ചാണകം തന്ന വിളവ്

തൃപ്പാക്കൽ ഗിരീഷ് കുമാർ തന്റെ വാഴത്തോട്ടത്തിൽ

പശുവിന്റെ ചാണകവും മൂത്രവും കൃഷിക്ക് ഉത്തമമാണെന്നു പറഞ്ഞ് സൗമ്യനായി ചിരിക്കുകയാണ് ഈ യുവകർഷകൻ. ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന വളമിട്ട് മണ്ണിൽ പൊന്നുവിളയിച്ചതിന്റെ ആത്മവിശ്വാസമാണ് തൃശൂർ താണിക്കുടം സ്വദേശിയായ തൃപ്പാക്കൽ ഗിരീഷ് കുമാറിന്റെ ഈ ചിരിക്കു പിന്നിൽ.

രണ്ടുവർഷം മുൻപുവരെ മറ്റു ഭൂരിഭാഗം കർഷകരെയുംപോലെ ചെറിയ തോതിലാണെങ്കിലും രാസവളങ്ങൾ തന്നെയാണ് ഗിരീഷും കൃഷിക്കായി ഉപയോഗിച്ചിരുന്നത്. പിന്നീട് പത്രമാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞ് ജൈവകൃഷി പ്രചാരകനായ സുഭാഷ് പലേക്കറിന്റെ കൃഷിപാഠങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു.

ആറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗിരീഷിന്റെ കൃഷിയിടത്തിൽ റബറും തെങ്ങും കപ്പയും വാഴയുമെല്ലാമുണ്ട്.രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ നേന്ത്രവാഴ കുലയ്ക്കില്ല എന്നു വിശ്വസിക്കുന്ന കാലഘട്ടത്തിൽ ഒരേക്കറിൽ ഇരുന്നൂറ്റൻപതിൽപരം ചെങ്ങഴിക്കോടൻ വാഴക്കുലകൾ ഗിരീഷ് ജൈവകൃഷിയിലൂടെ വിളയിച്ചു.

ആറടി അകലത്തിൽ കുഴിയെടുത്ത് വാഴക്കന്നു വയ്ക്കുന്നതിനു മുൻപ്  അടിവളമായി പച്ചിലയും കടലപ്പിണ്ണാക്കും ആട്ടിൻകാഷ്ഠവും ഇട്ടശേഷം ഇടകിളച്ച് ഒരുമാസം വെയിൽ കായാനിടുന്നതാണ് ആദ്യപടി. വാഴ നട്ടശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നന പ്രധാനമാണെന്നു പറയുന്നു ഇദ്ദേഹം.

പിന്നീട് വാഴ കുലയ്ക്കുന്നതിനു മുൻപ് മൂന്നു തവണയായി നാടൻ പശുവിന്റെ ചാണകവും മൂത്രവും ശർക്കരയും പയറുപൊടിയും ഒരുപിടി രാസവളം കലരാത്ത മണ്ണും ചേർത്തുണ്ടാക്കുന്ന ‘ജീവാമൃതം’ എന്ന ജൈവമിശ്രിതം വളമായി ഇടണം. വാഴ കുലച്ചു മൂന്നാഴ്ചയാകുമ്പോൾ ചാക്കും വാഴയിലച്ചപ്പും ഉപയോഗിച്ചു കുല മൂടും.

കിളി കൊത്താതിരിക്കും എന്നതിനൊപ്പം ചെങ്ങഴിക്കോടന്റെ ഗുണം ഉറപ്പാക്കുന്ന തൊലിപ്പുറത്തെ നിറവ്യത്യാസം ഉണ്ടാവാനും ഈ മൂടൽ വിദ്യ നല്ലതാണ്. പിണ്ടിതുരപ്പൻ പുഴുവിനെപ്പോലുള്ള കീടങ്ങളെ പ്രതിരോധിക്കാനായി രാസവസ്തുക്കൾക്കു പകരം വാഴത്തണ്ടിൽ മണ്ണുകുഴച്ചു പൊതിയുകയും ചെയ്യുന്നു.

ഒരു വാഴക്കുലയ്ക്കു ശരാശരി 14 കിലോ തൂക്കവും ജൈവമാണെന്നതിനാൽ സാധാരണയിൽ കവിഞ്ഞ വിലയും കിട്ടുന്നുണ്ടെന്നും ഗിരീഷ് പറയുന്നു. തൃശൂർ അപ്പൻ തമ്പുരാൻ മ്യൂസിയത്തിലെ ഗൈഡായ ഭാര്യ മനീഷ പാങ്ങിലും സ്കൂൾ വിദ്യാർഥികളായ മക്കളും ഗിരീഷിന്റെ കൃഷിക്കു സഹായമായി കൂടെയുണ്ട്.