പൻറുട്ടിയിലെ പ്ലാത്തോട്ടങ്ങൾ

കരുണാകരനും ഹരിദോസും പ്ലാവിൻതോട്ടത്തിൽ

റബർതോട്ടവും മാന്തോപ്പും തെങ്ങിൻതോപ്പുമൊക്കെ മലയാളഭാഷയിലെ സുപരിചിത പദങ്ങളാണ്. പക്ഷേ പ്ലാത്തോട്ടമെന്നത് കേരളരാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ഒരു വീട്ടുപേരുമാത്രമാണ് നമുക്ക്. പ്ലാവ് തോട്ടമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മലയാളി ചിന്തിച്ചിട്ടില്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പൻറുട്ടി താലൂക്കിലുള്ള പ്ലാവിൻതോട്ടങ്ങൾ നമുക്ക് കൗതുകകരമായ ഒരു കൃഷിക്കാഴ്ചയാണ്. തീരദേശജില്ലയായ കടല്ലൂരിലാണ് പൻറുട്ടി. ഇവിടുത്തെ അ‍ഞ്ചും പത്തും ഏക്കർ വീതമുള്ള പ്ലാവിൻതോപ്പുകൾ വേറിട്ട കാഴ്ചയ്ക്കൊപ്പം ചിന്തകൾക്കും ഇടം നൽകുന്നു.

മണലിന്റെ അംശം കൂടുതലുള്ള ഇവിടുത്തെ മണ്ണിൽ കശുമാവാണ് പ്രധാന വിള. തൊട്ടുപിന്നിലായി പ്ലാവുണ്ട്. പല കർഷകകുടുംബങ്ങളും പ്ലാവുകൃഷിയിലൂടെ മികച്ച വരുമാനം നേടുന്നുമുണ്ട്. പൻറുട്ടി താലൂക്കിലാകെ ആയിരം ഹെക്ടറിലധികം പ്ലാവുകൃഷിയുണ്ടെന്നാണ് പ്ലാവുകർഷകൻ കൂടിയായ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) ഹരിദോസ് പറഞ്ഞത്. ഇതിൽ പകുതിയോളം പത്ത് ഏക്കറിലധികമുള്ള പ്ലാവിൻതോട്ടങ്ങൾ തന്നെ. മുന്നൂറ് വർഷം മുമ്പ് തന്നെ ഈ മേഖലയിൽ പ്ലാവ് വരുമാനത്തിനായി കൃഷി ചെയ്തിരുന്നെന്ന് അദ്ദേഹം പറയുന്നു. കശുമാവ് തോട്ടങ്ങളുടെ അരികിലൂടെ പ്ലാവ് നടുന്ന രീതിയായിരുന്നു തുടക്കത്തിൽ കൂടുതലായുണ്ടായിരുന്നത്. എന്നാൽ വരുമാനസാധ്യത വർധിച്ചതോടെ പലരും കശുമാവിൽനിന്നു പ്ലാവിലേക്ക് തിരിയുകയാണെന്ന് ഹരിദോസ് പറഞ്ഞു.

വായിക്കാം ഇ - കർഷകശ്രീ

കൃഷിക്കാരുടെ കണക്കനുസരിച്ച് ഒരു ഏക്കറിൽ 60 പ്ലാവ് നടാം. മലയാളത്തിനു പരിചയമില്ലാത്ത പരിപാലനരീതികളാണ് ഇവർ പ്ലാവിനു നൽകുന്നത്. മഴയില്ലാത്ത സീസണിൽ മാസത്തിലൊരിക്കൽ പ്ലാവുകൾക്ക് നന നൽകും. തോട്ടങ്ങളിൽ ഇതിനായി കുഴൽകിണറുകളുണ്ട്. കുഴൽകിണറിൽനിന്നു പമ്പ് ചെയ്യുന്ന ജലം ചാലുകളിലൂടെ ഓരോ പ്ലാവിനെയും ചുറ്റിയൊഴുകും. കായ്കളുടെ എണ്ണം കുറച്ച് വണ്ണം കൂട്ടുന്ന തിന്നിങ് ടെക്നോളജിയാണ് പൻറുട്ടിയിലെ പ്ലാവുകൃഷിയുടെ മറ്റൊരു സവിശേഷത. പ്ലാവിന്റെ പ്രായവും വലുപ്പവുമനുസരിച്ച് നിശ്ചിത എണ്ണം ചക്ക മാത്രം വളരാൻ അനുവദിക്കുന്ന രീതിയാണിത്. അധികമായുണ്ടാവുന്ന മുഴുവൻ ചക്കയും ചെറുപ്രായത്തിൽ തന്നെ മുറിച്ചുകളയുന്നു. ഇതുവഴി തൂക്കം കൂടുതലുള്ള വലിയ ചക്ക കിട്ടുമെന്ന് ഹരിദോസ് പറഞ്ഞു. വാണിജ്യരീതിയിലുള്ള കൃഷി വർധിച്ചതോടെ ചെറിയ തോതിലുള്ള രാസവളപ്രയോഗത്തിലേക്കു ചിലരെങ്കിലും നീങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് ഇവിടെ ചക്കയുടെ ഉൽപാദന സീസൺ. സീസണാകുന്നതോടെ പൻറുട്ടി പട്ടണത്തിൽ ചക്കവ്യാപാരകേന്ദ്രങ്ങൾ സജീവമാകും. കൃഷിക്കാർ ചെറുവണ്ടികളിൽ കൊണ്ടുവരുന്ന ചക്ക റോഡ‍രികിലെ ഷെഡുകളിൽ പ്രത്യേകം കൂട്ടിയിടും. മുംബൈ, സൂറത്ത് തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നു ചക്ക കയറിപ്പോകുന്നു. കച്ചവടം ഉറപ്പിച്ച ചക്ക രാത്രിയിൽ ലോഡ് ചെയ്യും. അതിരാവിലെ ഒട്ടേറെ ചക്കലോറികൾ ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു യാത്ര പുറപ്പെടുന്നത് സീസണിൽ ഇവിടുത്തെ പതിവു കാഴ്ചയാണ്. ഇതുകൂടാതെ ചക്കപ്പഴത്തിന്റെ ചില്ലറക്കച്ചവടവും സജീവം. ബസ് സ്റ്റാൻഡിലും വഴിയരികിലുമായി ചക്കപ്പഴം വിൽക്കുന്ന നൂറിലധികം സ്ത്രീകളുണ്ടിവിടെ. വഴിയോരക്കച്ചവടക്കാരിയായ ശാന്തിയോട് വില തിരക്കി– ഒരു ചുളയ്ക്ക് രണ്ടു രൂപ. ഈച്ചയാർക്കാതെ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയ ചക്കപ്പഴം വിറ്റുതീരുന്ന മുറയ്ക്ക് ഇവർതന്നെ കൂടുതൽ ചക്ക വെട്ടി ചുള പെറുക്കിവയ്ക്കും. ചില്ലറക്കച്ചവടത്തിനുള്ള ചക്ക മൊത്തക്കച്ചവടക്കാരിൽനിന്നാണ് വാങ്ങാറുള്ളത്. അയൽക്കാരായ കൃഷിക്കാരിൽനിന്നും വാങ്ങും.

റോഡരികിലെ ചക്കപ്പഴവ്യാപാരം

പൻറുട്ടിയിലെ പ്ലാവുകർഷകരിൽ പ്രമുഖനായ കരുണാകരന് ആറര ഏക്കറോളം പ്ലാവിൻതോട്ടമുണ്ട്. ആകെ 400 മരങ്ങളാണ് ഇപ്പോൾ കായ്ഫലം നൽകുന്നത്. ഏതാനും വർഷംമുമ്പ് കടല്ലൂരിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ഇദ്ദേഹത്തിന്റെ തോട്ടമാകെ നാശത്തിന്റെ വക്കിലെത്തിയതായിരുന്നു. ഭൂരിപക്ഷം മരങ്ങളും ഒടിഞ്ഞുപോയതിനെ തുടർന്ന് എല്ലാം പിഴുതുമാറ്റി പുതിയ തൈകൾ നടാനായി കരുണാകരൻ തീരുമാനിച്ചതായിരുന്നു. എന്നാൽ കൃഷി ഓഫിസറായ ഹരിദോസ് ഒടിഞ്ഞ മരങ്ങൾക്കു പുതുജീവൻ നൽകുന്നതിനുള്ള വിദ്യ പഠിപ്പിച്ചതോടെ ആ തീരുമാനം മാറി. ഒടിഞ്ഞ ഭാഗം മുറിച്ചുമാറ്റിയശേഷം മുറിവിൽ ബോർഡോമിശ്രിതവും മറ്റ് കുമിൾനാശിനികളും പുരട്ടി സംരക്ഷിക്കുന്ന വിദ്യയാണ് ഇവർ നടപ്പാക്കിയത്. ഇതുവഴി ഭൂരിഭാഗം മരങ്ങളും നശിച്ചുപോകാതെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു കരുണാകരൻ ചൂണ്ടിക്കാട്ടി. നശിച്ച മരങ്ങൾക്ക് പകരം നട്ട തൈകളും ഇവിടെ വളർന്നുവരുന്നുണ്ട്.

പ്ലാവിൽനിന്നുള്ള വരുമാനത്തെക്കുറിച്ച് കരുണാകരൻ നിരത്തുന്ന കണക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. വലിയ ഒരു പ്ലാവിൽ പരമാവധി 20 ചക്കയാണ് ഇദ്ദേഹം അനുവദിക്കുക. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന ഓരോ ചക്കയ്ക്കും ശരാശരി 20 കിലോ തൂക്കം പ്രതീക്ഷിക്കാമെന്നു കരുണാകരൻ പറയുന്നു. അതനുസരിച്ച് ഒരു പ്ലാവിൽനിന്നും കിട്ടുന്ന 20x20= 400 കിലോ ചക്കയ്ക്ക് 20 രൂപ നിരക്കിൽ 8000 രൂപ വരുമാനം ഉറപ്പാണ്. ഒരു ഏക്കറിലെ 60 മരങ്ങളിൽ നിന്നുള്ള ആകെ ആദായം 4,80,000 രൂപ!!. ഒരു ഏക്കർ പ്ലാവുകൃഷിക്ക് വേണ്ടിവരുന്ന ചെലവാകട്ടെ പരമാവധി പതിനായിരം രൂപ. കള നശിപ്പിക്കുന്നതിനായുള്ള ഉഴവിനും മാസത്തിലൊരിക്കലുള്ള നനയ്ക്കും കുമിൾനാശിനി പ്രയോഗത്തിനും വേണ്ടിവരുന്ന തുകയാണിത്.

ഇടനിലക്കാരുടെ ചൂഷണം ഇവിടെയും പ്ലാവ് കർഷകരെ വലയ്ക്കുന്നുണ്ട്. തോട്ടമടച്ചു വില പറയുന്ന ഇവർ മൂപ്പെത്തുന്ന ചക്ക പട്ടണത്തിലെ ഏജന്റുമാരുടെ ഷെഡുകളിലെത്തിക്കുന്നു. ഇടനിലക്കാരും ഏജന്റുമാരും ചേർന്ന് വില നിശ്ചയിക്കുന്ന സംവിധാനമാണിവിടെ. ഇതുവഴി കൃഷിക്കാർക്ക് 20 ശതമാനത്തോളം വരുമാനനഷ്ടമുണ്ടെന്നാണ് കരുണാകരന്റെ കണക്ക്. ഈ ചൂഷണം മറികടക്കാനായി തന്റെ തോട്ടത്തിലെ ചക്ക മുഴുവൻ ചെന്നൈ വിപണിയിലെത്തിക്കുകയാണ് കരുണാകരൻ ചെയ്യുന്നത്. ചക്കക്കച്ചവടത്തിനായി ഒരാളെ വേതനം നൽകി നിയമിച്ചിട്ടുമുണ്ട്. പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് ചക്ക ഐസ്ക്രീം നിർമിക്കാനായി കരുണാകരന്റെ തോട്ടത്തിലെ ചക്ക നേരിട്ടുവാങ്ങുന്നു.

ഫോൺ: 9443074620 (ഹരിദോസ്)