പുത്തൻ കൂൺ: രുചിയൂറും വെണ്മ

പുതിയ കൂൺ ഇനങ്ങളായ പ്ള്യൂറോട്ടസ് ഒപ്പൻഷ്യ, പ്ള്യൂറോട്ടസ് സിസ്റ്റീഡിയോസിസ്

മലയാളിയുടെ തീൻമേശകളിലേക്ക് ഇനി വെള്ളരിപ്രാവിന്റെ മിഴിവോടെയുള്ള പുത്തൻ കൂൺ ഇനങ്ങൾ. വെള്ളായണി കാർഷിക കോളജിലെ ഗവേഷക വിദ്യാർഥിയാണ് പുത്തൻ കൂൺ ഇനങ്ങളായ പ്ള്യൂറോട്ടസ് ഒപ്പൻഷ്യയും പ്ള്യൂറോട്ടസ് സിസ്റ്റീഡിയോ സസിനെയും വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡോ. ഡി. ഗീതയുടെ മേൽനോട്ടത്തിൽ പി.ജെ. കൃഷ്ണപ്രിയ എന്ന ഗവേഷക വിദ്യാർഥിയുടെ ഗവേഷക ഫലമായിട്ടാണ് വെള്ളച്ചിപ്പിക്കൂണുകൾക്കിടയിലെ കുള്ളന്റെയും ഭീമന്റെയും പിറവി.

കേരളത്തിലെ കൂൺ കർഷകർക്കു വൻ ആദായം നേടിത്തരുന്നതാണ് പുതിയ കൂണിനങ്ങളെന്നു കൃഷ്ണപ്രിയയും ഡോ.ഡി. ഗീതയും പറയുന്നു. വളരെ കുറഞ്ഞ കാലയളവിൽ 12 ദിവസങ്ങൾക്കുള്ളിൽ തന്നെ വിളവെടുക്കാവുന്ന ഇനമാണ് പ്ള്യൂറോട്ടസ് ഒപ്പൻഷ്യ എന്ന കൂണിനം. തൂവെള്ള നിറവും നേർത്തതും കുറുനിരകളോടും കൂടിയ ഇവ കാഴ്ചയിൽ വെള്ളരിപ്രാവുകളെ ഓർമിപ്പിക്കും.

ഇവയുടെ കൂൺ വിത്തുകൾ പാകമാകാൻ 20 മുതൽ 22 ദിവസം വരെ എടുക്കും. റബർ മരപ്പൊടിയും വയ്ക്കോലുമാണ് മാധ്യമം. ഒരു കൂൺ തടത്തിൽനിന്നും ഒരു കിലോയോളം വിളവു ലഭിക്കും. ഇതുവരെ കൃഷി ചെയ്തിട്ടുള്ള ചിപ്പി കൂൺ ഇനത്തേക്കാളും അത്യുൽപാദനശേഷിയുള്ള ഇനമാണ് പ്ള്യൂറോട്ടസ് സിസ്റ്റീ ഡിയോസസെന്ന് ഇരുവരും പറയുന്നു.

ഇവ വെള്ളനിറവും വലുപ്പക്കൂടുതലും മൃദുത്വമുള്ളതുമാണ്. ഒരു ചിപ്പി കൂണിന് 110 ഗ്രാം വരെയും ഒരു കുല കൂണിന് 475 മുതൽ 525 ഗ്രാം വരെയും തൂക്കമുള്ള വിളവു ലഭിക്കും. ഈ ഇനം വൈക്കോലിലോ റബർ മരപ്പൊടിയിലോ വളർത്താമെങ്കിലും കൂടുതൽ വിളവു ലഭിക്കുന്നതു മരപ്പൊടിയിലാണെന്നു ഡോ. ഗീത പറയുന്നു.

ഈ ഇനത്തിന്റെ ആദ്യ വിളവെടുപ്പിൽ തന്നെ ശരാശരി ഒന്നര കിലോ വരെ ലഭിക്കും. കേരളത്തിന്റെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനമാണ് പ്ള്യൂറോട്ടസ് ഒപ്പൻഷ്യ എങ്കിൽ പ്ള്യൂറോട്ടസ് സിസ്റ്റിഡിയോസസിനു നല്ല തണുപ്പും ആർദ്രതയും ആവശ്യമാണ്.