നഗരത്തിനുള്ളിൽ സ്ഥലപരിമിതിയിൽ വലിയ കൃഷിയൊക്കെ എങ്ങിനെ ചെയ്യാനാണെന്ന ചോദ്യങ്ങൾക്കുത്തരമാണ് ബിലാൽ ഷാജഹാനെന്ന ഈ വിദ്യാർഥി കർഷകൻ. വീടിന്റെ മട്ടുപ്പാവിനു മുകളിൽ പച്ചമുളകു മുതൽ വിദേശയിനം പഴവർഗങ്ങൾ വരെ ബിലാൽ സമൃദ്ധമായി കൃഷി ചെയ്യുന്നു. എറണാകുളം മൂവാറ്റുപുഴ കീച്ചേരിപ്പടി തൊങ്ങനാൽ ഷാജഹാന്റെ മകൻ ബിലാൽ ഷാജഹാനു പ്രചോദനമായത് ഉമ്മ സൈറാ ബാനുവിന്റെ അടുക്കള കൃഷിയാണ്.
വീട്ടിലെ ആവശ്യങ്ങൾക്കായി പയറും, പാവലും, വെണ്ടക്കയും, വഴുതനയുമൊക്കെ അടുക്കളമുറ്റത്തു വിളയിച്ചെടുത്ത അമ്മയിൽ നിന്നാണ് ആദ്യത്തെ കൃഷിപാഠം ഉൾക്കൊണ്ടത്. പിന്നെ കൂട്ടുകാരുടെയും മറ്റും സഹായത്തോടെ പഴവർഗങ്ങളും ചീരയിനങ്ങളും വൈവിധ്യമാർന്ന പൂച്ചെടികളും ആന്തൂറിയവും ഓർക്കിഡുമൊക്കെ ശേഖരിച്ചു ബിലാൽ വീടിന്റെ മട്ടുപ്പാവിലെ പരിമിതികൾക്കുള്ളിൽ കൃഷി ചെയ്തു.
ഇവയൊക്കെ വലിയ വിജയവുമായി മാറി. വീട്ടിലേക്കു മാത്രമല്ല ബന്ധുക്കൾക്കും സഹപാഠികൾക്കും അയൽവാസികൾക്കുമൊക്കെ വീട്ടിലെ പച്ചക്കറികൾ ബിലാൽ നൽകാറുണ്ട്. സഹോദരി മുന്നയും കൃഷിയിൽ ബിലാലിനു പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പേഴയ്ക്കാപ്പിള്ളി അറഫാ കോളജിലെ എംകോം രണ്ടാം വർഷ വിദ്യാർഥിയാണ് ബിലാൽ. കാർഷിക പ്രതിഭാ അവാർഡ് ലഭിച്ചതിൽ മലയാള മനോരമയോടും ബിലാൽ നന്ദി പറയുന്നു.
മലയാള മനോരമ വീടുകൾ തോറുമുള്ള കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിച്ച കൊച്ചിയുടെ കൃഷി പാഠം എന്ന പരമ്പരയിൽ സൈറാബാനുവിന്റെയും ബിലാലിന്റെയും കൃഷി വിജയം വാർത്തയായിരുന്നു. ഖത്തറിൽ ടിഷ്യു കൾച്ചറൽ ലാബിലെ റിസർച് അസിസ്റ്റന്റായിരുന്നു പിതാവ് ഷാജഹാൻ. ഷാജഹാന്റെ കൃഷി അറിവുകളും ബിലാലിനു തുണയായി.