ജാതിക്കായുടെ വില താഴുകയും വീണ്ടും ഉയരുകയുമൊക്കെ ചെയ്യുമ്പോഴും പാലാ അന്തീനാട്ടിലെ കാവുകാട്ട് തറവാട്ടിൽ ജോർജ് തോമസ് എന്ന എഴുപത്തിരണ്ടുകാരൻ കൃഷിക്കാരനു കുലുക്കമില്ല. ബാങ്ക് മാനേജരുടെ കസേരയിൽനിന്നു വിരമിച്ച് പുരയിടത്തിലിറങ്ങിയപ്പോൾ തന്നെ ഉറപ്പുള്ള നിക്ഷേപമാണ് ജാതിയെന്നു തിരിച്ചറിഞ്ഞതാണദ്ദേഹം. കൂടെ കൂട്ടിയ ജാതി മരങ്ങൾ ചതിക്കില്ലെന്ന് അദ്ദേഹത്തിനുറപ്പുണ്ട്. വംശമഹിമയും ഉൽപാദനമികവുമുള്ള ഇനങ്ങൾ തിരഞ്ഞുപിടിച്ചു നട്ടുവളർത്തിയ തോട്ടമാണിതെന്നതുതന്നെ കാരണം.
ഓരോ രീതിയിൽ മികവ് തെളിയിച്ച 11 ഇനം ജാതിമരങ്ങളാണ് വീടിനോടു ചേർന്നുള്ള തോട്ടത്തിലുള്ളത്. കായ്കളുടെ എണ്ണം, വലുപ്പം, പത്രിയുടെ നിലവാരം എന്നിങ്ങനെ വിവിധ ഗുണങ്ങളിൽ മെച്ചപ്പെട്ടതെന്നു തെളിഞ്ഞവ മാത്രം കൃഷി ചെയ്തിരിക്കുന്നതിനാൽ ഈ മരങ്ങളിൽനിന്നുള്ള വിളവും തൈകളും ഒന്നിനൊന്നു മെച്ചം. ജാതിക്കയുടെ വിപണിവിലയിൽ ചിലപ്പോൾ മങ്ങലുണ്ടാകാറുണ്ടെങ്കിലും 25 വർഷത്തെ ശരാശരി വില കണക്കിലെടുത്താൽ ഏതു നാണ്യവിളയെക്കാളും ആദായകരം ജാതിയാണെന്ന കാര്യത്തിൽ ജോർജ് തോമസിനു സംശയമില്ല.
ഇരുപതു വർഷം മുമ്പ് കൃഷിയിൽ സജീവമായപ്പോൾ മുതൽ ജാതിയുടെ ജനിതകമികവ് ഉറപ്പാക്കാനായി വിവിധ ജാതിത്തോട്ടങ്ങൾ സന്ദർശിച്ച് ഏറ്റവും മികച്ചവ മാത്രം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇടുക്കിയിലെ മുരിക്കാശേരി, മുനിയറ, കോഴിക്കോട് ജില്ലയിലെ പൂവാറംതോട് എന്നിവിടങ്ങളിൽനിന്നെല്ലാം ഇപ്രകാരം മികച്ച ഇനങ്ങൾ കണ്ടെത്താനായെന്ന് ജോർജ് തോമസ് പറയുന്നു. കൂടാതെ കേരളത്തിലെമ്പാടുമുള്ള ജാതിനഴ്സറികളിൽ നിന്നുള്ള മുന്തിയ ഇനങ്ങളും ഇവിടെയുണ്ട്.
ഒരു മരത്തിൽനിന്ന് ശരാശരി 5500–6500 രൂപ ആദായം. ജനിതക മികവിനൊപ്പം ശാസ്ത്രീയമായ പരിപാലനവും ഈ നേട്ടത്തിനു പിന്നിലുണ്ട്. ജൈവവളത്തിനു പ്രാധാന്യം നൽകി അത്യാവശ്യത്തിനു മാത്രം രാസവളം നൽകുന്ന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചാണകം, നിലത്തു കുഴിയെടുത്തു മൂടി സൂക്ഷിച്ച കോഴിവളം, എല്ലുപൊടി കൂടുതലടങ്ങിയ സ്റ്റെറാമീൽ എന്നിവയാണ് പ്രധാന പോഷകക്കൂട്ട്. ഇതിനു പുറമേ, രാസവളമായി പൊട്ടാഷും നൽകും. മികച്ച വിളവിന് ഈ രീതിയിലുള്ള പോഷണം സഹായിക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. വർഷത്തിൽ മൂന്നു തവണ ബോർഡോമിശ്രിതം തളിക്കുന്നു. മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലാണ് ഇത്.
എല്ലാ സീസണിലും നല്ല കായ്ഫലം നൽകുന്ന മരങ്ങളും അതിവർഷത്തിലും ഉൽപാദനക്ഷമത നിലനിറുത്തുന്ന ഇനങ്ങളും ഇവിടുണ്ട്. മുപ്പതു ശതമാനത്തോളം ജാതിമരങ്ങൾ ശരാശരിയിലും അധികം ഉൽപാദനമുള്ളവയാണ്. തോട്ടത്തിലെ കൂടുതൽ മികവുള്ള മൂന്നിനങ്ങളുടെ ബഡ് തൈകൾ ഇവിടെ വിൽപനയ്ക്കുണ്ട്. എല്ലാ മാസവും വിളവെടുക്കാവുന്ന ഇനമാണ് ഇവയിൽ ശ്രദ്ധേയം. ഒരു വർഷം ആറു തവണ പൂവിടും. പൂക്കളിൽ 90 ശതമാനവും കായ് പിടിക്കുന്നതിനാൽ മറ്റിനങ്ങളെക്കാൾ കൂടുതൽ വിളവ് പ്രതീക്ഷിക്കാം. താരതമ്യേന വലുപ്പം കുറഞ്ഞ കായ്കളായതിനാൽ ഒരു കിലോ തൂക്കം ലഭിക്കുന്നതിനു 100– 110 കായ്കൾ വേണ്ടിവരും. പതിനഞ്ചു വർഷം പ്രായമായ ഈ ഇനത്തിൽനിന്ന് ഒരു വർഷം 20–25 കിലോ ജാതിക്കായ് പ്രതീക്ഷിക്കാം. ചുവന്ന നിറമുള്ള പത്രിക്കു കനം കുറവായതിനാൽ 1200–1500 പത്രിയുണ്ടെങ്കിലേ, ഉണക്കിയെടുക്കുമ്പോൾ ഒരു കിലോ കാണുകയുള്ളൂ.
ഒരു കിലോ തൂക്കം കിട്ടാൻ 85–90 കായ്കൾ മതിയാവുന്ന ഇനവും ശരാശരി 65 കായ്കളിൽനിന്ന് ഒരു കിലോ വീതം തൂക്കം കിട്ടുന്ന ഇനവും ഇവിടെയുണ്ട്. സ്വയം വികസിപ്പിച്ച സങ്കരഇനമാണ് ഈ കർഷകന്റെ മറ്റൊരു മുന്നേറ്റം. ഒരു വർഷം പ്രായമായ ബഡ്തൈകൾപോലും ഇദ്ദേഹത്തിന്റെ നഴ്സറിയിൽ മൊട്ടിട്ടു നിൽക്കുന്നതു കാണാം. മൂന്നും നാലും തട്ട് വളർച്ചയെത്തിയ ജാതി തൈകളിൽ ബഡ് ചെയ്താണ് ഒരു വർഷത്തിനകം കായ്ഫലമേകുന്ന ജാതി ഉൽപാദിപ്പിക്കുന്നത്.
ഫോൺ: 9446126438, 8943426870