ചെങ്കല്ലുവെട്ടി മഴവെള്ളക്കൊയ്ത്തിനു കൂറ്റൻ സംഭരണിയുണ്ടാക്കി യുവ കർഷകൻ. കാസർകോട് പെരിയ പയറ്റിച്ചാലിലെ എ.രഞ്ജിത് കുമാറാണ് തന്റെ കൃഷിയിടത്തിൽ കൂറ്റൻ സംഭരണിയൊരുക്കി മഴവെള്ളത്തെ സംരക്ഷിക്കുന്നത്. മഴവെള്ളസംഭരണിക്കായി ആദ്യം ചെങ്കല്ലു നിറഞ്ഞ സ്ഥലത്തെ കല്ലു വെട്ടിയെടുക്കുകയായിരുന്നു ഇദ്ദേഹം. വെട്ടിയെടുത്ത കല്ല് തന്റെ കൃഷിയിടത്തിലെ ആവശ്യത്തിനു തന്നെ വിനിയോഗിച്ചു. പിന്നീട് അടിഭാഗം കോൺക്രീറ്റ് ചെയ്തു. നാലുവശങ്ങളിലും രണ്ട് അടരായി പ്ലാസ്റ്റർ ചെയ്തു. അങ്ങനെ മനോഹരമായ സംഭരണിയാക്കി അതിനെ മാറ്റുകയായിരുന്നു. 12 ലക്ഷം ലീറ്റർ വെള്ളം ഇതിൽ സംഭരിക്കാനാകും. 20 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള സംഭരണിയുടെ ആഴം നാലുമീറ്ററാണ്. 10 സെന്റ് സ്ഥലത്താണ് സംഭരണി നിർമിച്ചത്.
മൂന്നര ലക്ഷം രൂപയാണ് ആകെ ചെലവുവന്നതെന്നു രഞ്ജിത് കുമാർ പറഞ്ഞു. എന്നാൽ ഇതിനുപുറമെ മഴവെള്ളസംഭരണിയെ മനോഹരമായ മതിൽ കെട്ടി സംരക്ഷിക്കാനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചെങ്കല്ലിൽ പണിതീർത്ത മതിൽ കൊത്തുപണികളാൽ സുന്ദരമാണ്. കൂടാതെ പ്രകൃതിദത്ത കുളവും ഇദ്ദേഹം ഇവിടെ ഒരുക്കുന്നുണ്ട്. വിദേശിയും സ്വദേശിയുമായ ഫലവൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ‘ഭക്ഷ്യക്കാട്’ ഒരുക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. നിലവിലുള്ള 20 ഏക്കർ സ്ഥലത്ത് ഇപ്പോൾ റംബൂട്ടാനും ഫാഷൻഫ്രൂട്ടും ജാബയും മുള്ളാത്തയും ലോലിക്കയും സ്റ്റാർ ഫ്രൂട്ടും പൈനാപ്പിളും ചിക്കുവും വിവിധയിനം മാങ്ങകളും കായ്ച്ചു തുടങ്ങി.
ഇനി ലിച്ചി, മാങ്കോസ്റ്റിൻ, പീനട്ട് ബട്ടർഫ്രൂട്ട്, വെൽവെറ്റ് ആപ്പിൾ, അബിയു, ലോങ്ഗൻ, സീതാപ്പഴം, ജബോട്ടിക്കാബ, ബബ്ലൂസ്, മാതളം, അവക്കാട്ടോ തുടങ്ങി എഴുപതിനം ഫലവൃക്ഷങ്ങൾ കൂടി കായ്ക്കാനാകുന്നതോടെ ഭക്ഷ്യക്കാട് എന്ന ഇദ്ദേഹത്തിന്റെ സങ്കൽപം പൂർണതയിലെത്തും. പൂർണമായും ജൈവകൃഷി ചെയ്യുന്ന ഇദ്ദേഹത്തിനു സ്വന്തമായി ഫാമും ഉണ്ട്. 25 നാടൻപശുക്കളെ കൃഷിക്കു മാത്രമായി വളർത്തുന്നു. പലവിധ ബിസിനസുകളും ചെയ്തു നടന്ന രഞ്ജിത്തിനെ കൃഷിയിലേക്ക് കൊണ്ടുവന്നത് സുഭാഷ് പലേക്കറുടെ ക്ലാസായിരുന്നു.