വർഷത്തിലൊരു കുലയല്ല, വർഷം മുഴുവൻ ഇലയാണ് വാഴക്കൃഷിയിൽനിന്നു മനോജ് പ്രതീക്ഷിക്കുന്നത്. വരുമാനവും അങ്ങനെതന്നെ. വർഷത്തിലൊരിക്കലല്ല, വർഷം മുഴുവൻ.
തമിഴ്നാട്ടിൽ വ്യാപകമായുള്ള ഇലവാഴക്കൃഷി കേരളത്തിലാരും കാര്യമായി പരീക്ഷിച്ചിട്ടില്ല. മനോജിന്റെയും ആദ്യ ശ്രമമാണ്. പരീക്ഷണം പാളിയില്ല. ഒരു വർഷമായി മനോജ് വാഴയില വിൽക്കുന്നു. രണ്ടേക്കറിലെ നാലായിരം വാഴയിൽനിന്ന് മാസം ശരാശരി 25,000 രൂപ സ്ഥിര വരുമാനം.
പാലക്കാട് വടകരപ്പതി പഞ്ചായത്തിൽ വളയക്കാരൻചള്ള ഗോകുലം വീട്ടിൽ മനോജ് രണ്ടു വർഷം മുമ്പാണ് ഇലവാഴക്കൃഷിയിൽ എത്തുന്നത്. കോയമ്പത്തൂരിൽ സ്വർണാഭരണ നിർമാണമാണ് മനോജിന്റെ മുഖ്യതൊഴിൽ. നെൽപാടത്ത് കൃഷിപ്പണിക്ക് ആളെക്കിട്ടാതെ വലയുമ്പോഴാണ് തമിഴ്നാട്ടിലെ തൊണ്ടാമുത്തൂരിൽനിന്നുള്ള സുഹൃത്ത് ഇലവാഴക്കൃഷിയെക്കുറിച്ചു പറഞ്ഞത്. കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയിൽ വാഴയിലയുമായി പോകുന്ന ഒട്ടേറെ തമിഴ് കച്ചവടക്കാരെ മനോജ് പതിവായി കാണാറുണ്ട്. വാഴയിലയ്ക്കു ഡിമാൻഡുണ്ടെന്നും തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ദിവസവും കെട്ടുകണക്കിനു വരുന്നുണ്ടെന്നും കണ്ടു.
മൈസൂർപൂവനും ഞാലിപ്പൂവനുമാണ് ഇലയാവശ്യത്തിനായി കൃഷിചെയ്യുന്ന മുഖ്യയിനങ്ങൾ. ഈയിനങ്ങളുടെ ഇലകൾ കനം കുറഞ്ഞ് വഴക്കമുള്ളതാണ്. വാഴ അധികം ഉയരം വയ്ക്കില്ല എന്നതും ഗുണം. തിരുച്ചിറപ്പള്ളിയിൽനിന്നു നാലായിരം വാഴക്കന്നുകൾ മനോജ് വാങ്ങി.
കുല വെട്ടാനുള്ള വാഴക്കൃഷിയിൽനിന്നു വ്യത്യസ്തമായി, ഇലയ്ക്കു വേണ്ടിയാവുമ്പോൾ അകലം കുറച്ചു നട്ടാൽ മതി. സാധാരണ വാഴക്കൃഷിയുടെ രീതികൾതന്നെയെങ്കിലും നടീൽ സമയത്തു കനത്ത മഴ പെയ്ത് പാടത്തു വെള്ളക്കെട്ടു വന്നതിനാൽ വാഴക്കന്ന് ചീഞ്ഞുപോകാതിരിക്കാൻ ആഴത്തിലുള്ള കുഴിയെടുക്കൽ ഒഴിവാക്കി. കൈക്കോട്ടുകൊണ്ടു ചെറിയൊരു കുഴിയെടുത്തു നട്ടു. നേന്ത്രൻപോലെ വലുപ്പത്തിലും ഉയരത്തിലും വളരില്ല എന്നതിനാൽ ആഴം കുറഞ്ഞ കുഴിയായിട്ടും ഞാലിപ്പൂവൻ കരുത്തോടെ തന്നെ മണ്ണിലുറച്ചു നിന്നുവെന്ന് മനോജ്. മുളയ്ക്കാതെയും മുരടിച്ചും നിന്നവയ്ക്കു പകരം പുതിയതു നട്ടു.
അച്ഛനും അമ്മയും സഹോദരനും കുടുംബവുമെല്ലാം തൊട്ടടുത്തു തന്നെ താമസിക്കുന്നതിനാൽ മനോജിന്റെ ജോലിത്തിരക്കുകൾക്കിടയിലും വാഴകളുടെ പരിപാലനം മുറപോലെ നടന്നു. വാഴ നട്ട് മൂന്നു മാസത്തിനുള്ളിൽ ആദ്യവളമായി വേപ്പിൻപിണ്ണാക്ക്, പൊട്ടാഷ്, യൂറിയ എന്നിവ നൽകി. രണ്ടു മാസത്തിനു ശേഷം ഒരു വളപ്രയോഗംകൂടി. പിന്നീടങ്ങോട്ട് ചാണകപ്പൊടിയാണ് മുഖ്യ വളം. വളം കൊടുത്താൽ ഇലകൾ കൂടുതൽ വരുമെങ്കിലും അമിതമായ രാസവളപ്രയോഗം വാഴയുടെ ആയുസ്സു കുറയ്ക്കുമെന്നു മനോജ്. വേനലിൽ നന പ്രധാനം. ഇക്കഴിഞ്ഞ വേനലിൽ വരൾച്ച രൂക്ഷമായതോടെ വാഴത്തോട്ടം മുഴുവൻ തുള്ളിനന (ഡ്രിപ് ഇറിഗേഷൻ) സംവിധാനമൊരുക്കി മനോജ്.
ഇലയും വിലയും
നട്ട് അഞ്ചു മാസമെത്തുന്നതോടെ ഇലകൾ മുറിച്ചു തുടങ്ങാം. വിൽക്കാനുള്ള വഴി അന്വേഷിക്കുന്നത് ഇല മുറിക്കാറായപ്പോഴാണ്. അധികം അന്വേഷിക്കാതെ തന്നെ ആവശ്യക്കാരനെ കിട്ടി. തമിഴ് കച്ചവടക്കാരൻ തന്നെ. വിരിയാൻ തുടങ്ങുന്ന തളിരിലകളാണ് മുറിച്ചെടുക്കുക. എളുപ്പത്തിൽ കീറിപ്പോകുമെന്നതിനാൽ മൂപ്പു കൂടിയ ഇലകൾക്കു ഡിമാൻഡുണ്ടാവില്ല. 4000 വാഴയിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ 600– 700 ഇലകൾ മുറിക്കാം. ഇലയൊന്നിന് മൂന്നര രൂപ ലഭിക്കും. മുറിക്കാനെത്തുന്ന തൊഴിലാളിക്ക് ഇലയൊന്നിന് ഒരു രൂപയാണ് കൂലി. അതു കിഴിച്ച് രണ്ടര രൂപ വരുമാനം. അതായത് ഒന്നിടവിട്ട ദിവസങ്ങളിൽ ശരാശരി 1500–1700 രൂപ വരുമാനം. മാസം 22,000– 25,000 രൂപ.
മൂന്നു വർഷം വരെ നീളുന്നതാണ് ഒരു കൃഷിക്കാലം. ഇല മുറിച്ചുകൊണ്ടിരിക്കുന്നതിനാൽ കുല വരുന്നതു വൈകും. എങ്കിലും പത്തു മാസത്തോടെ കുല വരും. വരുമ്പോൾ തന്നെ അതു മുറിച്ചു കളയും. എങ്കിലേ വളർന്നു വരുന്ന അടുത്ത തലമുറ വാഴക്കുഞ്ഞുങ്ങൾക്ക് ആരോഗ്യമുണ്ടാവൂ. കുല വന്ന വാഴ താമസിയാതെ നശിക്കും. ചുരുക്കത്തിൽ, ഒരു വാഴയിൽനിന്നു തുടർച്ചയായി അഞ്ചു മാസം ഇലയിലൂടെ വരുമാനം. അപ്പോഴേക്കും ഒരു ചുവട്ടിൽ ഒന്നോ രണ്ടോ വാഴക്കുഞ്ഞുങ്ങൾ വളർന്ന് വിളവെടുപ്പിനു പാകമായിട്ടുണ്ടാവും.
അതിർത്തിപ്രദേശമായതിനാൽ തമിഴ്നാട്ടിൽനിന്നുള്ള ഇലയാവശ്യക്കാർ പാലക്കാടു മേഖലയിൽ എപ്പോഴുമുണ്ടാവും. എന്നാൽ മറ്റു പ്രദേശങ്ങളിൽ ഡിമാൻഡ് എത്രമാത്രം ഉണ്ടാവുമെന്നുറപ്പില്ല. അതേസമയം സദ്യകൾക്കും ഹോട്ടലുകളിലേക്കുമെല്ലാമായി കെട്ടുകണക്കിന് ഇലകളാണ് ദിവസവും തമിഴ്നാട്ടിൽനിന്ന് ഇങ്ങോട്ടെത്തുന്നത്. അതുകൊണ്ടുതന്നെ, വളരെക്കുറവു പരിപാലനം മാത്രം ആവശ്യമുള്ള ഈ ലാഭക്കൃഷിക്ക് കേരളത്തിൽ മികച്ച സാധ്യതയുണ്ടെന്നാണ് മനോജിന്റെ പക്ഷം.
ഫോൺ: 7907271166