കരിമ്പനകളിൽ കാറ്റുപിടിക്കുന്നതും ചെതലിയുടെ താഴ്വാരങ്ങളിൽ കാലവർഷം കനക്കുന്നതുമെല്ലാം ഇനിയങ്ങോട്ട് ഒ.വി. വിജയന്റെ ഖസാക്കിലെ കാൽപനിക ചിത്രം മാത്രമായി ശേഷിക്കുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ. അത്രയ്ക്കുണ്ട് വേനൽച്ചൂടിന്റെ കാഠിന്യം. പാലക്കാടു മാത്രമല്ല, കേരളമാകെ വിണ്ടുണങ്ങുന്ന ഈ കൊടുംചൂടിലും പച്ചപ്പു നിറഞ്ഞ ചില കൃഷിയിടങ്ങളുണ്ട്. മഴവെള്ള സംഭരണത്തിലും നനരീതിയിലും പുലർത്തുന്ന ജാഗ്രതയാണ് ഇതിനു പിന്നിൽ.
പാലക്കാടു ജില്ലയിൽ കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി പുളിക്കത്താഴ വീട്ടിൽ ജെയിംസ്– സ്വപ്ന ദമ്പതികളുടെ പത്തൊമ്പതേക്കറോളമുള്ള കൃഷിയിടം ഉദാഹരണം. പുരയിടത്തിലെ രണ്ടരയേക്കറിൽ പച്ചക്കറികളും പഴവർഗങ്ങളും. പതിനൊന്നേക്കറിൽ റബർ. കൂടാതെ, വീടിന് അധികം ദൂരെയല്ലാതെ, ജാതി, തെങ്ങ്, കമുക് തുടങ്ങിയവ വളരുന്ന അഞ്ചരയേക്കർ സമ്മിശ്രത്തോട്ടവും.
നനയുടെ നല്ല പാഠങ്ങൾ
മൂന്നാം വർഷമെത്തിയ റബർമരങ്ങൾ വരൾച്ചയെ കൂസാതെ നിൽക്കുന്നതിനു കാരണം മഴക്കുഴികളാണ്. റബറിനു തീർത്തിരിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക്, സാധാരണ നൽകുന്ന ചെരിവു കൂടാതെ ഓരോ ചെരിവിലും മഴക്കുഴികൾ തീർത്തു. മഴവെള്ളം കുഴിയിലിറങ്ങിയതുമൂലം വേനലിലും മണ്ണിൽ ഈർപ്പം നിലനിൽക്കുന്നു. തൈ റബർ വച്ച ശേഷമെത്തിയ ആദ്യ വേനൽ കടുത്തതായിരുന്നെന്ന് ജെയിംസ്. അന്നു രക്ഷിച്ചത് വാട്ടർ ഇൻജെക്ടറാണ്. പുറത്തു തൂക്കിയിടാവുന്ന ഇരുപതു ലീറ്റർ വെള്ളം കൊള്ളുന്ന ചെറു കന്നാസും സിറിഞ്ചിന്റെ അതേ പ്രവർത്തനരീതിയുള്ള യന്ത്രഭാഗവും ചേർന്നതാണ് വാട്ടർ ഇൻജെക്ടർ. 'സിറിഞ്ച്' ഉപയോഗിച്ച് ഓരോ റബർ തൈയുടെയും ചുവട്ടിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ലീറ്റർ വെള്ളം കുത്തിവച്ച് കൂടിനീരു നൽകി.
തോട്ടത്തിൽ രണ്ടുവരി റബറുകൾക്കിടയിലായി നാലു ലക്ഷം ലീറ്റർ മഴവെള്ളം സംഭരിക്കാവുന്ന, പതിനഞ്ചടി വീതം ആഴമുള്ള മൂന്നു പടുതാക്കുളങ്ങളുണ്ട്. വിശാലമായ മറ്റൊരു കുളമാണ് പതിവു നനയ്ക്കു പ്രയോജനപ്പെടുത്തുന്നത്. ഏപ്രിൽ അവസാനത്തോടെ അതിലെ ജലനിരപ്പു താഴുമ്പോഴുള്ള കരുതൽശേഖരമാണ് പടുതാക്കുളം. ജെസിബികൊണ്ടു മണ്ണുനീക്കി നിർമിച്ച കുളത്തിൽ മണ്ണിനു മുകളിൽ ആദ്യ പാളിയായി പഴയ ചാക്കുകളാണ് കനത്തിൽ വിരിച്ചത്. അതിനു മീതെ സിൽപോളിൻ ഷീറ്റ്. റബറിന്റെ വേരുകൾ സിൽപോളിൻ ഷീറ്റിലേക്കു പടർന്ന് അതിനെ നശിപ്പിക്കാതിരിക്കാൻ ചാക്കുകളുടെ പാളി ഉപകരിക്കും. തോട്ടത്തിലേക്കു കോഴിക്കാഷ്ഠവും മറ്റു വളങ്ങളുമെല്ലാം കൊണ്ടുവന്നതിന്റെ കാലിച്ചാക്കുകൾ കുമിഞ്ഞുകൂടി കിടന്നതു ചെലവാക്കാനായി എന്നതു നേട്ടം. പടുതകൾ ഊർന്നു പോകാതിരിക്കാൻ മുകളിൽ ഗ്രോ ബാഗ് നിരത്തി പച്ചക്കറിക്കൃഷി.
പടുതാക്കുളങ്ങളിൽ ജയ്ന്റ് ഗൗരാമി, നട്ടർ, ഗിഫ്റ്റ് തിലാപ്പിയ എന്നീ ഇനം മൽസ്യങ്ങൾ. മൽസ്യവിസർജ്യം കലരുന്നതോടെ ജലത്തിനു പോഷകഗുണം കൈവരുന്നു. മഴമറയിലെ ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഇതുപയോഗിച്ച് നന നൽകുന്നതിന്റെ നേട്ടം വിളവിലുണ്ടെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. മേയ് ഒടുവിൽ പടുതാക്കുളത്തിലെ വെള്ളം മുഴുവൻ ഉപയോഗിച്ചു തീരുന്നതോടെയാണ് മൽസ്യവിളവെടുപ്പ്. 30,000 ലീറ്റർ മഴവെള്ളം ഉൾക്കൊള്ളുന്ന മറ്റൊരു മഴവെള്ള സംഭരണിയിലേക്ക് പുരപ്പുറത്തു വീഴുന്ന മഴവെള്ളം തുള്ളി പാഴാവാതെ എത്തുന്നു. രണ്ടരയേക്കറിലെ പച്ചക്കറി– പഴവർഗങ്ങൾക്കായുള്ള തുള്ളിനനയുടെ സ്രോതസ് ഇതാണ്. മഴവെള്ളം തീരുന്നതോടെ കുളത്തിൽനിന്ന് ഈ മഴവെള്ളസംഭരണിയിലേക്ക് വെള്ളം പമ്പു ചെയ്ത് എത്തിക്കുന്നു. മഴവെള്ളസംഭരണിയിൽനിന്ന് പുറത്തേക്കു ജലമൊഴുകുന്ന പൈപ്പിലേക്ക് മറ്റൊരു ടാങ്കിൽനിന്ന് ഗോമൂത്രം കലർത്തി തുള്ളിനനയ്ക്കു പോഷകവീര്യം വർധിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. സാധാരണ നനയിൽ ചെലവിടുന്നതിന്റെ പത്തിലൊന്നു വെള്ളംകൊണ്ടു തുള്ളിനനയിലൂടെ ചെടികൾക്ക് ആവശ്യത്തിനു വെള്ളവും ലഭിക്കും.
പിവിസി പൈപ്പുമായി ബന്ധിപ്പിച്ച് ഒരുക്കിയിരിക്കുന്ന തിരിനന സമ്പ്രദായത്തിലൂടെ പരിമിതമായ അളവിൽ ജലം ചെലവിട്ടു പരിപാലിക്കുന്ന ഗ്രോബാഗ് പച്ചക്കറിക്കൃഷിയുമുണ്ട് ഇവിടെ. പതിനഞ്ചുദിവസത്തിലൊരിക്കൽ പൈപ്പിൽ വെള്ളം നിറച്ചാൽ മതി. പൈപ്പിലെ ദ്വാരത്തിനുള്ളിൽനിന്ന്, മുകളിൽ വച്ചിരിക്കുന്ന ഗ്രോബാഗിലേക്കു നീളുന്ന തിരി, ചെടിക്ക് ആവശ്യമായ ജലം എത്തിക്കുന്നു.
രണ്ടരയേക്കറിലെ എല്ലാ ഫലവർഗച്ചെടികളുടെയും ചുവട്ടിൽ വേനലെത്തുന്നതിനു മുമ്പുതന്നെ ചകിരിത്തൊണ്ടു പുതയിട്ട് ഈർപ്പം നിലനിർത്തിയിരിക്കുന്നതിനാൽ ഒന്നിനുമില്ല ക്ഷീണം. ഊണുമുറിയിലെ വാഷ്ബെയ്സനിൽനിന്നെത്തുന്ന പാഴ്ജലം മുറ്റത്തു വീഴുന്ന പൈപ്പിനോടു ചേർന്ന് അഞ്ചിനം പാഷൻ ഫ്രൂട്ട് തൈകൾ വളരുന്നു. മൂന്നാണ് നേട്ടമെന്ന് സ്വപ്ന; പാഴ്ജലത്തിന്റെ പുനരുപയോഗം, വേനലിലും മുറ്റത്ത് വിശാലമായ പച്ചത്തണൽ, ദാഹം തീർക്കാൻ കൈനിറയെ പാഷൻ ഫ്രൂട്ട്.
അഞ്ചരയേക്കർ സമ്മിശ്രത്തോട്ടത്തിന്റെ പച്ചപ്പിനു പിന്നിൽ കൃഷിയിടത്തോടു ചേർന്നൊഴുകുന്ന പുഴയിലെ വെള്ളമെടുത്തുള്ള സ്പ്രിങ്ക്ളർ നനയാണ്. ഒപ്പം തോട്ടത്തിൽ വീഴുന്ന ഓലയും മടലുമെല്ലാം ഓരോ മരത്തിനും പുതയാക്കി മാറ്റുന്നു.
സ്പ്രിങ്ക്ളർ നനയിൽ ജലനഷ്ടം കൂടുതലായതിനാൽ മുഴുവൻ തോട്ടവും തുള്ളിനനയിലേക്ക് മാറുകയാണ് അടുത്ത ലക്ഷ്യമെന്ന് ജെയിംസ്.
കിണറിനു സമാന രീതിയിൽ കപ്പിയും കയറുമുപയോഗിച്ചു കുഴൽക്കിണറിൽനിന്നു വെള്ളം കോരിയെടുക്കുന്ന കൗതുകക്കാഴ്ചയും ഈ ദമ്പതികളുടെ തോട്ടത്തിലുണ്ട്. വീട്ടാവശ്യത്തിനു കുഴിക്കുന്ന, സാധാരണ വ്യാസം മാത്രമുള്ളതും 650 അടി ആഴമുള്ളതുമാണ് കിണർ. 30–40 അടി താഴ്ചയിൽ ജലം സമൃദ്ധം. എട്ടു ലീറ്റർ വെള്ളം കൊള്ളുന്ന പിവിസി പൈപ്പിനുള്ളിൽ മോട്ടോർ ഫുട് വാൽവ് ഉറപ്പിച്ച് അതുപയോഗിച്ചാണ് വെള്ളം കോരുന്നത്. 'കറന്റില്ലാത്തപ്പോൾ അത്യാവശ്യത്തിന് വെള്ളം കോരിയെടുക്കാമല്ലോ. മോട്ടോർ വയ്ക്കുന്നതിന്റെ ചെലവും ലാഭ'മെന്ന് ജെയിംസ്.
അപൂർവങ്ങളായ ഒട്ടേറെ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറിയിനങ്ങൾ എന്നിവകൊണ്ടെല്ലാം സമൃദ്ധമാണ് ഈ ജൈവകൃഷിയിടം. ജൈവകൃഷിയായതിനാൽത്തന്നെ ഉൽപന്നങ്ങൾക്ക് എല്ലാക്കാലത്തും മികച്ച വിലയും വിപണിയുമുണ്ട്. ബിരുദധാരിയായ ജെയിംസും ബിരുദാനന്തരബിരുദധാരിയായ സ്വപ്നയും ദിവസം മുഴുവൻ കൃഷിയിടത്തിൽ ചെലവിടുന്നവർ. കടുത്ത വേനലിലും തോട്ടത്തെ ഇത്ര സുന്ദരമായി നിലനിർത്തുന്നത് ജലവിനിയോഗത്തിലെ സൂക്ഷ്മതയായതിനാൽ, ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ തുടരുന്നുവെന്ന് ഇരുവരും പറയുന്നു.
ഫോൺ: 9447329247