സ്വപ്നമല്ല, ഇത് സ്വപ്നയുടെ കൃഷിയിടം

സ്വപ്ന ജയിംസ് കൃഷിയിടത്തിൽ

സ്വപ്ന ജയിംസിന്റെ കൃഷിയിടം കണ്ടാൽ സ്വപ്നം കാണുകയാണെന്നേ തോന്നൂ. വൈവിധ്യമാർന്ന വിളകൾ നിറഞ്ഞ പറമ്പിലെത്തിയാൽ ഒരു സൂപ്പർമാർക്കറ്റിൽ പ്രവേശിച്ച പ്രതീതിയാണ്. 45 ഇനം മാവ്, 14 ഇനം ജാതി, 18 ഇനം വാഴ, 30 ഇനം പ്ലാവ്, 14 ഇനം പേര, 11 ഇനം ചാമ്പ, 14 ഇനം മുള, 15 ഇനം മരിച്ചീനി, പലതരം ചേമ്പുകൾ, ആറിനം വെണ്ട, നാലിനം പപ്പായ, ആറിനം വഴുതന, ആറിനം പയർ, നാലുതരം പാഷൻ ഫ്രൂട്ട്, പലതരം നാരകം ഇങ്ങനെ പോകുന്നു വിളവൈവിധ്യം.

തോട്ടത്തിൽ ഇല്ലാത്ത പഴങ്ങളില്ലെന്നു തന്നെ പറയാം. ഒട്ടേറെ ചെടികൾ അടങ്ങുന്ന പൂന്തോട്ട കൃഷിയും പച്ചക്കറിത്തൈ നഴ്സറിയും ജാതി, തെങ്ങ്, കമുങ്ങ്, കുരുമുളക് തൈകൾ നഴ്സറിയും. പാലക്കാട്ട് ജില്ലയിലെ ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി സ്വദേശിനിയാണ് ഈ ബിരുദാനന്തര ബിരുദധാരി. പത്തു വർഷം മുൻപ് റബർ കൃഷിയിൽ മാത്രമായിരുന്നു ശ്രദ്ധ. അന്ന് ഏറ്റവും  മികച്ച ഗ്രേഡ് ഷീറ്റ് ഉൽപാദിപ്പിച്ച് ശ്രദ്ധ നേടി.

തെങ്ങും കമുങ്ങും ജാതിയും കൊക്കോയും കശുമാവും കാപ്പിയും ഇഞ്ചിയും മഞ്ഞളും കുരുമുളകും അടങ്ങുന്നതാണ് ഒൻപത് ഏക്കർ സ്ഥലത്തെ കൃഷി. കൂടാതെ പശു, ആട്, കോഴി, താറാവ്, കാട, തേനീച്ചവളർത്തൽ എന്നിവയും ഉണ്ട്. മഴവെള്ളം ശേഖരിച്ചു പടുതാ കുളത്തിൽ മീൻ വളർത്തുകയും വേനൽക്കാലത്ത് കൃഷിയിടം നനയ്ക്കുകയും ചെയ്യുന്നു. മീനിന്റെ അവശിഷ്ടവും ചകരിച്ചോറും ഉപയോഗിച്ചു ജൈവവളം സ്വന്തമായി ഉൽപാദിപ്പിക്കുന്നു. അങ്ങനെ വിത്തും വളവും മുതൽ വിപണി വരെ.

വെള്ളക്കോളർ ജോലി വിട്ട് മണ്ണിന്റെ മണമുള്ള ജോലിക്കിറങ്ങിയ ഇവർ മക്കളെയും സ്കൂൾ വിട്ടു വന്നാൽ കൃഷിയിടത്തിൽ ഒപ്പം ചേർക്കുന്നു– പുതിയൊരു കാർഷിക സംസ്കൃതിയുടെ തുടർച്ചയ്ക്കായി...