സ്വന്തം സ്ഥലം 52 സെന്റ്, സ്വന്തം കൃഷിയിടം 50 ഏക്കർ
‘‘എന്തുകൊണ്ട് ലാഭം കിട്ടി, എന്തുകൊണ്ട് നഷ്ടം സംഭവിച്ചു എന്നു ചിന്തിക്കുന്ന കർഷകർ നമ്മുടെ നാട്ടിൽ കുറവാണ്. ശീലങ്ങൾ തുടരുന്നവരാണ് ഭൂരിപക്ഷവും. കാലങ്ങളായി ചെയ്തുവരുന്നത് എന്താണോ അതുതന്നെ തുടരും. അതു പോരാ, ലാഭമുണ്ടാവുമ്പോൾ അതിനിടയാക്കിയ ഘടകങ്ങൾ എന്തൊക്കെയായിരുന്നു എന്നു ചിന്തിക്കണം. നഷ്ടം നേരിടുമ്പോൾ പാളിച്ച പറ്റിയത് എവിടെയെന്നും കണ്ടെത്തണം. കൃഷി പ്രഫഷനായെടുക്കാൻ ധൈര്യമുള്ള യുവ സംരംഭകർ കടന്നു വന്നാലേ ഈ മാറ്റം സംഭവിക്കുകയുള്ളൂ.’’ മലമ്പുഴ ഡാമിനടുത്തുള്ള മലഞ്ചെരുവിലെ സ്വന്തം വാഴത്തോട്ടത്തിലിരുന്ന് സന്തോഷ് പറയുന്നു.
‘‘പച്ചക്കറിയും നെല്ലും മറ്റും ഒന്നോ ഒന്നരയോ ഏക്കറിൽ മാത്രം കൃഷി ചെയ്ത് ഇന്നൊരു കുടുംബത്തിനു ജീവിക്കാനാവില്ല. കർഷകർക്ക് നേട്ടം ലഭിക്കണമെങ്കിൽ പത്തേക്കറിലെങ്കിലും കൃഷി ചെയ്യണം. അതിനു സ്വകാര്യവ്യക്തികളുടെ മാത്രമല്ല, സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയുമെല്ലാം കൈവശമുള്ള തരിശുഭൂമികൾ വാടകയ്ക്കു ലഭ്യമാക്കണം. പത്തേക്കർ എങ്കിലും ഉണ്ടെങ്കിലേ ദിവസവും ജോലിയും കൂലിയും നൽകി തൊഴിലാളികളെ പിടിച്ചുനിർത്താനും കഴിയുകയുള്ളൂ.’’
കേരളത്തിലെ പ്രമുഖ പത്രസ്ഥാപനങ്ങളിൽ മാർക്കറ്റിങ് വിഭാഗത്തിൽ പത്തു വർഷത്തിലേറെ ജോലി ചെയ്തിട്ടുണ്ട് സന്തോഷ്. അതിനാൽ കൃഷിയെക്കുറിച്ചു സംസാരിക്കുമ്പോഴും ആദ്യം കടന്നുവരുന്നത് മാർക്കറ്റിങ് ചിന്തകൾ. സ്വന്തമായി അരയേക്കർ സ്ഥലം മാത്രമുള്ള സന്തോഷ് 50 ഏക്കറിൽ കൃഷിചെയ്യുന്നതും വർഷം ഒന്നരക്കോടി രൂപയുടെ വിറ്റുവരവു നേടുന്നതും ഈ ആലോചനകളുടെ ബലത്തിലാണ്. സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിൽ ജനിച്ചു വളർന്ന് എട്ടാംക്ലാസ് മുതൽ പാർട്ട്–ടൈം ജോലിചെയ്തു കുടുംബം നോക്കുകയും ഡിഗ്രിവരെ പഠിക്കുകയും ചെയ്തു ഈ ചെറുപ്പക്കാരൻ. ജോലിക്കൊപ്പം വാടകമണ്ണിൽ കൃഷി കൂടി തുടങ്ങിയപ്പോൾ ഒന്നിനും സമയമില്ലാതായി. അങ്ങനെ ആറു വർഷം മുമ്പ് ജോലി വിട്ട് മുഴുവൻസമയ കർഷകനായി.
നേന്ത്രവാഴയാണ് സന്തോഷിന്റെ തുറുപ്പുചീട്ട്. അതിൽതന്നെ ആറ്റുനേന്ത്രൻ. ഈ വർഷം കൃഷി ചെയ്തിരിക്കുന്നത് ഏതാണ്ട് 30,000 എണ്ണം. വാഴ മുപ്പത്തഞ്ചേക്കറിനു മുകളിൽ വരുമെങ്കിൽ പത്തേക്കർ പൂർണമായും പച്ചക്കറിയാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ തിരഞ്ഞെടുത്ത പത്ത് ഇനങ്ങൾ. വാഴക്കന്നു നട്ട് ആദ്യ മാസങ്ങളിൽ കുറ്റിപ്പയർ ഇടവിളയാക്കുന്ന രീതിയുമുണ്ട്. വിശദവിവരങ്ങൾ സന്തോഷ് പറയട്ടെ.
എന്തുകൊണ്ട് വാടകക്കൃഷി ?
കൃഷി ചെയ്യാൻ മനസ്സുണ്ട്, പക്ഷേ, സ്വന്തം സ്ഥലമില്ല. അതുകൊണ്ട് പാട്ടത്തിനെടുത്തു തുടങ്ങി. ക്രമേണ വിപുലമായി. മലമ്പുഴയിൽ ഡാമുണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്കൊന്നും വെള്ളമെത്തുന്നില്ല. കുഴൽക്കിണറിനെ ആശ്രയിച്ചാണ് കുറേപ്പേരെങ്കിലും കൃഷി ചെയ്തിരുന്നത്. വൻകിട കമ്പനികൾ ചേർന്ന് ഭൂഗർഭജലം ഊറ്റാൻ തുടങ്ങിയതോടെ ചെറിയ കുഴൽക്കിണറുകൾ വറ്റി, മിക്കവരും കൃഷി ഉപേക്ഷിച്ചു. കൃഷിയിടങ്ങൾ ദീർഘകാലം തരിശുകിടന്നു. പുതിയ തലമുറ കൃഷി വിട്ട് മറ്റു മേഖലകൾ തേടി. ഇവരുടെ കൃഷിയിടങ്ങളാണ് 10,000 മുതൽ 15,000 രൂപ വരെ വാടക നൽകി എടുക്കുന്നത്.
എല്ലായിനം വാഴയും നനയ്ക്കണം. ആവശ്യത്തിനു വെള്ളം നൽകിയാൽ ആറ്റുനേന്ത്രൻ മികച്ച വിളവു നൽകും. തുള്ളിനനയാണ് എനിക്കു തുണ. 20 ലക്ഷം രൂപ ചെലവിട്ട് പല ഘട്ടമായി 50 ഏക്കറിലെയും വാഴയ്ക്കും പച്ചക്കറിക്കും തുള്ളിനന ഒരുക്കി. സാധാരണരീതിയിൽ ഒരേക്കർ നനയ്ക്കുന്ന വെള്ളംകൊണ്ട് പത്തേക്കർ നനയ്ക്കാമെന്നതാണ് മെച്ചം. ജലത്തിൽ ലയിക്കുന്ന വളങ്ങളും ഡ്രിപ്പിലൂടെ നൽകുന്നു. ഈ രീതി വഴി കൂലിയിനത്തിലും മികച്ച ലാഭം.
എന്തുകൊണ്ട് വാഴ ?
പഴമായും പച്ചയായും കേരളത്തിൽ വർഷം മുഴുവന്‍ ഡിമാൻഡുള്ള ഉൽപന്നമാണ് വാഴക്കുല. തമിഴ്നാട്ടിൽനിന്നുള്ള വരവുകായുടെ തള്ളുമൂലം വിലയിടിയുന്ന സന്ദർഭങ്ങളുണ്ടെന്നതു ശരിതന്നെ. എങ്കിൽപോലും വാഴക്കുലയുടെ വില ദീർഘകാലം ഇടിഞ്ഞു നിൽക്കാറില്ല. വാഴപ്പഴം മലയാളിയുടെ നിത്യജീവിതത്തിലെ ശീലമായി മാറിയിരിക്കുന്നതിനാലും നാടൻ കായ്കൾക്കു പ്രിയമേറുന്നതിനാലും ഭാവിയിലും ഡിമാൻഡ് ഇടിയില്ല. കഴിഞ്ഞ ഓണത്തിനു ശേഷം നേന്ത്രന്റെ വില കിലോ 40 രൂപയില്‍ താഴ്ന്നിട്ടില്ല.
എന്തുകൊണ്ട് ആറ്റുനേന്ത്രൻ ?
മികച്ച വിളവു തന്നെ പ്രധാന കാരണം. കുലയുടെ ശരാശരി തൂക്കം 25 കിലോയാണ്. 20 ശതമാനം കുലകൾക്ക് 35 കിലോയ്ക്കും 40 കിലോയ്ക്കും ഇടയിൽ തൂക്കം കിട്ടും. 60 ശതമാനം 20–25 കിലോയിൽ വരും. ബാക്കിയുള്ള 20 ശതമാനത്തിൽ, 20 കിലോയിൽ താഴെയുള്ളവയും 40 കിലോയ്ക്കു മുകളിലുള്ളവയുംവരെ ഉൾപ്പെടുന്നു.
പഴത്തിനു നല്ല മധുരം. കായ്കൾക്കു മുകളിൽനിന്നു താഴെവരെ ഒരേ വണ്ണമായതിനാലും വറുക്കുമ്പോൾ തൂക്കം കൂടുതൽ ലഭിക്കുന്നതിനാലും ചിപ്സ് കമ്പനിക്കാർക്കും പ്രിയം. വാഴയ്ക്കു നല്ല കരുത്തുള്ളതിനാൽ ഊന്നു വേണ്ട. ആയിനത്തിൽ ചെലവു ലാഭം.
പന്ത്രണ്ടു മാസംകൊണ്ടാണ് ആറ്റുനേന്ത്രന്റെ കൃഷിയും വിളവെടുപ്പും തീരുന്നത്. നട്ട് ആദ്യ പതിനഞ്ചു ദിവസത്തിനുള്ളിൽ മുളയ്ക്കാതെ മുരടിച്ചു നിൽക്കുന്നവ മാറ്റി പകരം അതേയിനം തന്നെ വയ്ക്കും. മുളച്ചുയർന്നാലും ചിലതു കേടുവന്നു നശിക്കും. ഒരു മാസം കഴിഞ്ഞ് ഇങ്ങനെ കേടുവരുന്നവയ്ക്കു പകരം പതിനൊന്നു മാസംകൊണ്ടു കുല വെട്ടാവുന്ന പൂവൻ നടും. രണ്ടു മാസം കഴിഞ്ഞു കേടു കാണുന്നവയുടെ സ്ഥാനത്ത് പത്തു മാസംകൊണ്ട് കുല വെട്ടാവുന്ന ഞാലിപ്പൂവൻ. അതുപോലെ, രണ്ടു പച്ചക്കറിപ്പന്തലുകളുടെ ഇടസ്ഥലങ്ങളിലും പൂവനും ഞാലിയും തന്നെ.
വിപണനം എങ്ങനെ ?
കൃഷിക്കാരന്റെ ഏറ്റവും പ്രധാന വെല്ലുവിളി നിത്യേന വരുമാനമില്ല എന്നതാണ്. അതു മറികടക്കണം. അതുകൊണ്ട് ഒരുമിച്ചല്ല, കൃഷിയും വിപണനവും. മേയ് ഒടുവിൽ മുതൽ വാഴക്കൃഷി തുടങ്ങും. അതു വര്‍ഷാവസാനം വരെ നീളും. തലേ വർഷത്തെ കുലകൾ മേയ് മുതൽ വെട്ടിത്തുടങ്ങും. വർഷാവസാനം വരെ വിളവെടുപ്പ്. അതായത്, വിളവെടുപ്പും ആവർത്തന കൃഷിയും സമാന്തരമായി നീങ്ങുന്നു.
പച്ചക്കറിയിനങ്ങൾ പത്തെണ്ണമുണ്ട്. പാലക്കാടിന്റെ കാലാവസ്ഥ, വിപണി, പരിപാലനത്തിൽ കടുത്ത ശ്രദ്ധ ആവശ്യമില്ലാത്തവ എന്നിവയാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. പാവൽ, പടവലം, പീച്ചിൽ, കോവൽ, നീളൻ പയർ എന്നിങ്ങനെ പന്തലിനങ്ങൾ അഞ്ച്. കുറ്റിപ്പയർ, മുളക്, വെണ്ട, ചീര, ചെടി മുരിങ്ങ എന്നിങ്ങനെ വേറെ അഞ്ചെണ്ണവും. എല്ലാം കൂടി ദിവസം ശരാശരി 1000 കിലോ പച്ചക്കറി വിപണിയിലെത്തിക്കും.
സീസണുകൾ ലക്ഷ്യമിട്ട് വൻതോതിലുള്ള ഉൽപാദനവുമുണ്ട്. കേരളത്തിൽ മിക്ക കർഷകരും ഓണം ലക്ഷ്യമിട്ടാണ് പച്ചക്കറിക്കൃഷി ചെയ്യുക. അതായത്, ഓണത്തോടെ വിളവെടുപ്പ് തുടങ്ങുന്നു. എന്നാൽ ഓണത്തോടെ വിളവെടുപ്പ് തീരുന്ന രീതിയിലാണ് എന്റെ കൃഷി. തമിഴ്നാട്ടിൽ മൺസൂൺ മഴയെത്താത്തതിനാൽ ജൂണിൽ കൃഷി ആരംഭിക്കുകയില്ല. അതുകൊണ്ട് ജൂണ്‍, ജൂലൈ മാസങ്ങളിൽ വരവു പച്ചക്കറിയുടെ തള്ളു കുറയും. നമുക്കു നല്ല വില കിട്ടും. ഓണം മുന്നിൽക്കണ്ടുള്ള തമിഴ്നാടിന്റെ ഉൽപന്നങ്ങളാവും അടുത്ത രണ്ടു മൂന്നു മാസം വിപണി പിടിക്കുന്നത്. ഓണക്കാലത്തോടെ വിളവെടുപ്പു തുടങ്ങുന്ന നമ്മുടെ കർഷകർ വിലയിടിവിൽ വലയും. ഉൽപാദനം വർധിപ്പിക്കാവുന്ന മറ്റൊരു കാലം ശബരിമല സീസണാണ്.
ഹോര്‍ട്ടികോർപ്, സ്വാശ്രയ വിപണികള്‍ എന്നിവയിലെല്ലാം വാഴക്കുലയും പച്ചക്കറിയും വിൽക്കുന്നുണ്ടെങ്കിലും പാലക്കാടുതന്നെ മൂന്ന് വിപണനശാലകളുള്ള പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പാണ് സ്ഥിരം വാങ്ങുന്നത്. ചിപ്സ് കമ്പനിക്കാരും വാങ്ങും.
എത്ര കിട്ടും ?
മുപ്പതിനായിരം വാഴയിൽനിന്ന് വർഷം ചുരുങ്ങിയത് ഒന്നരക്കോടി രൂപ വരുമാനം. എല്ലാ ചെലവും കഴിച്ച് പകുതി പോക്കറ്റിലെത്തും. പച്ചക്കറിയിൽനിന്നു ചെലവു കഴിഞ്ഞ് വർഷം പത്തു ലക്ഷം രൂപ ലഭിക്കും. അതേസമയം എത്ര ജാഗ്രത കാണിച്ചാലും കാര്യങ്ങൾ പ്രതികൂലമായെന്നും വരും. കഴിഞ്ഞ വർഷം പന്ത്രണ്ടായിരം വാഴ ആന നശിപ്പിച്ചു. കനത്ത നഷ്ടമുണ്ടായി. ഇങ്ങനെ കർഷകന്റെ നിയന്ത്രണത്തിലല്ലാതെ സംഭവിക്കുന്ന നഷ്ടങ്ങളിലാണ് സർക്കാരിന്റെ പിന്തുണയും സഹായവും ആവശ്യം.
ഫോൺ: 9446321360