Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത പൊന്നിന്റെ പച്ചപ്പ്

pepper-farmer-abraham കുളവട്ടത്തിൽ ഏബ്രഹാം കൃഷിയിടത്തിൽ

മണ്ഡരിയും മഞ്ഞളിപ്പും ജീവിതം വഴിമുട്ടിച്ചപ്പോഴാണ് കുളവട്ടത്തിൽ ഏബ്രഹാം വഴിമാറി ചിന്തിച്ചത്. അതിജീവനത്തിന്റെ പോരാട്ടത്തിൽ ജീവിതം വീണ്ടും പച്ചപിടിച്ചത് കറുത്തപൊന്നിന്റെ രൂപത്തിൽ. ഇത് മുത്തപ്പൻപുഴ മൈനാവളവിലെ കുളവട്ടത്തിൽ ഏബ്രാഹാമിന്റെ കൃഷിയിടത്തിലെ വിജയഗാഥ. മണ്ഡരി ബാധിച്ച് തെങ്ങും മഞ്ഞളിപ്പ് ബാധിച്ച് കമുകും നശിച്ചതോടെ നാലേക്കർ കൃഷിയിടം തരിശായി. പിന്നെ പരീക്ഷണമായിരുന്നു. കൊക്കൊ, ജാതി, റബർ, വാഴ, വാനില. ഒന്നും വിജയിച്ചില്ല. വന്യമൃഗശല്യവും രോഗബാധയും വിലതകർച്ചയും കൊണ്ട് എല്ലാശ്രമവും പാഴായി. അപ്പോഴാണ് കറുത്തപൊന്നിന്റെ ഓർമ മനസ്സിലേക്ക് ഓടിയെത്തിയത്. മലയോരകുടിയേറ്റ കർഷകർക്ക് ആദ്യകാലത്ത് സമ്പത്തിക ഭദ്രത തന്നത് കുരുമുളകായിരുന്നു. എന്നാൽ പിന്നീട് ദ്രുതവാട്ടത്തിന്റെ രൂപത്തിൽ കുരുമുളക് കൃഷിയുടെ അടിവേര് അറ്റു. ഇതോടെ അന്യം നിന്നുപോയ കുരുമുളക് കൃഷിയെ ഒന്നുകൂടെ പരീക്ഷിച്ചാലോ എന്നചിന്തയിൽനിന്നാണ് പുതിയ വിജയഗാഥ പിറക്കുന്നത്.

കുടിയേറ്റകർഷകന്റെ തളരാത്ത മനസ്സും സാഹസികതയും പോരാട്ടവീര്യവും കൂട്ടിനുണ്ടായിരുന്ന ഏബ്രഹാം പിന്നെ കരിമുണ്ടയുടെയും പന്നിയൂരിന്റെയും മൂപ്പർകൊടിയുടെയും കൂട്ടുകാരനായി. ഈ കർഷകമനസ്സിന്റെ സങ്കടങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം മനസ്സിൽനിന്ന് മണ്ണിലേക്ക് പകർന്നു.

അങ്ങനെ നാലേക്കറിൽ രണ്ടായിരത്തഞ്ഞൂറോളും തടത്തിൽ കൊടിയിട്ടു. പ്രാദേശികമായി വികസിപ്പിച്ചെടുത്ത മൂപ്പർകൊടിയായിരുന്നു മുഖ്യം. മൂപ്പർഎന്ന് പേരുള്ള ആളുടെ കൃഷിഭൂമിയിൽ ഉണ്ടായതിനാൽ ആണ് ഈ പേര് വന്നത്. കേടില്ല എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കരിമുണ്ടയാണ് നല്ലയിനം എങ്കിലും കേട് കൂടുതലാണ്. പന്നിയൂർ നന്നായി കയ്ക്കുമെങ്കിലും ഒന്നിടവിട്ടവർഷമാണ് നല്ലകായ് ലഭിക്കുന്നത്. ഈ പ്രശ്നമെല്ലാം പരിഹരിക്കുവാൻ മൂപ്പർക്ക് സാധിക്കുന്നുണ്ടെന്ന് ഏബ്രഹാം പറയുന്നു.

രണ്ടാം വർഷം കായ്ക്കാൻതുടങ്ങുന്നു എന്ന പ്രത്യേകത കുരുമുളകിനുണ്ട്. ആദായത്തിന് ദീർഘനാൾ കാത്തിരിക്കേണ്ട.

മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇലനീട്ടി തലയാട്ടി നിറയെ ഹരിതമുത്തുകളുമായി കുരുമുളക്തിരികൾ തോട്ടത്തിൽ നിറഞ്ഞിരിക്കുന്നു. കുരുമുളക് വള്ളിആവശ്യക്കാർക്ക് നൽകുന്നതും വരുമാനമായി. മഴക്കാലമാകുമ്പോൾ ചീക്കൽ രോഗം ഉണ്ടാകും എന്നതാണ് പ്രധാനവെല്ലുവിളി . എന്നാൽ ബോർഡോ മിശ്രിതം തളിച്ച് ഇതിനെ പ്രതിരോധിക്കാം. തൊഴുത്തിലുള്ള മൂന്ന്പശുക്കളാണ് കൃഷിയിടത്തിലെ വളത്തിനടിസ്ഥാനം. സ്ലറിയും ചാണകപ്പൊടിയും കുരുമുളകിന് കരുത്ത്പകരുന്നു.

ആത്മയുടെ മാതൃകാതോട്ടമായി ഏബ്രഹാമിന്റെ കൃഷിയിടം തിരഞ്ഞെടുത്തിരിക്കുകയാണ്.

കുരുമുളക് കൃഷിപഠനത്തിനും പരിശീലനത്തിനും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ധാരാളംപേർ ഇവിടെയെത്തുന്നു. മക്കൾ മൂന്ന്പേരും ജോലിയും പഠനവുമായി പോകുന്നു. ഭാര്യ ബീനയും മറ്റൊരു ജോലിക്കാരനും  കൃഷിക്ക് സഹായിക്കാൻ ഒപ്പമുണ്ട്. കുരുമുളകിന്റെ വിലതകർച്ച ഇപ്പോൾ വെല്ലുവിളിയായിട്ടുണ്ട്. കിലോക്ക് 750 രൂപക്ക് വരെ മുളക് വിറ്റിരുന്നത് ഇപ്പോൾ 450 രൂപയായിരിക്കുന്നു.

എങ്കിലും കറുത്തപൊന്ന് ആദായം തരും എന്ന പ്രതീക്ഷയോടെയാണ് മറിപ്പുഴയ്ക്ക് മുകളിലെ മൈനാവളവ് തൂക്കുപാലം കടന്ന് ഈ കർഷകൻ പുറത്തേക്ക് വരുന്നത്.

ഹരിതകാന്തിനിറഞ്ഞ കൃഷിയിടത്തിലെ പ്രസരിപ്പ് മനസ്സിൽ ഏറ്റുവാങ്ങി കറുത്തപൊന്നിന്റെ സൗഭാഗ്യം തേടുകയാണ് ഈ കർഷകൻ.

ഫോൺ 9846442149