Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയിലെ കറുത്ത തങ്കം

agali-pepper-kv-george കെ.വി. ജോർജ്

സാധാരണ കുരുമുളക് 22 കാരറ്റ് കറുത്ത പൊന്നാണെങ്കിൽ പാലക്കാട് അഗളി മുണ്ടൻപാറയിലെ കല്ലുവേലിൽ കെ.വി. ജോർജ് ചേട്ടന്റെ കൃഷിയിടത്തിൽ വിളയുന്ന കുരുമുളക് 24 കാരറ്റാണ്, കറുത്ത തങ്കം. നാലു വർഷത്തെ നിരീക്ഷണത്തിനു ശേഷം ഈ തങ്കത്തിനു കേന്ദ്ര സസ്യ വൈവിധ്യ– കർഷക അവകാശ സംരക്ഷണ അതോറിറ്റി പേറ്റന്റ് നൽകിക്കഴിഞ്ഞു. അഗളി പെപ്പർ എന്ന പേരിൽ സവിശേഷ ഇനത്തിന്റെ തൈകൾ ഉൽപാദിപ്പിച്ചു വിൽക്കാനുള്ള അവകാശം ഇനി ഈ കൃഷിക്കാരനു മാത്രം.

അമ്പതു ശതമാനത്തോളം ഉണക്കക്കുരുമുളക് കിട്ടുന്ന ഇനമെന്ന നിലയിലാണ് അഗളി പെപ്പർ ശ്രദ്ധേയമാവുന്നത്. സാധാരണ കുരുമുളകിനങ്ങളെ അപേക്ഷിച്ച് വലുപ്പക്കൂടുതലുള്ള ഈയിനത്തിന്റെ പുറന്തൊലിക്കു കനം കുറവാണ്. ഉള്ളിലെ മാംസളഭാഗം തീരെയില്ല. അതേസമയം ഉള്ളിലെ അരി താരതമ്യേന വലുതാണ്. പക്ഷികൾക്കു പഥ്യമല്ലാത്തതിനാൽ അവ മൂലമുള്ള വിളനാശം തീരെയില്ല. പഴുത്താലും മണികൾ അടർന്നുവീഴില്ല, പകരം തിരികളായാവും കൊഴിയുക. ഇതുമൂലം വിളവെടുപ്പ് എളുപ്പമാവുന്നു.

സാധാരണ ഇനങ്ങളുടെ ഒരു കിലോ പച്ചക്കുരുമുളക് ഉണങ്ങിയാൽ പരമാവധി 300–350 ഗ്രാം ഉണക്കക്കുരുമുളക് ലഭിക്കുമെങ്കിൽ അഗളി പെപ്പറിന് ഇത് അര കിലോ വരെയാണ്. ഒരു ക്വിന്റൽ പച്ചക്കുരുമുളക് ഉണങ്ങുമ്പോൾ 15 കിലോ ഉണക്കക്കുരുമുളക് കൂടുതൽ കിട്ടുമെന്നു സാരം. ഇപ്പോഴത്തെ വില നിരക്കിൽ ഏഴായിരം രൂപയുടെ അധിക നേട്ടം. പേറ്റന്റ് നേടി അഗളി പെപ്പറിന്റെ തൈകളുണ്ടാക്കി വിപണനം ചെയ്യാൻ അവകാശം കിട്ടിയ ജോർജ് വിപുലമായ തൈ ഉൽപാദനത്തിന് ഒരുങ്ങുകയാണ്. ഇതിനാവശ്യമായ പോളിഹൗസ് നിർമിക്കാൻ സഹായിക്കാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് യാഥാർഥ്യമായാൽ ആവശ്യക്കാർക്കെല്ലാം വരുംവർഷങ്ങളിൽ അഗളി കുരുമുളകിന്റെ തൈകൾ നൽകാനാകുമെന്ന് ജോർജ് പറഞ്ഞു.

മണ്ണാർക്കാട് തച്ചമ്പാറയിലാണ് താമസമെങ്കിലും അട്ടപ്പാടി മുണ്ടൻപാറയിലെ തറവാടിനോടു ചേർന്നാണ് ജോർജിന്റെ കൃഷിയിടം. അഗളിയിൽനിന്നു മുണ്ടൻപാറയിലേക്കുള്ള യാത്രതന്നെ ഒരു അനുഭവമാണ്. പകൽസമയത്തും ഇളം തണുപ്പുള്ള ഇവിടെ കുരുമുളകും കമുകും കാപ്പിയുമാണ് പ്രധാന വിളകൾ. കൃഷിയിടത്തിൽ ദിവസേന മുടക്കമില്ലാതെ എത്തുന്ന ജോർജിന് ഓരോ കൊടിയും സുപരിചിതം. എന്നാൽ അവയിലേറെയും താനല്ല നട്ടതെന്ന് ജോർജ്. കോട്ടയം ജില്ലയിലെ തോട്ടുവയിൽനിന്നു മുണ്ടൻപാറയിലെത്തി കൃഷി ആരംഭിച്ച പിതാവിനാണ് അതിന്റെ ക്രെഡിറ്റ്. വല്യപ്പൻ ജോസഫിന്റെ തോട്ടത്തിൽനിന്നുള്ള ഈ കുരുമുളകുകൊടികളിൽ നാരായക്കൊടിയും കരിമുണ്ടയുമടക്കം പല ഇനങ്ങളുമുണ്ടായിരുന്നു. ഏതാനും വർഷങ്ങളിലെ കൃഷിയും വിളവെടുപ്പും കഴിഞ്ഞപ്പോൾതന്നെ നാട്ടിൽനിന്നു കൊണ്ടുവന്ന ചില വള്ളികളിലെ കുരുമുളകിനു ഭാരക്കൂടുതലുള്ള കാര്യം ശ്രദ്ധിച്ചിരുന്നു. ദ്രുതവാട്ടം ബാധിക്കാറില്ലെന്നതും ഈയിനം തന്റെ മനം കവരാൻ കാരണമായെന്നു ജോർജ്. നാരായക്കൊടിയുടെ വകഭേദമായി കരുതപ്പെട്ട ഇത് ക്രമേണ പുരയിടത്തിൽ വ്യാപിക്കുകയായിരുന്നു. മറ്റിനങ്ങൾ രോഗബാധ മൂലം നശിക്കുമ്പോൾ പകരക്കാരനായി ഓവലാകൃതിയിലുള്ള ഇലകളോടു കൂടിയ അഗളി മുളകാണ് നട്ടിരുന്നത്. അയൽവാസികൾക്കും പരിചയക്കാർക്കുമൊക്കെ വള്ളിത്തലപ്പുകൾ നൽകുകയും ചെയ്തു. എന്നാൽ പ്രത്യേക ഇനമായി മാറ്റി അവകാശവും അംഗീകാരവും നേടാൻ ജോർജ് ശ്രമിച്ചില്ലെന്നു മാത്രം.

ഏതാനും വർഷം മുമ്പ് കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ ജോർജ് തനിക്ക് 50 ശതമാനത്തോളം ഉണക്ക കുരുമുളക് കിട്ടുന്നതായി പറഞ്ഞപ്പോൾ ഗവേഷകർക്കു പോലും വിശ്വസിക്കാനായില്ല. തീരെ സാധ്യതയില്ലാത്ത കാര്യമാണിതെന്നു പറഞ്ഞ ഗവേഷകർക്ക് ജോർജിന്റെ കൃഷിയിടത്തിലെത്തി തുടർച്ചയായി നാലു വർഷം നിരീക്ഷണം നടത്തിയതോടെയാണ് കാര്യങ്ങൾ ബോധ്യമായത്. തുടർന്ന് ഇതിനു പേറ്റന്റ് നേടുന്നതിനുള്ള ശുപാർശയും അവർ നൽകി.

ഫോൺ– 9961556318