തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പൊന്നുവിലയുള്ള ഭൂമിയിൽ വാഴക്കൃഷി ചെയ്തു വ്യത്യസ്തരാവുകയാണ് നായ്ക്കനാൽ റസിഡന്റ്സ് അസോസിയേഷൻ. എംജി റോഡിൽ മാരാത്ത് ലെയ്നിലുള്ള 12 സെന്റ് ഭൂമിയിലാണ് പൂർണമായും ജൈവരീതിയിൽ കൃഷി നടത്തുന്നത്. സ്ഥലത്തിന്റെ ഉടമയായ മുല്ലശേരി സ്വദേശി പ്രദീപ് കുമാർ പ്രതിഫലമൊന്നും വാങ്ങാതെ കൃഷി ചെയ്ത് ആദായമെടുക്കാൻ അസോസിയേഷന് ഭൂമി വിട്ടുനൽകുകയായിരുന്നു.
എട്ടുമാസം മുൻപാണ് കൃഷി ആരംഭിച്ചത്. കാടുപിടിച്ച് മാലിന്യത്തൊട്ടിയായി കിടന്ന സ്ഥലം ജെസിബി കൊണ്ടുവന്നു വൃത്തിയാക്കി. ചാരവും ചാണകവും കൂട്ടി മണ്ണിളക്കി ആദ്യം നട്ടത് ചീര, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ വിളകൾ. ഏപ്രിലിൽ വിഷുവിനോടനുബന്ധിച്ച് ഇതിന്റെ വിളവെടുപ്പും നടത്തി. പച്ചക്കറികൾ അസോസിയേഷനിലെ വീട്ടുകാർക്കു തന്നെ വിതരണം ചെയ്യുകയായിരുന്നു.
പിന്നീടാണ് വാഴക്കൃഷിയിലേക്കു കടന്നത്. നേന്ത്രവാഴയാണ് ഏറെയും. ചെങ്കദളി, കിന്റൽ വാഴ തുടങ്ങിയ ഇനങ്ങളുമുണ്ട്. ഇടവിളയായി ചേനയും നട്ടിരിക്കുന്നു. കൃഷിക്കാവശ്യമായ വെള്ളം അടുത്തുള്ള വീടുകളിലെ കിണറിൽ നിന്നാണ് എടുക്കുന്നത്. ചാരവും മറ്റു വളങ്ങളും കാറ്ററിങ് സർവീസ് നടത്തുന്ന അസോസിയേഷൻ അംഗമായ അമ്പിസ്വാമിയും നൽകി. നനയും കളപറിക്കലും പരിപാലനവുമെല്ലാം അസോസിയേഷൻ ഭാരവാഹികളായ ഗോപി, ശിവദാസ്, മനോജ്, മധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.
മാരാത്ത് ലെയ്നിൽ ഡിസിസി ഓഫിസിനു സമീപവും അസോസിയേഷന്റെ നേതൃത്വത്തിൽ അമര, വള്ളിപ്പയർ തുടങ്ങിയവയുടെ കൃഷി ആരംഭിച്ചു കഴിഞ്ഞു. നഗരത്തിൽ ഇത്തരത്തിൽ തരിശായി കിടക്കുന്ന മറ്റു ഭാഗങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുന്നതിനു പദ്ധതിയുണ്ടെന്നു ഇവർ പറയുന്നു.