Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടുപ്പാവിൽ നിന്ന് അടുക്കളയിലേക്ക്

pp-mehboob-terrace-farming പി.പി. മെഹബൂബ് വീട്ടിലെ മട്ടുപ്പാവ് കൃഷിയിടത്തിൽ. ചിത്രം: സമീർ എ. ഹമീദ്

മട്ടുപ്പാവിനു മുകളിൽ ഇല്ലാത്ത പച്ചക്കറി ഒന്നുമില്ല മലപ്പുറം മേൽമ്മുറി ആലത്തൂർപ്പടി പള്ളിയാളി പീടിയേക്കൽ മെഹബൂബിന്റെ വീട്ടിൽ. സവാളയും ഉരുളക്കിഴങ്ങുമല്ലാതെ മറ്റൊന്നും ഈ വീട്ടിലേക്കു പുറത്തുനിന്നു വാങ്ങാറില്ല എന്നു പറയാം. പയർ, വെണ്ട, പാവൽ, ചീര, അമര, മത്തൻ, പടവലം, കാപ്സിക്കം, കാബേജ്, കാരറ്റ്, കൊത്തമര എന്നിങ്ങനെ ഒരുവിധമെല്ലാമുണ്ട്.

പറമ്പു മുഴുവൻ വലിയ മരങ്ങളായപ്പോഴാണു, കരാറുകാരനായ മെഹബൂബ് വീടിന്റെ ടെറസിൽ കൃഷി ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചത്. 25 ഗ്രോബാഗിൽ കൃഷി തുടങ്ങി. മലപ്പുറം കൃഷിഭവനിൽ നിന്ന് പോളിഹൗസിനെക്കുറിച്ച് ക്ലാസ് ലഭിച്ചു. അങ്ങനെ ടെറസിനു മുകളിൽ മൂന്നു സെന്റിൽ പോളിഹൗസ് ഉണ്ടാക്കി.  കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മിൽ നിന്ന് തിരിനനയിൽ പരിശീലനവും നേടി.

ടെറസിനു മുകളിൽ അരമീറ്റർ വീതിയിൽ ബീം നിർമിച്ച് അതിനു മുകളിൽ രണ്ടുവരിയായി ഇഷ്ടിക വച്ചു. ഇതിനു നടുവിലൂടെ നാലിഞ്ച് വീതിയുള്ള പൈപ്പ് ഘടിപ്പിച്ചു. ഇതിനു മുകളിലായിട്ടാണ് തിരിനനയുടെ തിരിവച്ച ഗ്രോബാഗുകൾ നിരത്തിയത്.

ഇപ്പോൾ ഗ്രോബാഗുകൾ 140 ആയി. പാരപ്പറ്റിന് അരികിലായി പയർ, കൈപ്പ, അമര എന്നിങ്ങനെ പടരുന്ന ചെടികൾ. നടുവിൽ തക്കാളി, വെണ്ട, പച്ചമുളക്, കാപ്സിക്കം, കാബേജ്, കാരറ്റ് എന്നിവ.

വീട്ടിലെ കുടിവെള്ള ടാങ്കിൽ നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളമാണ് തിരിനനയുടെ പൈപ്പിലേക്കു ഘടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിക്കുന്നത്.

രാവിലെയും വൈകിട്ടും അരമണിക്കൂർ ചെലവിടാൻ ഒരുക്കമാണെങ്കിൽ ആർക്കും ഇതുപോലെ കൃഷി ചെയ്യാൻ സാധിക്കുമെന്നാണ് മെഹബൂബ് പറയുന്നത്.

ഭാര്യ ഷറഫുന്നീസ, മക്കളായ ഇബ്രാഹിം, മഹ്ഷൂദ ബാനു, മക്സൂദ്, മുഹമ്മദ് സലീഖ് എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്.

(ഫോൺ– 94476 76771)