പത്തേക്കർ കൃഷിയിറക്കി നേട്ടം കൊയ്യുന്ന ബാങ്ക്

സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവറ്റൂര്‍ കിഴക്ക് സർവീസ് സഹകരണബാങ്കാണ്  പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുന്നത്. വാഴ, ചേന, മരച്ചീനി, ഇ‍ഞ്ചി, പയര്‍, പാവല്‍, വെണ്ട, പടവലം തുടങ്ങിയവയാണ് വിളകള്‍. എം സി റോഡിനു സമീപം കുളക്കട ആലപ്പാട്ട് ക്ഷേത്രത്തോടു ചേര്‍ന്ന് നമ്പിമഠത്തിൽ രമേശ്ഭാനു പണ്ടാരത്തിലിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറിലധികം സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. തുടക്കം നഷ്ടക്കണക്കിൽ കൃഷി പരിപോഷിപ്പിക്കുകയും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ അറുപതു സർവീസ് സഹകരണബാങ്കുകളെ തിരഞ്ഞെടുത്തതിലൊന്നാണ് പൂവറ്റൂര്‍ കിഴക്ക്. പൂവറ്റൂര്‍ കിഴക്ക് വടക്കുംപുറം ഏലായിലെ അഞ്ചേക്കര്‍ തരിശുനിലം പാട്ടത്തിനെടുത്ത് ‘പൊന്‍കതിര്‍’ എന്ന പേരില്‍ നെല്‍കൃഷിയും ‘പൊന്‍വിളവ്’ എന്ന പേരില്‍ പച്ചക്കറിക്കൃഷിയും നടത്തിയതായിരുന്നു തുടക്കം. രണ്ടും പക്ഷേ ലാഭത്തിന്റെ ഇല വീശിയില്ല. കൃഷി നഷ്ടത്തിൽ കലാശിച്ചു. എന്നിട്ടും പിന്തിരിയാതെ പൊൻവിളവിന്റെ രണ്ടാംഘട്ടമായി പത്തേക്കർ സ്ഥലത്തു കൃഷിയിറക്കുകയായിരുന്നു. കര്‍ഷക സേവനകേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരി, സബ്സിഡി ഇനങ്ങളില്‍ 40 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽ‍കിയതോടെ ആത്മവിശ്വാസം വർധിച്ചു.

തരിശുഭൂമിയെ വരുതിയിലാക്കി തരിശുകിടന്ന പത്ത് ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കുന്നതായിരുന്നു ആദ്യ കടമ്പ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് കാടും പടലും നീക്കം ചെയ്തത്. ഇതിനു മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ചെലവായി. വാഴ നടാനുള്ള കുഴിയെടുത്തതും മണ്ണുമാന്തി ഉപയോഗിച്ചുതന്നെ.

ആദ്യം നട്ടതു വാഴ

2500ഏത്തവാഴ, 400 ഞാലിപ്പൂവന്‍, 400 പൂവന്‍ എന്നിവയാണ് ആദ്യം നട്ടത്. ആദ്യഘട്ടകൃഷിയിൽനിന്നു ലഭിച്ച വിത്തിനു പുറമേ, ഗുണമേൻമയുള്ള വാഴവിത്തുകള്‍ വിപണിയിൽനിന്നു വാങ്ങി. 1000 മൂട്  ചേന, 1200 മൂട് കാച്ചിൽ, 3000 മൂട് മരച്ചീനി, ഏഴു പണ ഇഞ്ചി, അരയേക്കറോളം സ്ഥലത്തു പയര്‍, പാവല്‍, വെണ്ട, പടവലം എന്നിവയും കൃഷിയിറക്കി. ജൈവവളത്തിനു മുന്‍തൂക്കം. അടിസ്ഥാനവളമായി വേപ്പിൻപിണ്ണാക്കും എല്ലുപൊടിയുമാണ് നല്‍കിയത്. തുടർന്ന് അഞ്ചു തവണ വളമിട്ടു. ചാണകപ്പൊടിയായിരുന്നു പ്രധാനം. കൃഷിവകുപ്പിന്റെ നിർദേശമനുസരിച്ച് വാഴയ്ക്കു ‘ബനാന മൈക്രോഫുഡ്’ മിശ്രിതവും നല്‍കി.

കടുത്ത വരള്‍ച്ച

കടുത്ത വരള്‍ച്ച നേരിട്ടതാണ് കൃഷിയിലെ ആദ്യ പ്രതിസന്ധി. കല്ലടയാറ്റില്‍നിന്നു നനസൗകര്യം ഒരുക്കേണ്ടിവന്നു. വലിയ ടാങ്കും ജലവിതരണ പൈപ്പുകളും സ്ഥാപിച്ച് ദിവസവും മുടങ്ങാതെ നനച്ചു.  ഏത്തവാഴയ്ക്ക് ഇലകരിച്ചിൽ ബാധിെച്ചങ്കിലും അതും മാറ്റിയെടുത്തു.

ചെലവ് 11.75 ലക്ഷം

നിലം ഒരുക്കൽ, വിത്ത്, നനസൗകര്യം, തൊഴിലാളികളുടെ വേതനം, വളപ്രയോഗം, മറ്റു ചെലവുകൾ എന്നിവയുൾപ്പെടെ11.75 ലക്ഷംരൂപ കൃഷിക്കു മൊത്തം ചെലവായി.   650 രൂപ കൂലിക്ക്   ദിവസം ശരാശരി പത്തു ജോലിക്കാരുണ്ടായിരുന്നു.

ലാഭം ഉറപ്പിച്ച്

ഒാണത്തിന് അഞ്ചര ലക്ഷം രൂപയുടെ വാഴക്കുല വിറ്റു. വിളവെടുപ്പു പൂർത്തിയാകുമ്പോൾ 14 ലക്ഷത്തോളം രൂപ ആദായം പ്രതീക്ഷിക്കുന്നു. നിലമൊരുക്കൽ, നനസൗകര്യമൊരുക്കൽ ചെലവുകൾ ഇനി വേണ്ടാത്തിനാൽ അടുത്ത ഘട്ടത്തിൽ ലാഭം ഏറെ ഉയരുമെന്നാണു പ്രതീക്ഷ. കുല വെട്ടിയ വാഴകൾ പിരിച്ചു മാറ്റുമ്പോൾ ഓരോ ചുവട്ടിലും രണ്ടു വിത്തുകൾ നിലനിർത്തും. അങ്ങനെ വിത്തിന്റെയും നടീലിന്റെയും ചെലവും ലാഭമാകും.  

സഹകരിച്ചവർ ഏറെ.

കൃഷി, സഹകരണവകുപ്പുകള്‍,   സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രം, വെള്ളായണി കാര്‍ഷികകോളജ് എന്നിവയുടെ നല്ല സഹകരണമുണ്ടായിരുന്നു.  തൊഴിലുറപ്പു പദ്ധതിയംഗങ്ങളും നാട്ടുകാരും അകമഴിഞ്ഞ സഹകരണമാണു നൽകിയത്. 

നേട്ടം പലത്

സഹകരണമേഖലയിൽ  പുതിയ കാർഷിക സംസ്കാരത്തിനു തുടക്കമിടാൻ കഴിഞ്ഞു. തരിശുപുരയിടം കൃഷിയോഗ്യമാക്കിയതും വിഷരഹിത ഉല്‍പാദനത്തിന് ഊന്നൽ നൽകിയതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.  ഓണക്കാലവിപണിയിൽ ന്യായവിലയ്ക്ക് (കിലോയ്ക്ക് 70 രൂപ) ഏത്തക്കുല നൽകിയതിനാൽ കമ്പോളവില പിടിച്ചുനിർത്താനുമായി. 

ന്യായവിലകേന്ദ്രം വഴി വിപണനം

ഓണത്തിനു മുൻപു വിളവെടുത്ത ആയിരത്തോളം ഏത്തക്കുലകൾ  എം സി റോഡിന് അരികിൽ തുടങ്ങിയ ന്യായവില വിൽപനകേന്ദ്രത്തിലൂടെ വിറ്റഴിച്ചു. തോട്ടത്തിൽനിന്ന് എത്തിക്കുന്ന മുറയ്ക്കു കുലകള്‍ വിറ്റുതീരുകയായിരുന്നു. കുല തീർന്നതിനാൽ പൂരാടത്തിനുതന്നെ വിൽപനകേന്ദ്രം അടച്ചു.   ഇനി വിളവെടുക്കാനുള്ള വാഴക്കുലകൾ വിൽക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചുകഴിഞ്ഞു. മറ്റിനങ്ങൾക്കും വിപണി ഉറപ്പാക്കിയിട്ടുണ്ട്.

ഇവർ കാര്യസ്ഥർ

അഡ്വ. പി.റ്റി. ഇന്ദുകുമാര്‍ പ്രസിഡന്റും ആര്‍. രാമചന്ദ്രന്‍ വൈസ്പ്രസിഡന്റുമായ11 അംഗഭരണസമിതിയാണ് കൃഷിക്കു മേൽനോട്ടം വഹിച്ചത്. സെക്രട്ടറി ആര്‍. സിന്ധു, കര്‍ഷക സേവനകേന്ദ്രത്തിന്റെ  ചുമതലയുള്ള ബ്രാഞ്ച് മാനേജർ എസ്. രഞ്ജിത്, ജീവനക്കാരൻ കെ.സി. പ്രവദകുമാര്‍ എന്നിവരും ഒപ്പം നിന്നു.