Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയന്നൂരിലെ റെഡ് ലേഡി

					പഴയന്നൂരിലെ പപ്പായത്തോട്ടത്തിൽ സുരേഷ് കുമാർ

വർഷങ്ങൾക്കു മുമ്പ് കർണാടകയിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ണിലുടക്കിയ കാഴ്ചയാണ് തൃശൂർ തോന്നൂർക്കര ഓട്ടുപാറയ്ക്കൽ സുരേഷ്കുമാറിനെ കർഷകനാക്കിയത്. ബെംഗളൂരു– പുണെ ദേശീയപാതയിലെ ഹരിയൂർ മേഖലയിൽ കണ്ട അതിവിശാലമായ പപ്പായത്തോട്ടം അന്നു മുതൽ മനസ്സിൽക്കിടന്നു. എന്നാൽ, നിർമാണ വ്യവസായത്തിൽ ചുവടുറപ്പിച്ചിരുന്ന സുരേഷ്കുമാർ പപ്പായക്കൃഷിയിൽ ഇറങ്ങാൻ ധൈര്യപ്പെട്ടത് കഴിഞ്ഞ വർഷമാണ്.

കാർഷികമേഖലയെങ്കിലും പഴയന്നൂർ ഭാഗത്ത് ആർക്കും ഇത്ര വിപുലമായ പപ്പായക്കൃഷി പരിചിതമായിരുന്നില്ല. കണ്ടവരും കേട്ടവരും സുരേഷിനോട് ആദ്യം ചോദിച്ചത് ‘ഒന്നുകൂടി ഒന്ന് ആലോചിച്ചിട്ടു പോരായിരുന്നോ’ എന്നാണ്. ഏതായാലും നാലുമാസം മുമ്പ് വിളവെടുപ്പു തുടങ്ങിയതോടെ, ആദ്യകൃഷി വിജയകരമായതിന്റെ ആശ്വാസത്തിലാണു സുരേഷ്.

വായിക്കാം ഇ - കർഷകശ്രീ

ജനങ്ങൾക്ക് ആരോഗ്യകാര്യങ്ങളിലുള്ള ആശങ്ക വർധിച്ചതാണ് പഴവർഗ്ഗങ്ങൾക്കു കേരളത്തിൽ പൊതുവേ വിപണി വർധിക്കാൻ ഒരു കാരണം. പോഷക, ഔഷധമേന്മകളുണ്ടങ്കിലും പാവം പപ്പായയെ ആളുകൾ അത്ര ഗൗനിച്ചിരുന്നില്ല. അതിനു മാറ്റമുണ്ടായത് റെഡ് ലേഡി ഇനം പ്രചാരം നേടിയതോടെ. നാടൻ പപ്പായയെ അപേക്ഷിച്ച് പഴത്തിനു സൂക്ഷിപ്പു കാലാവധി കൂടുതലാണെന്നതും സർവോപരി വിദേശിയാണെന്നതും റെഡ് ലേഡിയെ പ്രിയങ്കരിയാക്കി. ചുരുക്കത്തിൽ, കേരളത്തിലെ കടകളിൽ പപ്പായ വിൽപനച്ചരക്കാവുന്നത് റെഡ് ലേഡിയുടെ വരവോടെയാണ്.

ഏക്കറിൽ എണ്ണൂറെണ്ണം വയ്ക്കുമ്പോഴാണ് വളപ്രയോഗത്തിനും വിളവെടുപ്പിനും മറ്റും സൗകര്യപ്രദമായ ഇടയകലം ലഭിക്കുക. എന്നാൽ കാര്യമായ മുന്നറിവു ലഭിക്കാത്തതിനാൽ ഏക്കറിൽ 900 വീതം ആകെ 2700 തൈകളാണ് സുരേഷ് നട്ടത്. ഗുണമേന്മയുള്ള തൈകൾ തന്നെ വാങ്ങി നട്ടു. കായ്കൾക്ക് ഉരുണ്ട ആകൃതിയുള്ള മെക്സിക്കൻ റെഡ് ലേഡിയിനമാണ് കൃഷി ചെയ്തിരിക്കുന്നവയിൽ ബഹുഭൂരിപക്ഷവും. നീണ്ട കായ്കളുള്ള ഹാവായ് ഇനവും ചെറിയൊരു ശതമാനം കാണാം. എട്ടാം മാസം വിളവെടുപ്പു തുടങ്ങി. ഇനി രണ്ടര വർഷത്തോളം വിളവെടുപ്പു തുടരാമെന്ന് സുരേഷ്. പിന്നീട് ഉൽപാദനം കുറയുമെന്നതിനാൽ ആവർത്തനക്കൃഷി ചെയ്യേണ്ടി വരും.

പപ്പായയ്ക്കു നന ആവശ്യമാണ്. അതേസമയം തടത്തിൽ വെള്ളം കെട്ടി നിന്നാൽ ദോഷകരമാവുകയും ചെയ്യും. തോട്ടത്തിൽ തുള്ളിനന സൗകര്യമൊരുക്കിയിരിക്കുന്നതു വഴി ഗുണങ്ങൾ പലതെന്ന് സുരേഷ്. ജലം അൽപവും പാഴാവാതെ ആവശ്യത്തിനുമാത്രം ഒരോ മരത്തിനും ലഭിക്കുമെന്നതു പ്രധാന കാര്യം. തടത്തിൽ വെള്ളം കെട്ടി നിൽക്കില്ല എന്നതും അധ്വാനവും കൂലിച്ചെലവും ഒഴിവാകുമെന്നതും മറ്റു നേട്ടങ്ങൾ.

കോഴിക്കാഷ്ഠവും ചാണകപ്പൊടിയുമാണ് അടിവളമായും, പിന്നീട് ഇടവിട്ടും പപ്പായയ്ക്കു നൽകുന്നത്. എന്നാൽ മികച്ച വളർച്ചക്കും ഉൽപാദനത്തിനും ഇലകളിലൂടെ നൽകുന്ന രാസപോഷകങ്ങളും അത്യാവശ്യമാണെന്ന് സുരേഷ്. മീലിബഗ്ഗിന്റെ ആക്രമണം ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഹോസ് ഉപയോഗിച്ചുള്ള ശക്തമായ ജലപ്രവാഹത്തിലൂടെയാണ് സുരേഷ് അവയെ തുരത്തിയത്. പിന്നാലെ വേപ്പെണ്ണ മിശ്രിതവും പ്രയോഗിച്ചു.

മൂന്നുവർഷംകൊണ്ട് റെഡ് ലേഡി ഇനത്തിന്റെ ഉയരം ശരാശരി ആറടി മാത്രമെ എത്തുകയുള്ളൂ എന്നത് വിളവെടുപ്പ് അനായാസമാക്കുന്നു. കായ്കൾ നേരിയ മഞ്ഞനിറത്തിലേക്കു മാറുന്നതോടെ വിളവെടുപ്പിനു പാകമാകും. ആഴ്ചയിൽ രണ്ടു തവണ വിളവെടുപ്പ്. ഒരു മരത്തിൽനിന്ന് ആഴ്ചയിൽ 2–3 പഴങ്ങൾ ലഭിക്കും. ഒന്നരക്കിലോ മുതൽ മൂന്നരക്കിലോ വരെ ഒന്നിനു തൂക്കം. വിളവെടുക്കുന്നവയ്ക്ക് 7–8 ദിവസം വരെ സൂക്ഷിപ്പുഗുണമുണ്ടാകും. അതുതന്നെയാണ് റെഡ് ലേഡിയുടെ വിപണന മൂല്യവും കയറ്റുമതി സാധ്യതയും വർധിപ്പിക്കുന്ന ഘടകം.


					വിളവെടുത്ത പപ്പായ തുടച്ചുവൃത്തിയാക്കി കേടുകൾ സംഭവിക്കാതിരിക്കാൻ കടലാസിൽ പൊതിഞ്ഞ് വിപണിയിലെത്തിക്കുന്നു.

മാസം 15 ടൺ ആണ് നിലവിൽ ഉൽപാദനം. കിലോയ്ക്കു ശരാശരി ഇരുപതു രൂപ ലഭിക്കുന്നു. തൃശൂർ, കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ തുടങ്ങിയ വടക്കൻ മേഖലകളിലെ മാർക്കറ്റുകളിലാണ് വിൽപന. ഇപ്പോൾ മികച്ച വിപണിയുണ്ടെങ്കിലും പപ്പായക്കൃഷിക്കാരുടെ എണ്ണം കൂടുകയും മൽസരം വർധിക്കുകയും ചെയ്യുന്നതിനാൽ മൂല്യവർധിത ഉൽപന്നങ്ങളുടെ ലോകത്ത് ഒരു കൈ നോക്കാനാണ് തീരുമാനം. പപ്പായയിൽനിന്നു ജാം നിർമിക്കാനുള്ള ഒരുക്കങ്ങൾ ഏതാണ്ടു പൂർത്തിയായെന്നു സുരേഷ് പറയുന്നു.

ഫോൺ: 9447036815