‘കണ്ടാൽ പപ്പായ ഇലയാണെന്നു തോന്നും. തണ്ടോ ഇലയോ പൊട്ടിച്ചു നോക്കിയാൽ രൂപപ്പെടുന്നത് ഒരു വലിയ ചിലന്തി വലയായിരിക്കും. ഏതു മുറിവും ദിവസങ്ങൾ കൊണ്ട് ഉണങ്ങാൻ ഈ ചെടിയുടെ പശ മതി. ചിലന്തിപ്പച്ച എന്നു തന്നെയാണ് ഇതിന്റെ പേര്–’ മലയാറ്റൂർ മാളിയേക്കൽ വീടിന്റെ തൊടിയുടെ മൂലയിൽ നട്ടുവളർത്തിയ, ഒരാൾ പൊക്കത്തിലായിക്കഴിഞ്ഞ, ചെടിയിൽ നിന്ന് ഒരു ഇല പൊട്ടിച്ചുകൊണ്ട് സുകുമാരൻ വൈദ്യർ വിശദീകരിച്ചു.
അതു മാത്രമല്ല ഈ വളപ്പിലുള്ളത്. പച്ചമരുന്നുകളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ഭൈഷദ്യരത്നാവലി’യിലെ പ്രധാന ചെടികളിൽ മിക്കതും സുകുമാരൻ വൈദ്യർ നട്ടു പരിപാലിക്കുന്നു. മഹാരോഗങ്ങൾക്കുള്ള കരളകം, കരൾവേഗ, ചോറ്റുകറ്റാർ വാഴ, ഇലമുളച്ചി, കയ്പനരശി, കരിനൊച്ചി, രാവണമീശ തുടങ്ങി വിവിധ ചെടികൾ ഈ സിദ്ധവൈദ്യന്റെ വീട്ടുവളപ്പിലുണ്ട്. മറ്റു ചികിൽസകർക്കു വരെ പച്ചമരുന്നുകളുടെ കൂട്ടുകൾ മടിയില്ലാതെ വൈദ്യര്‍ തയാറാക്കിക്കൊടുക്കും.
സ്വാമി ശിവാനന്ദ പരമഹംസന്റെ ശിഷ്യനായ സുകുമാരൻ വൈദ്യന് മുത്തച്ഛൻ നാരായണൻ ഗുരുക്കളുടെ ചികിൽസാ വൈദഗ്ധ്യമാണു പകർന്നു കിട്ടിയത്.
വിവിധ രോഗങ്ങൾക്കു ഫലപ്രദമായ ചെടികൾ കിട്ടുന്നിടത്തുനിന്നെല്ലാം അദ്ദേഹം ശേഖരിക്കും. ഒരിക്കൽ പൂഞ്ഞാറിലേക്കു പോയ വൈദ്യർ തിരിച്ചുവന്നത് ചോറ്റുകറ്റാർ വാഴയുടെ വേരുമായിട്ടായിരുന്നു. പൂഞ്ഞാറിൽ ഒരാളുടെ പക്കൽ ഇതുണ്ടെന്ന് അറിഞ്ഞു ചെന്നു പണം കൊടുത്തു വാങ്ങി. തേനും ചോറ്റുകറ്റാർ വാഴയുടെ ചുവന്ന നീരും പ്രത്യേക കൂട്ടും ചേർന്നുള്ള മരുന്നിനു വേണ്ടിയാണതു വാങ്ങിയത്.
പച്ചിലകളുടെ ഗുണങ്ങളെ കുറിച്ച് അധികം പേർക്ക് പറഞ്ഞുകൊടുക്കാൻ പേടിയാണെന്നു വൈദ്യർ പറയുന്നു. കാരണം ഗുണമറിഞ്ഞാൽ പിന്നെ, ചെടികൾ പരമാവധി ചൂഷണം ചെയ്യാനാണ് ആളുകൾ ശ്രമിക്കുന്നത്.