പുരസ്കാരങ്ങൾ വിളയുന്ന കൃഷിയിടം

സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം നേടിയ സിബി കല്ലിങ്ങൽ.

കേന്ദ്ര സർക്കാരിന്റെ നാഷണൽ പ്ലാന്റ് ജെനോം സാവിയർ പുരസ്കാരത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡും തൃശൂർ പട്ടിക്കാട് കല്ലിങ്ങൽ സിബിയെ തേടിയെത്തിയിരിക്കുകയാണ്. ബിരുദപഠനം കഴിഞ്ഞ് പിതാവ് കല്ലിങ്ങൽ വർഗീസിനൊപ്പം കൃഷിയുടെ മേഖലയിലേക്കിറങ്ങിയപ്പോൾ പട്ടിക്കാട് ചാണോത്തുള്ള സ്ഥലം തെങ്ങിൻതോട്ടമായിരുന്നു. നിലവിൽ ഇരുപതിയഞ്ച് ഏക്കറോളം പരന്നു കിടക്കുന്ന ജാതിത്തോട്ടവും 12 തരത്തിലുള്ള വ്യത്യസ്ത ജാതിമരങ്ങളുടെ തോട്ടവുമുള്ള സിബി കല്ലിങ്ങൽ സമ്മിശ്ര കൃഷിയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

നാടൻ തെങ്ങിൻ തൈകൾ, കുരുമുളക്, വിവിധയിനം കമുകുകളുടെ മദർപ്ലാന്റ്, നാടൻ മാവുകൾ, വിദേശ നാടൻ പഴവർഗങ്ങൾ എന്നിവയെല്ലാം കല്ലിങ്ങൽ ഫാമിലുണ്ട്. കൃഷിക്കൊപ്പം പഞ്ചാബിലെ മാർവാഡി ജനുസിൽപ്പെട്ട കുതിരകൾ, അലങ്കാര കോഴികൾ, ബ്രോയിലർ മുയലുകൾ, വിദേശപ്രാവുകൾ, വളർത്തു നായ്ക്കൾ എന്നിവയും സിബിയുടെ കൃഷിയിടത്തിൽ വളരുന്നു. കാസർകോടൻ, വെച്ചൂർ എന്നീ ഇനങ്ങളിലായി അഞ്ചു പശുക്കളുണ്ട്. പച്ചക്കറി കൃഷിയും സിബിക്കു പരിചയമുണ്ട്. പത്തുതരം ജാതി മരങ്ങൾ സ്വന്തമായി ഉരുത്തിരിച്ചെടുത്താണ് സിബി ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.