‘‘ദാ കണ്ടോ... ആ ഫ്ലാറ്റുകളിലെ വീട്ടുകാരാണ് എന്റെ ജീവിതത്തിൽ കൃഷിയുടെ പച്ചപ്പും കുളിർമ്മയും നിറച്ചത്’’, മൂന്നരയേക്കർ കൃഷിയിടത്തിന്റെ അതിരുകളോടു ചേർന്ന് മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് സമുച്ചയങ്ങളുടെ നേർക്കു കൈചൂണ്ടി സജ്ന മുഹമ്മദ് പറഞ്ഞു തുടങ്ങി. ‘‘ഈ പുരയിടത്തിലെ വിളവുകളുടെയെല്ലാം ആദ്യ ആവശ്യക്കാർ അവരാണ്. ചേമ്പിൻതാളോ, വാഴക്കുടപ്പനോ, കാന്താരിമുളകോ എന്തുമാവട്ടെ, ഫോൺ വിളിച്ചു ബുക്കു ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ ഇടം നേടി കാത്തിരിക്കാൻ മനസ്സുള്ളവർ. വന്നോളൂ എന്നു പറഞ്ഞു ഫോൺ വയ്ക്കേണ്ട താമസം, പച്ചക്കറികളും പഴങ്ങളും വാങ്ങാൻ പാഞ്ഞെത്തും’’.
ഏഴു വർഷമേ ആകുന്നുള്ളൂ സജ്ന കൃഷിയിലിറങ്ങിയിട്ട്. ഏഴു വർഷങ്ങൾക്കുള്ളിൽ പക്ഷേ സജ്ന ഏറെ മാറിയിരിക്കുന്നു. തൃക്കാക്കരയിൽ ഈയിടെ പണിതീർത്ത പുതിയ വീടിന്റെ ഉമ്മറത്തിരുന്ന് ജീവിതത്തിന്റെ കഠിനകാലങ്ങൾ ഓർത്തെടുക്കുമ്പോഴും സജ്നയുടെ മുഖത്ത് വേദനകളെ നിരാകരിക്കുന്ന നിശ്ചയദാർഢ്യമുണ്ട്. ഒരിക്കൽ മുഖം തിരിച്ചവരും ഇകഴ്ത്തിയവരുമെല്ലാം ഇന്ന് ഈ വീട്ടമ്മയെ നോക്കി ‘ഇവളെങ്ങനെ ഇത്ര ധൈര്യം നേടി’ എന്നു മന്ത്രിക്കുന്നത് സജ്നയുടെ ഈ മുന്നേറ്റം കണ്ടുതന്നെ.
ബിരുദാനന്തര ബിരുദവും ബിഎഡ്ഡും നേടി അധ്യാപികയായി ജോലി നോക്കിയിരുന്ന സജ്ന ജോലിവിട്ട് വിവാഹജീവിതത്തിലേക്കും പിന്നീട് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി തൃക്കാക്കരയിലെ സ്വന്തം വീട്ടിലേക്കും മടങ്ങുന്ന കാലയളവിനിടയിൽ ദുരിതങ്ങളുടെ കടൽദൂരംതന്നെ താണ്ടിയിരുന്നു. പ്രതിസന്ധികൾക്കിടയിലും വാപ്പയുടെ സമ്പാദ്യത്തെ ആശ്രയിക്കാതെ സ്വന്തം കാലിൽനിന്നു കുഞ്ഞുങ്ങളെ പോറ്റാനായിരുന്നു സജ്നയുടെ തീരുമാനം. അതിനേറ്റവും അനുയോജ്യമായി കണ്ടതാവട്ടെ കൃഷിയും. കാക്കനാട് തൃക്കാക്കരയിൽ, നഗരവാരിധി നടുവിൽ സജ്നയുടെ മൂന്നരയേക്കർ പച്ചപ്പ് കണ്ണിനിമ്പം പകരുന്ന കാഴ്ചയാകുന്നത് അങ്ങനെ.
മൂന്നരയേക്കർ പുരയിടത്തിൽ മുക്കാലും റബറായിരുന്നു മുമ്പ്. സജ്നയുടെ വാപ്പ മുഹമ്മദുകുട്ടി സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ മറ്റു കൃഷികൾക്കൊന്നും നേരമുണ്ടായില്ല. എന്നാൽ പിന്നീട് ടാപ്പിങ്ങിന് ആളെക്കിട്ടാത്ത സ്ഥിതിയായി. രണ്ടാമതൊന്ന് ആലോചിക്കാതെ റബർ വെട്ടി നീക്കിയാണ് ഏഴു വർഷം മുമ്പു സജ്ന കൃഷിക്കിറങ്ങുന്നത്. പകരം ജാതിയാകാമെന്നു നിശ്ചയിച്ചു. ആശിച്ചു നട്ടുവളർത്തിയ നൂറോളം ജാതികളിൽ പലതും ആണാണെന്നു തെളിഞ്ഞതോടെ ബഡ്ഡിങ്ങിന് ആളെത്തേടി. സജ്നയ്ക്കു കൃഷിയിലുള്ള താൽപര്യം കണ്ട് ബഡ്ഡിങ്ങിനെത്തിയ കൃഷിക്കാരൻ അതിന്റെ രീതികളെല്ലാം പഠിപ്പിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ കൃഷിയിടത്തിലേക്കു ക്ഷണിച്ച് വിപണന മൂല്യമുള്ള ഒട്ടേറെ ഫലവൃക്ഷ വിളകൾ പരിചയപ്പെടുത്തുകയും ചെയ്തു.
മൂന്നു വർഷത്തിനുള്ളിൽ ജാതിയിൽനിന്ന് ആദായമെത്തിയതോടെ കൃഷി കൊള്ളാമല്ലോ എന്നു തോന്നി. ഇടയ്ക്കുവച്ചു പിഞ്ഞിപ്പോയ ജീവിതം കൃഷിയിലൂടെ തുന്നിച്ചേർക്കുമ്പോഴും പക്ഷേ സമൂഹത്തിൽനിന്നു നെല്ലിട അകലം പാലിച്ചു സജ്ന. ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം ഉള്ളിലെവിടെയോ ബാക്കിനിന്നിരുന്നു. ജാതിക്കപ്പുറം മറ്റൊരു കൃഷിയിലേക്കിറങ്ങാനും വിപണി തേടി നടക്കാനും ധൈര്യം പോരാ എന്നു തോന്നി. കൃഷി പരിശീലനക്ലാസുകൾ നിശ്ശബ്ദമായിരുന്നു കേട്ടു മടങ്ങുന്ന സജ്നയിലെ കൃഷിസ്നേഹിയെ പക്ഷേ ഫാം ഇൻഫർമേഷൻ ബ്യൂറോ എറണാകുളം ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ റോസ്മേരിയും ജില്ലാ കൃഷി ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ മായ എസ്. നായരും നോട്ടമിട്ടിരുന്നു. അവരുടെ പിന്തുണയും നിർബന്ധവും വിടാതെ പിന്തുടർന്നതോടെ മൂന്നരയേക്കറിലേക്ക് പുതിയ കൃഷിയിനങ്ങൾ ഒന്നൊന്നായി കടന്നുവന്നു. വാപ്പ മുഹമ്മദു കുട്ടിയും ഉമ്മ ഫാത്തിമയും എല്ലാറ്റിനും മകൾക്ക് ഇടംവലം തുണനിന്നു.
ഓറഞ്ച്, മുസംബി, റംബുട്ടാൻ, ചെറുനാരകം, മുള്ളാത്ത, ബാങ്കോക്ക് ചാമ്പ, വെരിഗേറ്റഡ് പേര എന്നിങ്ങനെ തുടങ്ങി ബബ്ളൂസ് നാരങ്ങയും വാഴപ്പഴവും പാഷൻഫ്രൂട്ടും പപ്പായയും മധുര മാമ്പഴവുമെല്ലാം വിളയുകയും ഒന്നൊഴിയാതെ വിറ്റഴിയുകയും ചെയ്യുന്ന ഇന്നത്തെ വാളംകോട്ടിൽ കൃഷിയിടത്തിലേക്കുള്ള സജ്നയുടെ വളർച്ച തുടങ്ങുന്നത് അങ്ങനെയാണ്. പയറും പച്ചമുളകും വെണ്ടയും വഴുതനയും തക്കാളിയും കൂർക്കയും ചീരയും കപ്പയുമെല്ലാം പിന്നാലെ എത്തി.
പുരയിടത്തിൽനിന്നു വിളിപ്പാടകലെയുള്ള ബഹുനില ഫ്ലാറ്റിലെ താമസക്കാരാണ് സജ്നയുടെ കൃഷിസമൃദ്ധിയിൽ ആദ്യം കണ്ണുവയ്ക്കുന്നത്. 2014 മേയ് മാസത്തിലാണ് നോയൽ ഫ്ലാറ്റിലെ വീട്ടുകാർ തന്റെ കൃഷിയിടത്തിലേക്ക് കൗതുകത്തോടെ കടന്നുവന്നതെന്ന് സജ്ന. മാസവും വർഷവുമൊക്കെ ഓർത്തിരിക്കാൻ കാരണമുണ്ട്. മഞ്ജു വാര്യരുടെ ഹൗ ഓൾഡ് ആർ യു റിലീസായത് ആ നാളുകളിലാണ്. ജൈവകൃഷിയും അടുക്കളത്തോട്ടവും ടെറസ് കൃഷിയുമെല്ലാം ജനപ്രീതി നേടിയ കാലം. സജ്നയുടെ ജൈവകൃഷിയിടവും തഞ്ചാവൂർ കൃഷ്ണ എന്ന നാടൻ പശുവിനവും നോയൽ കുടുംബങ്ങൾക്ക് ക്ഷ ബോധിച്ചു. അന്നു മുതൽ ഇന്നോളം ഈ ഫ്ലാറ്റിലെ കുടുംബങ്ങൾക്കാണ് സജ്നയുടെ പ്രഥമ പരിഗണന. എന്നാൽ അവരിൽ ഒതുങ്ങുന്നില്ല ഇന്നു സജ്നയുടെ വിപണി. നഗരത്തിലെ ഓർഗാനിക് ഷോപ്പുകളിലും ഹോർട്ടികോർപ്പിലുമെല്ലാം സജ്നയുടെ ഉൽപന്നങ്ങൾക്കു ഡിമാൻഡ് ഉണ്ട്. കൃഷി പരിശീലനക്ലാസ്സുകളുടെ പിൻബെഞ്ചിൽനിന്നു മുൻബെഞ്ചിലേക്കും അതും കടന്ന് വേദിയിലെ പരിശീലകയുടെ റോളിലേക്കും വളർന്നിരിക്കുന്നു സജ്ന. കുറഞ്ഞ കാലംകൊണ്ട് കൃഷിയിൽ നേടിയ പുരസ്കാരങ്ങളും കുറവല്ല. എല്ലാറ്റിലുമുപരി സുസ്ഥിര വരുമാനവും. അമ്മയുടെ പിന്നാലെ മക്കളുമെത്തി കൃഷിയിൽ. ഏഴാം ക്ലാസുകാരി ആലിയയും അഞ്ചാം ക്ലാസുകാരൻ ആദിലും ഇന്ന് അടിയുറച്ച കൃഷിക്കാരെന്നു സജ്ന.
കൃഷി പരിചയം
ഏതെങ്കിലുമൊക്കെ വിളകൾ ഏക്കറുകണക്കിനു കൃഷി ചെയ്യുന്നതിലല്ല, സ്ഥലവും സാഹചര്യവും മനസ്സിലാക്കി വിളയിനങ്ങൾ നിശ്ചയിക്കുന്നതിലാണ് നേട്ടമെന്നു സജ്ന. ‘‘ഉദാഹരണത്തിന് പയര്‍. കൊച്ചി പോലൊരു നഗരത്തിൽ കുറ്റിപ്പയറിനേക്കാൾ ഡിമാൻഡ് വള്ളിപ്പയറിനാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളിൽ കുറ്റിപ്പയർ പൊളിച്ചിരിക്കാൻ ആർക്കു നേരം. തൊണ്ട് എവിടെ ഉപേക്ഷിക്കും. വള്ളിപ്പയറെങ്കിൽ ഈ പൊല്ലാപ്പൊന്നുമില്ല. കത്തിയെടുക്കുക. ഒരു പിടിത്തം, പയർ ഒന്നിച്ചു വയ്ക്കുക, തുരുതുരാ അരിയുക, ഞൊടിയിടയിൽ കറിയാക്കാം.
പലയിടത്തും അത്ര ഡിമാൻഡ് ഇല്ലാത്ത വഴുതനയ്ക്ക് ഇവിടെ മികച്ച വിപണി ലഭിക്കുന്നു എന്നതാണു മറ്റൊരു കൗതുകം. കൊച്ചി നഗരത്തിലിപ്പോൾ ഒട്ടു മിക്കവരും രാത്രി അത്താഴത്തിന് ചപ്പാത്തി ശീലമാക്കിയവരാണ്. ചപ്പാത്തിക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന കറിയായാണ് വഴുതനയ്ക്കു പ്രിയം. ചെറുതായൊന്നു വേവിച്ച് തൈരും പച്ചമുളകും ചേർത്ത് ഉടച്ചെടുക്കുന്ന വഴുതനക്കറി തൃക്കാക്കരയിലെ പല വീട്ടുകാരുടെയും ഇഷ്ട വിഭവമെന്ന് സജ്ന. തൊണ്ടിനു കനം കുറഞ്ഞ, മാർദ്ദവമേറിയ വഴുതനയാണ് ആളുകൾക്കു താൽപര്യം. അത്തരം ഇനങ്ങൾതന്നെ തേടിപ്പിടിച്ചാണ് സജ്നയുടെ കൃഷിയും. പ്രതീക്ഷിക്കാത്ത ചിലതിനു ഡിമാൻഡ് ഉണ്ടാകുന്നു എന്നതാണ് മറ്റൊരു നേട്ടം. ചേമ്പിൻതാളും വാഴപ്പിണ്ടിയുമെല്ലാം അക്കൂട്ടത്തിൽപ്പെടും.’’
കൃഷി ചെയ്യുന്ന ഓരോ ഇനത്തിലുമുണ്ട് സജ്നയ്ക്ക് ഇത്തരം അന്വേഷണങ്ങളും നിരീക്ഷണങ്ങളും. അതുകൊണ്ടുതന്നെ ഒരു വിളയും അമിതമായി കൃഷി ചെയ്യാതെ ഉൽപാദനം കുറച്ച്, ഉള്ളതിന്റെ ഡിമാൻഡ് വർധിപ്പിക്കുന്ന വിപണനശൈലിയാണ് സജ്നയുടേത്. വാളംകോട്ടിൽ കൃഷിയിടം പഴം– പച്ചക്കറി വൈവിധ്യങ്ങളുടെ സൂപ്പർമാർക്കറ്റായി മാറുന്നതും ഇങ്ങനെ. ഏതെങ്കിലും ഒരിനം എത്ര വേണമെങ്കിലും വാങ്ങാമെന്നു വച്ചാൽ ഇവിടെ നടപ്പില്ല. ദിവസം അഞ്ചു കിലോ പയർ പറിക്കാനുണ്ടെങ്കിൽ അത് മുമ്പേ ബുക്ക് ചെയ്തിരിക്കുന്ന പത്തു പേർക്കായി വിഭജിക്കുന്ന രീതിയാണ് സജ്നയുടേത്. ഒന്നാന്തരം ജൈവ പയറായതിനാൽ അരക്കിലോ തരമായവർക്കും സന്തോഷം. മൂന്നോ നാലോ ബാങ്കോക്ക് ചാമ്പ, ഒന്നോ രണ്ടോ റെഡ് ലേഡി പപ്പായ, കാൽ കിലോ കാന്താരി മുളക്, ഒരു പിടിത്തം പയറ്, അൽപം ഇഞ്ചി, രണ്ടു കിലോ കപ്പ, ഒരു മുള്ളാത്ത, അര ലീറ്റർ നാടൻ പാൽ ഈ അളവിൽ ദിവസം നാലോ അഞ്ചോ ഉപഭോക്താക്കൾക്കു കൊടുക്കാനുള്ള ഉൽപാദനമേ കണ്ടെന്നു വരൂ. എന്നാൽ ഇതിൽനിന്നു തന്നെ മികച്ച വരുമാനം വന്നുചേരുമെന്നു സജ്ന. ഇന്നവിടെ എന്തുണ്ട് എന്നു വിളിച്ചു ചോദിച്ചു ബുക്ക് ചെയ്യുന്നവരാണ് സജ്നയുടെ ഉപഭോക്താക്കളെല്ലാം.
ജൈവ വിളവുകൾക്ക് മികച്ച ഡിമാൻഡ് ഉണ്ടെന്നു കണ്ട് അവയ്ക്കു കൊള്ള വില ഈടാക്കുന്ന ഓർഗാനിക് ഷോപ്പുകളുടെ രീതി സജ്നയ്ക്കു സ്വീകാര്യമല്ല. ‘‘ഇത്തരം കടകൾ സാധാരണക്കാര്‍ക്കുള്ളതല്ല. സമ്പന്നരെ മാത്രം ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നതു സുരക്ഷിതവുമല്ല. അവരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. അതേസമയം ഇടത്തരക്കാരായ നഗരവാസികൾ നിശ്ചിത ബജറ്റിൽ ജീവിതം ചിട്ടപ്പെടുത്തുന്നവരാണ്. അഞ്ചോ പത്തോ രൂപ അധികം ഈടാക്കിയാലും ജൈവോൽപന്നങ്ങൾ നല്‍കിയാല്‍ അവർ എന്നും കൃഷിക്കാരനെ തുണയ്ക്കും.’’ സജ്ന പറയുന്നു.
ഫോൺ: 9605138980