200 ഏക്കർ വാടകഭൂമിയിലെ കൃഷിയിലേക്കു വളർന്നിരിക്കുന്നു. 2500 ടണ്ണിലേറെ വരും കുര്യന്റെ വാർഷിക ഉൽപാദനം. വാങ്ങുന്നതു കയറ്റുമതിക്കാർ. മികച്ച വിലയും ഡിമാൻഡുമുള്ളതിനാൽ ഈ വർഷം പ്രതീക്ഷിക്കുന്ന വിറ്റുവരവ് ഒരു കോടി രൂപയ്ക്കു മേൽ. കഴിഞ്ഞ വർഷം കപ്പയുടെ മൊത്തവില ഒരു ഘട്ടത്തിൽ കിലോയ്ക്ക് അഞ്ചു രൂപയിലേക്ക് ഇടിഞ്ഞെങ്കിൽ ഈ വർഷം കിലോയ്ക്ക് 21 രൂപയെന്ന ബമ്പർ നേട്ടത്തിലെത്തിനിൽക്കുന്നു. കിലോയ്ക്ക് എട്ടു രൂപ കിട്ടിയാൽ മികച്ച ലാഭമാണെന്ന് കൃഷിയിൽ കുര്യന്റെ അനുഗാമിയായ മൂത്ത മകൻ വിപിൻ പറയുന്നു. വിപണിയിൽ മൽസരിക്കാൻ തമിഴ്നാടൻ കപ്പയുണ്ടെങ്ക‍ിലും കേരളത്തിന്റെ കപ്പയാണ് കയറ്റുമതിക്കാർക്കു പ്രിയം. കാരണം, നമ്മുടെ കാലാവസ്ഥയിൽ വിളയുന്ന കപ്പയാണ് രുചിയിൽ കേമൻ.

ആണ്ടുവട്ടം നീളുന്നതാണ് കുര്യന്റെ കപ്പക്കൃഷിയും വിളവെടുപ്പും. ആണ്ടിൽ ഏതാണ്ട് 200 ദിവസവും പറിക്കലും നടീലും. നിത്യവും 50 സെന്റ് മുതൽ ഒരേക്കർ വരെ വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. അതായത്, ദിവസം ശരാശരി 10 ടൺ പച്ചക്കപ്പ വിപണിയിലെത്തിക്കുന്നു. നാളും പക്കവുമൊക്കെ നോക്കി കപ്പ നടണമെന്നാണ് പഴമക്കാർ പറയുന്നതെങ്കിലും വർഷം മുഴുവനുമുള്ള കൃഷിയിൽ അതൊന്നും നടക്കാറില്ലെന്നു വിപിൻ.

വായിക്കാം ഇ - കർഷകശ്രീ

നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് കുര്യന്റെ വാടകക്കൃഷിയിടങ്ങളത്രയും. 2–3 ഏക്കർ മുതൽ 10–15 ഏക്കർവരെയുള്ള യൂണിറ്റുകൾ. നനയ്ക്കാനും വാഹനമെത്താനുമുള്ള സൗകര്യമാണ് സ്ഥലം തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. പെരിയാറിന്റെയും ചെറുതോടുകളുടെയും ജലസമൃദ്ധി ഈ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. ഏക്കറിന് പതിനായിരം രൂപയാണ് പ്രതിവർഷ പാട്ടത്തുക. തുടർച്ചയായി പതിനഞ്ചാം വർഷവും പാട്ടത്തിനെടുത്തവയുണ്ട് ഇക്കൂട്ടത്തിൽ.

സാധാരണ കർഷകരായ തങ്ങളെ വൻകിട ഉൽപാദകരുടെ ഗണത്തിലേക്ക് ഉയർത്തുന്നത് രണ്ടു കാര്യങ്ങളാണെന്ന് ഇരുവരും പറയുന്നു. ഒന്ന്, വാടകയ്ക്ക് ഇത്രയധികം ഭൂമി ലഭ്യമാണെന്നു കണ്ടതും അതു പ്രയോജനപ്പെടുത്തിയതും. കൃഷിയിടങ്ങൾ പല പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ പരിപാലനവും ശ്രദ്ധയും അധികം ആവശ്യം വരാത്ത വിള തിരഞ്ഞെടുത്തു എന്നത് രണ്ടാമത്തെ കാര്യം.

ആറു മാസംകൊണ്ടു മൂപ്പെത്തുന്ന കൊല്ലരാമനാണ് (കൊല്ലത്തുനിന്നുള്ള രാമൻ എന്ന പ്രാദേശിക ഇനം) 200 ഏക്കറിലും കൃഷി. ആറു മാസംകൊണ്ടു വിളയുമെങ്കിലും 8–9 മാസത്തിലാണു വിളവെടുപ്പ്. അതേസമയം കാലവർഷത്തിൽ വെള്ളം കയറുന്ന പ്രദേശങ്ങളിലേത് ആറുമാസത്തിനു ശേഷം ഡിമാൻഡ് നോക്കി എപ്പോൾ വേണമെങ്കിലും പറിക്കാം.

ഇങ്ങനെയൊക്കെയാണെങ്കിലും കുര്യന്റെ കപ്പ കഴിക്കാൻ നാട്ടുകാർക്കു യോഗമില്ല. ഉൽപാദനത്തിന്റെ എൺപതു ശതമാനവും, വിദേശത്തേക്കു കയ‍റ്റ‍ുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനികൾക്കാണു നൽകുന്നത്. ബ്ര‍ിട്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള, വിദേശികളും വിദേശമലയാളികളുമാണ് കുര്യന്റെ കപ്പയുടെ മുഖ്യ ആസ്വാദകർ.

രാവിലെ നാലുമണിക്കു തുടങ്ങും കപ്പ പറിക്കൽ. 30 മുതൽ 50 തൊഴിലാളികൾ വരെയുണ്ടാവും ദിവസവുമുള്ള വിളവെടുപ്പിന്. മിക്കവരും ബംഗാളികൾ. ഏറെയും വർഷങ്ങളായി സ്ഥിരം തൊഴിലാളികളാണ്. എല്ലാവർക്കും താമസസൗകര്യവും ഭക്ഷണവും നൽകും. വേതനം ആഴ്ചയിലോ മാസത്തിലോ ഒരുമിച്ചു നൽകും.

കപ്പ പറിക്കുന്നതിന്റെ തലേന്നു വൈകിട്ടോടെ തോടുകളിൽനിന്നു വെ‍ള്ളം തിരിച്ചുവിട്ടു വാരത്തിനിടയിലുള്ള ചാലുകൾ നിറയ്ക്കും. പിറ്റേന്നു പുലർച്ചെ കപ്പ പറിക്കൽ തുടങ്ങുമ്പോഴേക്കും വാരത്തിലെ മണ്ണ് നന്നായി കുതിർന്നിരിക്കും. അതോടെ, കപ്പ ഒടിയാതെ വാരത്തിൽനിന്നു വലിച്ചുയർത്താൻ എളുപ്പമാകും. ചുവടൊന്നിൽനിന്ന് ശരാശരി 5–6 കി‍ലോ തൂക്കം കപ്പ ലഭിക്കും.

കപ്പ കപ്പലിൽ കയറ്റി വിദേശത്തേക്ക് അയയ്ക്കുന്ന കമ്പനികൾ രണ്ട‍ു രീതിയിലാണ് ഉൽപന്നം ഒരുക്കുന്നത്. ആദ്യത്തേത് ഫ്രഷ് കപ്പ. നല്ല രൂപഭംഗിയിൽ, തുമ്പും വാലുമൊന്നും ഒടിയാത്ത കിഴങ്ങുകൾ. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ പറിച്ചെടുത്ത് കിഴങ്ങുകൾ മുട്ടിയോടെ വെട്ടി നൽകണം.

രണ്ടാമത്തേത് കഷണങ്ങളാക്കിയതാണ്. പറിക്കുമ്പോൾ കിഴങ്ങുകൾ അൽപം ഒടിഞ്ഞാലും സാരമാക്കാനില്ല. കമ്പനി ഇതു തൊണ്ടു പൊളിച്ച് കഴുകി ചെറു കഷണങ്ങളായി മുറിച്ച് 800 ഗ്രാം പോളിത്തീൻ കവറിലാക്കി ഫ്രീസ് ചെ‍യ്യുന്നു. ഇതിനു രണ്ടു വർഷം വരെ സൂക്ഷിപ്പു കാലാവധിയുണ്ട്. കണ്ടെയ്നറിൽ 40 ടൺ എന്ന കണക്കിൽ ഇതു വിദേശങ്ങളിലേക്ക് അയയ്ക്കുന്നു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി മുപ്പതോളം കമ്പനികൾ ഇങ്ങനെ കപ്പ കയറ്റുമതി ചെയ്യുന്നു.

കുര്യന്റെ കൃഷിയിടത്തിലെ ഉൽപാദനത്തിന്റെ 20 ശതമാനം ആലപ്പുഴയുൾപ്പെടെയുള്ള മൊത്ത വ്യാപാരച്ചന്തകളിലേക്കും ചില്ലറ വ്യാപാരികളുടെ പക്കലേക്കുമാണ് പോകുന്നത്.

കപ്പ പറിച്ചു നീക്കിയ ശേഷമുള്ള കപ്പക്കോലുകൾ അടുത്ത കാലം വരെ കൃഷിയിടത്തിൽനിന്ന് ഒഴിവാക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ പ്രദേശത്തെ ചില വൻകിട ഡെയറി ഫാമുകൾ പശുക്കൾക്കു പരുഷാഹാരത്തിനായി വാങ്ങുന്നു.

ഒരു പ്ലോട്ടിലെ കപ്പ പറിച്ചു കഴിഞ്ഞാൽ താമസിയാതെ അവിടെ ആവർത്തനകൃഷി നടത്തും. സാവകാശമുണ്ടെങ്കിൽ കൃഷിയിടം മുഴുവൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കും. അടിവളമായി കോഴിക്കാഷ്ഠം ചേർത്ത് വാരം കോരി വിത്തുകമ്പുകൾ നടും. ഉഴാനുള്ള സൗകര്യം ലഭിക്കാത്ത സമയങ്ങളിൽ മുമ്പു കൃഷി ചെയ്തിരുന്ന വാരങ്ങൾ ചാലുകളിലേക്കു കിളച്ചുമറിച്ച് ചാലുകൾ വാരങ്ങളും വാരങ്ങൾ ചാലുകളുമായി മാറ്റും.

കപ്പക്കൃഷിയിലെ ഏറ്റവും പ്രധാന നേട്ടം നടീൽവസ്തുവിന് അഞ്ചു പൈസ ചെലവില്ലെന്നുള്ളതാണല്ലോ. മുൻകൃഷിയിലെ ആരോഗ്യമുള്ള ക‍മ്പുകൾ മുറിച്ചു നട്ടശേഷം പൊടിപ്പുകൾ കാണുന്നിടംവരെ ചാലുകളിലേക്ക് ഇടവിട്ട് വെള്ളം തിരിച്ച് ഒരാഴ്ച നനയ്ക്കും. പിന്നീട് കാലാവസ്ഥ നോക്കി മാസത്തിൽ ഒന്നോ രണ്ടോ നന. ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കൂട്ടിച്ചേർത്ത് നട്ട് ഒരു മാസത്തിനു ശേഷവും തുടർന്ന് രണ്ടുമാസം കഴിഞ്ഞും വളപ്രയോഗം. ചെടിയുടെ കരുത്ത് നിരീക്ഷിച്ച് തൃപ്തികരമല്ലെങ്കിൽ മൂന്നാമതൊരു വളം കൂടി. രണ്ടു വളങ്ങൾക്കൊപ്പം ചിലപ്പോൾ യൂറിയയും ചേർക്കും.

വാടകക്കൃഷിയിടങ്ങളിൽ പച്ചക്കറിക്കൃഷിക്കു പറ്റിയ 20–30 ഏ‍ക്കറിൽ പൊട്ടുവെള്ളരിയും (snap melon) പയറും ഇടവിളയാക്കുന്ന പതിവുണ്ട്. തൃശൂർ, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ വേനൽവിളയായി കൃഷി ചെയ്യുന്ന പൊ‍ട്ടുവെള്ളരി, മൂപ്പെത്തും മുമ്പ് പച്ചക്കറിയായും മൂപ്പെത്തി പൊട്ടുന്നതോടെ ജ്യൂസിനായും വിൽക്കുന്നു.

കപ്പ കടാക്ഷിച്ച കാലം‌

വാടകക്കൃഷിയിൽ സിൽവർ ജൂബിലി പിന്നിട്ട കർഷകനാണു കുര്യൻ. പണ്ടും ഇന്നും പാട്ടത്തിനു ഭൂമി ലഭിക്കാൻ ഈ പ്രദേശത്തു ബുദ്ധിമുട്ടില്ല. നെൽകൃഷി ഉപേക്ഷിച്ചതും തരിശുകിടക്കുന്നതുമായ നിലങ്ങൾ ഏറെ. ആദ്യകാലങ്ങളിൽ പച്ചക്കറിക്കൃഷിയോടായിരുന്നു മമത. ഇടനിലക്കാരുടെ ചൂഷണവും വിലയിലെ സ്ഥിരതയില്ലായ്മയും വിപണനത്തിലെ പ്രശ്നങ്ങളുമെല്ലാം കാരണം പിന്നീടു താൽപര്യം പോയി. അങ്ങനെയാണ് കപ്പയിലേക്കു തിരിയുന്നത്.

കപ്പയ്ക്കിന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽവരെയുള്ള പ്രിയം കുറെ മുമ്പ് ഉണ്ടായിരുന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഭക്ഷ്യവിഭവമായ കപ്പയ്ക്ക് എല്ലാക്കാലത്തും വിപണിയുണ്ടായിരുന്നു. പച്ചക്കറിയെ അപേക്ഷിച്ച് അധ്വാനവും ശ്രദ്ധയും നന്നേ കുറവു മതിയെന്നതും കപ്പയിലേക്കു തിരിയാൻ പ്രേരണയായി.

കപ്പക്കൃഷിയിലുമുണ്ടായി ഇടനിലക്കാരുടെ ചൂഷണം. മഴക്കാലത്ത് വെള്ളം കയറുന്ന പാടത്താവും ചിലപ്പോൾ കൃഷി. മഴ തുടരുകയും വെള്ളം ഇറങ്ങാതെ നിൽക്കുകയും ചെയ്താൽ കപ്പ ചീയും. വിപുലമായ കൃഷിയായതുകൊണ്ട് ചില്ലറ വിൽപന പ്രയാസം. കച്ചവടക്കാർക്കു കപ്പ എത്തിക്കുന്ന ഏജന്റുമാരെ ആശ്രയിക്കുകയേ നിവൃത്തിയുള്ള‍ൂ. കൃഷിക്കാരന്റെ നിസ്സഹായവസ്ഥ അറിയുന്ന ഇടനിലക്കാരൻ അതു മുതലെടുക്കും. 'കപ്പയ്ക്കു തീരെ വിലയില്ലല്ലോ ചേട്ടാ, ഇത്ര രൂപയ്ക്കാണെങ്കിൽ എടുത്തേക്കാം' എന്നാവും മറുപടി. വിളവ് വിപുലമായതിനാൽ വിപണി വിലയെക്കാൾ ഏറെ താഴ്ത്തിയാണ് അയാൾ വിലയിടുന്നതെങ്കിൽപ്പോലും വഴങ്ങേണ്ടിവരും. അതല്ലെങ്കിൽ കപ്പ അവിടെക്കിടന്നു ചീയും.

കുര്യന്റെ മൂന്ന് ആൺമക്കളിൽ മൂത്തയാൾ വിപിൻ എംകോം പൂർത്തിയാക്കി പിതാവിന്റെ സഹായിയായതോ‌ടെയാണ് ചൂഷണത്തിന് അറുതിയാകുന്നത്.

"സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പിതാവിനൊപ്പം കൃഷിയിടങ്ങളിലെത്തിയിരുന്നു. കുറേക്കൂടി മുതിർന്നപ്പോൾ ചൂഷണത്തിനും നഷ്ടത്തിനും തടയിടണമെന്ന ചിന്തയായി. ഞങ്ങളിൽനിന്നു കപ്പയെടുക്കുന്ന ഏജന്റുമാർ അത് കൊച്ചിയിലെ കയറ്റുമതി കമ്പനികൾക്കാണ് നൽകുന്നതെന്നറിഞ്ഞു. കൊച്ചിയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികൾ ഏതെന്നും അവർ ഏതൊക്കെ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്നും അന്വേഷിച്ചു കണ്ടെത്തി.

എന്നാൽ അവരുമായി കരാറിലെത്തുക സാധാരണ കൃഷിക്കാർക്ക് എളു‍പ്പമായിരുന്നില്ല, നിർദിഷ്ട ഗുണനിലവാരത്തോടെ നിശ്ചിത തൂക്കം ക‍പ്പ ഓർഡർ അനുസരിച്ച് മുടങ്ങാതെ എത്തിക്കണം. കൃഷിക്കാരിൽനിന്നു ക‍പ്പ വാങ്ങുന്ന ഏജൻറുമാർക്കേ ഇതിനു കഴിയുള്ളൂ എന്നതിനാൽ ക‍മ്പനികൾക്കു താൽപര്യം അവരുമായി കരാർ ഉണ്ടാക്കാനാണ്. കർഷകൻ എന്ന നിലയ്ക്ക് കമ്പനികളുമായി കരാറിലേർപ്പെടാൻ രണ്ടു വർഷത്തോളം അലയേണ്ടിവന്നു. ഒടുവിൽ പരീക്ഷണാർഥം അനുവദിച്ച ഏതാനും ഓർഡറുകൾ തൃപ്തികരമായി പൂർത്ത‍ീകരിച്ചതോടെയാണ് ക‍‍മ്പനികളുമായി സുസ്ഥിര ബന്ധമുണ്ടായത്. കപ്പക്കൃഷി മികച്ച ലാഭം തന്നു തുടങ്ങിയത് അ‍ങ്ങനെ. നേരിട്ട് വിദേശ ഓർഡറുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ." താമ‍സിയാതെ അതും സാധ്യമാകുമെന്നു വിപിൻ.

സ്ഥിരോൽസാഹവും കഠിനാധ്വാനവുമാണ് വാടകക്കൃഷിയിടത്തിൽ കൃഷിയിറക്കാനും ലക്ഷങ്ങൾ നേടാനും കുര്യനെയും മക്കളെയും പ്രാപ്തരാക്കിയത്. സാധാരണ കർഷകനും കാർഷിക സംരംഭകനും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

ഫോൺ: 9744923332