നാട്ടുകൃഷിയല്ല, കാട്ടുകൃഷിയാണ് സജീവൻ കാവുങ്കരയുടെ രീതി. ജൈവകൃഷിയിൽ വലിയ സംഭാവനകൾ നൽകിയ കർഷകനെ തേടിയെത്തുന്നവർക്ക് അതുകൊണ്ടുതന്നെ ഒരു ചട്ടപ്പടി കൃഷിയിടം കാണാനൊക്കില്ല. വാഴ, ചേന, ചേമ്പ്, ഇലക്കറികൾ അടക്കം വിവിധ ഇനങ്ങൾ വന്യമായി വളരുന്ന കൃഷിയിടമാണ് ഈ ജൈവ കർഷകന്റെ പ്രത്യേകത. ആദായം മാത്രമല്ല, സ്വന്തം അടുക്കളയ്ക്കൊപ്പം അയൽക്കാരുടെ അടുക്കള കൂടി സ്വാശ്രയവൽക്കരിക്കുക എന്ന ലക്ഷ്യം കൂടി ഈ കൃഷിക്കു പുറകിലുണ്ട്.
ചെലവില്ലാ കൃഷി
തൊഴുത്തു കഴുകിവൃത്തിയാക്കുന്ന വെള്ളം ഒഴിക്കുന്നതൊഴിച്ചാൽ സമ്മിശ്ര കൃഷിക്കു വളപ്രയോഗവുമില്ല. കൃത്യസമയത്ത് ആവശ്യത്തിൽ കൂടുതൽ വിളവു ലഭിക്കണമെന്ന നിർബന്ധമില്ലാത്തതിനാൽ മരുന്നുതളിക്കലോ മറ്റു തരത്തിലുള്ള പരിചരണമോ ഇല്ല. നാടൻ വിത്തുകൾക്കും നാടൻ ഇനങ്ങൾക്കുമാണു കൂടുതൽ പ്രാധാന്യം. ചേന, ചേമ്പ്, പപ്പായ, വാഴ തുടങ്ങിയ വിളകൾക്കും കൃഷിയിടത്തിൽ സ്ഥലമുണ്ട്. ഒപ്പം അപൂർവ ഇലവർഗങ്ങൾക്കും.
സ്വാശ്രയ ഗ്രാമത്തിലേക്ക്
പച്ചക്കറികളിലെ വിഷം വലിയ ചർച്ചയായ കാലത്താണു കണ്ണൂർ ജില്ലയിലെ തലശ്ശേരി കതിരൂർ സ്വദേശിയായ സജീവൻ കാവുങ്കര കൃഷിയിലേക്കിറങ്ങുന്നത്. രുചിച്ചു പഴകിയ ചില ശീലങ്ങളെ മാറ്റിനിർത്താനായിരുന്നു ആദ്യ തീരുമാനം.
വിളകൾ കടയിൽ വിൽക്കുന്നതിനു പകരം അയൽവാസികൾക്കും നാട്ടുകാർക്കും നൽകുന്നതാണു രീതി. പകരം അവരുടെ കൈവശമുള്ള എന്തെങ്കിലും തിരിച്ചു വാങ്ങും. കണ്ണൂരിലെ 12 ഗ്രാമങ്ങളെ സ്വാശ്രയമാക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകാനുള്ള തയാറെടുപ്പിലാണ് സജീവൻ.
ഗവേഷകൻ, ജൈവ സംരക്ഷകൻ
ഇലവർഗങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കാൻ സംസ്ഥാനമെമ്പാടും ഇദ്ദേഹം ആയിരത്തിലധികം ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് എൺപതിലധികം ഇലവർഗങ്ങളാണ് കൃഷി ചെയ്യുന്നത്. 32 ഇനം വാഴ കൃഷിയിടത്തിലുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഗവർണർ പി. സദാശിവം സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിൽ കുടുംബസമേതം പങ്കെടുക്കാനും അവസരം ലഭിച്ചു. ജൈവ കൃഷി വ്യാപനത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ക്ഷണം.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിലെ ഒന്നാം ഗ്രേഡ് ഓവർസിയറായി ജോലി ചെയ്യുമ്പോഴും കൃഷി വിട്ടൊരു വഴിയില്ല. ഭാര്യ എം.ബി. സീമയും മക്കളായ ആര്യനന്ദയും ഘനശ്യാമും പിന്തുണയുമായി കൂടെ നിൽക്കുന്നതാണു കാട്ടുകൃഷിയുടെ വിജയരഹസ്യം.