ഒന്നാം വനിലവിപ്ലവത്തിന്റെ അവസാനത്തിലാണ് പാറക്കുടി ബെന്നിയുടെ പറമ്പിൽ വനിലവള്ളിയെത്തിയത്. ഇരുപതു വർഷം മുമ്പ് അട്ടപ്പാടി ചിറ്റൂരിനു സമീപം കുറവമ്പാടിയിലെ രണ്ടരയേക്കർ റബർതോട്ടം സ്വന്തമാക്കിയ കാലംമുതലേ പരമാവധി വിളകൾക്ക് ഇടം കൊടുക്കുന്ന കൃഷിയായിരുന്നു ബെന്നിക്കു പഥ്യം. അതുകൊണ്ടുതന്നെ നിലവിലുണ്ടായിരുന്ന റബർ വെട്ടിനീക്കാതെ അതിനിടയിലൂടെ കുരുമുളകും ഏലവും കാപ്പിയുമൊക്കെ നട്ട കൂട്ടത്തിൽ വനിലവള്ളികൾക്കും അദ്ദേഹം ഇടം കണ്ടെത്തി. വനില വിറ്റ് കോടീശ്വരനാകാമെന്ന സ്വപ്നമല്ല ബെന്നിയെ നയിച്ചത്. അതുകൊണ്ടുതന്നെ കൊക്കോയ്ക്കും കുരുമുളകിനും ഏലത്തിനും കാപ്പിക്കുമൊപ്പം വനിലയും ഈ കൃഷിക്കാരനു വരുമാനമേകുന്നുണ്ട്.
ആകെ 200 ചുവട് വനിലയാണ് ബെന്നിക്കുള്ളത്. അവയിൽ 120 എണ്ണം മാത്രമേ ഫലം നൽകുന്നുള്ളൂ. ബാക്കി ചെടികളിൽ ഏറിയ പങ്കും രോഗം മൂലം നശിച്ചതിനെ തുടർന്ന് വീണ്ടും വയ്ക്കേണ്ടിവന്നതുകൊണ്ടാണ് ആദായമേകാത്തത്. ആറേഴു വർഷമായുള്ള രോഗബാധകളാണ് വിലയിടിവിനെക്കാൾ വനിലക്കർഷകനു വെല്ലുവിളിയെന്നാണ് ബെന്നിയുടെ അഭിപ്രായം. ഒരു ചുവട്ടിൽനിന്ന് ശരാശരി 500 ഗ്രാം ഉൽപാദനമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. രോഗബാധകളും പതിവായി വള്ളി മുറിച്ച് വിൽക്കുന്നതുമാണ് ഉൽപാദനം കുറയാൻ കാരണം. ഈ വർഷം അറുപതു കിലോയിലധികം ഉൽപാദനം കിട്ടുമെന്നാണ് പ്രതീക്ഷ. അയ്യായിരം രൂപയെങ്കിലും വില കിട്ടേണ്ടതാണ്. ആഗ്രഹിച്ചതുപോലെ സംഭവിച്ചാൽ മൂന്നു ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം കിലോയ്ക്ക് 2600 രൂപയ്ക്കാണ് നാൽപതു കിലോ പച്ചവനില വിറ്റത്.
വിപണി ഏറ്റവും താഴ്ന്ന 2008–2009 കാലഘട്ടത്തിൽപോലും കിലോയ്ക്ക് 50 രൂപ നിരക്കിൽ വനിലക്കായ്കൾ വിൽക്കാൻ കഴിഞ്ഞതായി ബെന്നി ചൂണ്ടിക്കാട്ടി. ഏകദേശം 150 കിലോ വനിലയ്ക്ക് അന്ന് 7500 രൂപ കിട്ടി. മറ്റ് ആദായങ്ങൾക്കൊപ്പം അത്രയും തുക കൂടി കിട്ടുന്നത് മോശമാകുന്നതെങ്ങനെയെന്ന് ബെന്നിക്കറിയില്ല. രണ്ടു വർഷമായി വനിലവള്ളി വിറ്റും വരുമാനം നേടാൻ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം മീറ്ററിന് 75 രൂപ നിരക്കിൽ 700 മീറ്റർ വള്ളിയാണ് വിറ്റത്. അര ലക്ഷം രൂപയോളം വരുമാനം ആ വഴിക്കു കിട്ടി. വള്ളി മുറിച്ചതുകൊണ്ട് ഈ വർഷത്തെ ഉൽപാദനം കുറഞ്ഞെന്ന മറുവശവും ഇതിനുണ്ട്. എന്നാൽ നല്ല വില കിട്ടുന്ന അവസരത്തിൽ പരമാവധി ആദായമെടുക്കുകയെന്ന തന്ത്രമാണ് ഇക്കാര്യത്തിൽ ബെന്നിക്കുള്ളത്. ആവശ്യക്കാർക്ക് തികയാതെ വരുമ്പോൾ വടക്കൻ മലബാറിലെയും കർണാടകത്തിലെയുമൊക്കെ കൃഷിയിടങ്ങളിൽ പോയി ഉപേക്ഷിക്കപ്പെട്ട ചുവടുകൾ മുറിച്ച് എത്തിക്കാറുണ്ട്. കൂടാതെ, മറ്റു കൃഷിക്കാരുടെ വനില വാങ്ങി മൊത്തക്കച്ചവടക്കാർക്ക് നൽകുകയും ചെയ്യുന്നു. വില കുത്തനെയിടിഞ്ഞാലും ബെന്നിക്ക് ആശങ്കയില്ല. വിശേഷിച്ചു പരിപാലനച്ചെലവില്ലാത്ത വനിലയിൽനിന്നു പത്തു രൂപ കിട്ടിയാൽ അത്രയുമായി എന്ന മട്ട്.
വനിലയ്ക്കൊപ്പം മറ്റൊരു അമൂല്യസമ്പാദ്യവും ബെന്നിയുടെ കൃഷിയിടത്തിലുണ്ട് – സ്വന്തമായി കണ്ടെത്തിയ ഇരുനൂറോളം കുരുമുളകിനങ്ങളുടെ ശേഖരം. തിരിനീളമുള്ളതും തണലിൽ വളരുന്നതും തിരിപിടിത്തവും രോഗപ്രതിരോധശേഷിയും കൂടുതലുള്ളതുമായ വ്യത്യസ്ത ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. പുരയിടത്തിലെ റബർമരങ്ങളിൽ പടർത്തിയിരിക്കുന്ന ഈ ഇനങ്ങളിൽ കാട്ടിൽനിന്നു കണ്ടെടുത്തവയും വർഗസങ്കരണത്തിലൂടെ രൂപപ്പെടുത്തിയവയുമുണ്ടെന്ന് ബെന്നി അവകാശപ്പെടുന്നു. കർഷകരുടെ വിളയിനങ്ങൾക്കുള്ള ദേശീയ അവാർഡാണ് ഇതിനായുള്ള പ്രയത്നത്തിലൂടെ ബെന്നി നേടിയെടുത്തത്. ഈ ശേഖരത്തിലെ ഏറ്റവും മികച്ചവയുടെ തൈകളുണ്ടാക്കി കൂടുതൽ കൃഷിക്കാരിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബെന്നിയും ഭാര്യ ആലീസും.
ഫോൺ– 9605303578