ഇവിടെ കൃഷി നഷ്ടമല്ല

സദാനന്ദൻ

അച്ഛനും അമ്മയ്ക്കുമൊപ്പം മണ്ണിൽ ചവിട്ടി വളർന്ന പഴയകാലം. മക്കൾക്കൊപ്പം കംപ്യൂട്ടറിൽ കളിക്കുന്ന പുതിയ കാലം. രണ്ടു കാഴ്ചപ്പാടുകളും ചേർത്തുവച്ചപ്പോൾ മികച്ച കർഷക തൊഴിലാളിക്കുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമശക്തി പുരസ്കാരം കണ്ണൂർ പിലാത്തറ തൈവളപ്പിൽ ടി.വി. സദാനന്ദനെ തേടിയെത്തി.

സദാനന്ദനു കൃഷി വയൽവരമ്പിലല്ല, ഞരമ്പിലാണ്. ഏഴ് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ നാടൻ അറിവുകളും യന്ത്രവൽക്കരണവും ഒരുപോലെ ഉപയോഗപ്പെടുത്തി കൃഷി ലാഭകരമാക്കുകയാണു സദാനന്ദൻ.

വിത്തു മുതൽ വിള വരെ കൃഷിയുടെ ഓരോ ഘട്ടത്തിലും പ്രായോഗിക അറിവുകൾ ഉപയോഗപ്പെടുത്തുന്നു. വിത്തിടുന്നത് നാടൻ രീതിയിലാണെങ്കിൽ വിളവെടുക്കുന്നത് കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ്. രണ്ടിനും അതിന്റേതായ നേട്ടങ്ങളുണ്ടെന്ന് സദാനന്ദൻ.

യന്ത്രം ഇറക്കാൻ കഴിയാത്ത നിലങ്ങളിൽ കാളകളെ ഉപയോഗിച്ചു പൂട്ടുമ്പോൾ ബാക്കിയുള്ള സ്ഥലങ്ങളിൽ ടില്ലറും ട്രാക്ടറും ഉപയോഗിക്കും. വിത്തുകളെല്ലാം തനി നാടൻ. വെള്ളക്കെട്ടിനെ അതിജീവിക്കുമെന്നു മാത്രമല്ല, ചോറിനു രുചിയും കൂടും.

പശു, എരുമ വളർത്തലിലൂടെ ലഭിക്കുന്ന ജൈവവളമാണു കൃഷിക്ക് ഉപയോഗിക്കുന്നത്. കീടബാധ അകറ്റാൻ മരുന്ന് തളിക്കുന്ന ശീലമില്ല.

രണ്ടാംവിളയ്ക്കു നേരെ കടുത്ത ആക്രമണം നടത്തുന്ന കീടങ്ങളെ മുറംകൊണ്ടു വീശി അച്ഛൻ തുരത്തുന്നതു കുട്ടിക്കാലത്തു കണ്ടിരുന്നു. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടു സ്വന്തമായി യന്ത്രം തയാറാക്കുകയാണ് ഇദ്ദേഹം ചെയ്തത്.

കൈകൊണ്ടു കറക്കുന്ന ഫാനും അതിനു പുറകിൽ ഘടിപ്പിച്ച വലയും ഉപയോഗിച്ചു കീടങ്ങളെ അകറ്റുന്നതാണു രീതി. ഒരു ഏക്കർ സ്ഥലത്തെ കീടങ്ങളെ അകറ്റാൻ വെറും 45 മിനിറ്റ് മതി.

ആകെ വേണ്ടതു കൈകൊണ്ടു കറക്കാനുള്ള ശക്തിമാത്രം. നിലം ഉഴൽ കഴിഞ്ഞതിനു ശേഷം നിരപ്പാക്കാനുള്ള ലെവലറും ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കണ്ണൂരിലെ വയൽവരമ്പുകൾ പാലക്കാടൻ കൃഷിയിടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്ന കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്. പാലക്കാടിനെ മുന്നിൽ കണ്ടു തയാറാക്കിയ ലെവലർ കണ്ണൂരിലെ പാടത്തിന് അനുയോജ്യമല്ലെന്നു തിരിച്ചറിഞ്ഞാണു സദാനന്ദൻ സ്വന്തമായി ലെവലർ തയാറാക്കിയത്.

സദാനന്ദൻ പാടത്ത്

വിളവെടുപ്പിനു നിർബന്ധമായും കൊയ്ത്തു യന്ത്രങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. പഴയ രീതി ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ശേഷി കുറഞ്ഞതുമാണ്. നെല്ലാണു പ്രധാന വിളയെങ്കിലും അത്യാവശ്യം വേണ്ട ഒരു മുറം പച്ചക്കറിയും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കുന്നു.

കാലിവളർത്തലിനു പുറമേ താറാവ്, മണിത്താറാവ്, ടർക്കി കോഴി, നാടൻകോഴി, എമു എന്നിവയുമുണ്ട്.

ഭാര്യ അജിതയും മക്കളായ ശ്യാംജിത്തും ശ്യാമിനിയും കൃഷിയിൽ സഹായിക്കുന്നു.