Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെ പാഴ്ഭൂമി, ഇന്ന് ഔഷധപ്പച്ച

genome-saviour-award-farmer-reji റെജി ജോസഫ് നെല്ലിത്തോട്ടത്തിൽ

പാഴ്ഭൂമിയെ മികച്ച ആസൂത്രണത്തിലൂടെയും അധ്വാനത്തിലൂടെയും ജൈവ വൈവിധ്യത്തിന്റെ വിളനിലമാക്കിയ മലയാളി യുവകർഷകനു ദേശീയ അംഗീകാരം. വിളവൈവിധ്യ സംരക്ഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2015ലെ ‘ജിനോം സേവ്യർ’ അവാർഡാണ് അട്ടപ്പാടി പാലയ്ക്കൽ തറപ്പിൽ റെജി ജോസഫിനെ തേടിയെത്തിയത്.

പരമ്പരാഗത ഇനങ്ങൾ സംരക്ഷിക്കുകയും ഇവ ഗവേഷണത്തിനായും വിള പരിഷ്കരണത്തിനായും പങ്കുവയ്ക്കുകയും ചെയ്യുന്ന കർഷകർക്കുള്ളതാണ് ഒന്നര ലക്ഷം രൂപയുടെ പുരസ്കാരം. കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധികസ്വത്തവകാശ സെല്ലാണ് റെജിയുടെ പേരു ശുപാർശ ചെയ്തത്.

വായിക്കാം ഇ - കർഷകശ്രീ

കിഴക്കൻ അട്ടപ്പാടിയിൽ കോട്ടത്തറ വീട്ടിക്കുണ്ടിലെ പാഴ്ഭൂമി വാങ്ങിയ റെജി ആദ്യം സ്ഥലത്തിന്റെ കിടപ്പും മണ്ണിന്റെ ഗുണദോഷങ്ങളും ഇവിടത്തെ കാലാവസ്ഥയുടെ സവിശേഷതകളുമൊക്കെ വിശദമായി പഠിച്ചു. കർഷകരുമായും കൃഷിവിദഗ്ധരുമായും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. വരണ്ട കാലാവസ്ഥയുള്ളതും ജലലഭ്യത കുറഞ്ഞതുമായ ഈ സ്ഥലത്ത് നെല്ലിയാണ് യോജിച്ച വിളയെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു.

അട്ടപ്പാടിക്കു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വരൾച്ചാപ്രതിരോധശേഷിക്കു പുറമേ, നെല്ലിക്കയുടെ ഉപയോഗരീതികളും കണക്കിലെടുത്തു. ഔഷധാവശ്യങ്ങൾക്കും അച്ചാർ നിർമാണത്തിനും പറ്റിയ ബിഎസ്ആർ–1, എൻഎ–7, കാഞ്ചൻ, കൃഷ്ണ, ചാമ്യ എന്നീ ഇനങ്ങളാണ് മുഖ്യമായും കൃഷിയിറക്കിയത്. സ്വഭാവ സവിശേഷതകൾ ഉറപ്പാക്കാനും വൈകാതെ കായ്ക്കാനുമായി ഇവയുടെ ഗ്രാഫ്റ്റ് തൈകൾ വാങ്ങി നട്ടു. ഇതിലൂടെ മികച്ച വരുമാനം ഉറപ്പാക്കിയ റെജിയുടെ അടുത്ത ദൗത്യം നാടൻ നെല്ലിയിനങ്ങളുടെ സംരക്ഷണമായിരുന്നു.

അട്ടപ്പാടിയുടെ തനത് നെല്ലിയിനങ്ങൾ ഉൾപ്പെടെ 22 നാടൻ ഇനങ്ങൾ ഇന്നു റെജിയുടെ കൃഷിയിടത്തിൽ വളരുന്നു. ഷോളയാർ, മുള്ളി, പുത്തൂർ, താവളം, കോട്ടത്തറ, അഗളി, ആനക്കട്ടി, മണ്ണാർകാട്, എരുത്തിയാംപതി, ചിറ്റൂർ, കല്ലയര, പല്ലടം, പൊള്ളാച്ചി, കോയമ്പത്തൂർ, തേനി എന്നിവിടങ്ങളിൽനിന്നുള്ള ഇനങ്ങളുമുണ്ട്.

കൃഷിയിടത്തിന്റെ പരിമിതികൾ പരമാവധി മറികടന്ന ശേഷമാണ് റെജി നെല്ലിക്കൃഷിയിലേക്കു ചുവടുവച്ചത്. മഴവെള്ളം പരമാവധി മണ്ണിൽ സംഭരിക്കാനായി കൃഷിയിടം തട്ടുകളായി തിരിച്ചു. മഴക്കുഴികൾ കുത്തി, കിടങ്ങുകൾ ഒരുക്കി, പിറ്റേവർഷമാണ് നെല്ലി നടുന്നത്. മണ്ണിൽ നെല്ലിത്തൈകൾ എല്ലാംതന്നെ പിടിച്ചു കിട്ടുകയും പുഷ്ടിയോടെ വളരുകയും ചെയ്തു.

മഴക്കുഴികൾ യഥാസമയം പരിപാലിച്ച് നിലനിർത്തുന്നതിനാൽ ഒരു തുള്ളി വെള്ളംപോലും ഒഴുകി നഷ്ടപ്പെടാതെ കൃഷിയിടത്തിൽ സംഭരിക്കപ്പെടുന്നു. അട്ടപ്പാടിയിലെ കടുത്ത വരൾച്ചയിലും നനയ്ക്കാതെ കൃഷി സാധ്യമാണെന്നു തെളിയിക്കുകയാണ് ഈ യുവകർഷകൻ.

അട്ടപ്പാടിയുടെ ജൈവ വൈവിധ്യ, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്നതുകൊണ്ടും നൂറിലേറെ ജീവൻരക്ഷാ ഔഷധങ്ങളിലും ഭക്ഷ്യ ഉൽപന്നങ്ങളിലും നെല്ലിക്ക ചേരുവയാണെന്നതു കണക്കിലെടുത്തും പൂർണമായും അംഗീകൃത ജൈവ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് റെജിയുടെ കൃഷി. പ്രകൃതിജീവനത്തിൽ തൽപരനായതിനാല്‍ ഔഷധസസ്യക്കൃഷിയിലും സജീവം. കൂവളത്തിന്റെ ആറ് ഇനങ്ങളും മുപ്പതോളം ഔഷധസസ്യങ്ങളും ചന്ദനത്തിന്റെ നാടൻ ഇനങ്ങളും ഇവിടെയുണ്ട്. ഒപ്പം പതിമുകത്തിന്റെയും കറിവേപ്പിന്റെയും വലിയൊരു ശേഖരവും.

goat നാടൻ ആടിനങ്ങളുടെയും ശേഖരം

നാടൻ പശുക്കളുടെയും ആടുകളുടെയും വളർത്തലും റെജിയുടെ വരുമാനമാർഗം. നാടൻ ആടിനങ്ങളായ മയിലമ്പാടിയും അട്ടപ്പാടി ലോക്കലും അട്ടപ്പാടി ബ്ലാക്കും റെജിയുടെ പക്കലുണ്ട്. പൊതുസമൂഹത്തിന്, വിശേഷിച്ച് യുവജനങ്ങൾക്ക് കൃഷിയുടെ സന്ദേശവും അറിവുകളും പകരുന്ന പാഠശാല കൂടിയാണ് ഈ കൃഷിയിടം.

വിലാസം: ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ (റിട്ട.), കേരള കാർഷിക സർവകലാശാല. ഫോൺ: 9446871679