കുറഞ്ഞ ചെലവിൽ കൂടുതൽ ആദായത്തിനുള്ള വഴികൾ

പ്രളയകാലത്തെ കാറ്റിലും മഴയിലും പെട്ട്  തൊഴുത്തും പച്ചക്കറിപ്പന്തലും തകർന്നുവീണുണ്ടായ നാശനഷ്ടങ്ങൾ ആലപ്പുഴ ചേർത്തലയ്ക്കടുത്ത് അർത്തുങ്കൽ കല്ലുപുരയ്ക്കൽ വീട്ടിലെ കർഷകദമ്പതികളായ ഇമ്മാനുവലും റോസിയും കാര്യമാക്കുന്നില്ല. മറ്റു കർഷകരുടെ നഷ്ടക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അതു സഹിക്കാവുന്നതേയുള്ളു വെന്നാണ് ഇവരുടെ ചിന്ത. അതേസമയം ഈ കർഷകർക്കെല്ലാം അതിവേഗം വരുമാനത്തിലേക്കു മടങ്ങിയെത്താൻ തങ്ങളുടെ കൃഷി–മൃഗസംരക്ഷണ രീതികൾ പ്രയോജനപ്പെടുെമങ്കിൽ അതു പങ്കുവയ്ക്കാൻ ഈ ദമ്പതികൾ തയാർ.

നെല്ലും പച്ചക്കറിയും പശുവളർത്തലുമായി നീങ്ങിയിരുന്ന ഇമ്മാനുവൽ–റോസി ദമ്പതിമാരുടെ പതിവുകളെ വരുമാനത്തിന്റെ പുതുവഴികളിലേക്ക് തിരിച്ചുവിടുന്നത് ഇളയ മകനായ ജയനാണ്. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമെടുത്ത ശേഷം അക്കൗണ്ടിങ്ങിൽ ഉന്നത ബിരുദത്തിനു പഠിക്കുന്ന ജയൻ നിത്യവും ഫാം ഫ്രഷ് പാലും മുട്ടയും ഇറച്ചിയും മീനും പച്ചക്കറിയും ലഭിക്കുന്ന സൂപ്പർ മാർക്കറ്റായി പൂഴിമണ്ണ് നിറഞ്ഞ പുരയിടത്തെ മാറ്റിയത് വെറും ഒരു വർഷംകൊണ്ട്.

നിത്യവും മൽസ്യം

ഒരു സെന്റും അര സെന്റുമൊക്കെ വരുന്ന എട്ടു കളങ്ങളിലെ മൽസ്യക്കൃഷിയാണ് കല്ലുപുരയ്ക്കൽ വീട്ടിലെ മുഖ്യ കൗതുകം. 365 ദിവസവും നാട്ടുകാർക്ക് ‘പെടയ്ക്കണ മീൻ’  നൽകുന്ന കുളങ്ങൾ. മൂന്നെണ്ണത്തിൽ തിലാപ്പിയ, രണ്ടെണ്ണത്തിൽ നട്ടർ, മറ്റു രണ്ടു കുളങ്ങളിൽ ആസാം വാള, ഇനിയൊന്നിൽ ജയന്റ്ഗൗരാമി. ആദ്യത്തെ മൂന്നിനങ്ങളാണ് നിലവിൽ വിൽപനയ്ക്കുള്ളത്. സാധാരണ മൽസ്യക്കൃഷിയിൽ ഒരു സെന്റിൽ 200 തിലാപ്പിയ ഇടാമെന്നാണ് കണക്കെങ്കിൽ ജയൻ നിക്ഷേപിക്കുന്നത് 500–600 എണ്ണം. എന്നു കരുതി ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യകളെല്ലാം ഒരുക്കിയുള്ള അതിസാന്ദ്രതാക്കൃഷിയൊന്നുമല്ല. മൽസ്യങ്ങളുടെ എണ്ണം കൂടുതലാവുമ്പോൾ വെള്ളം വേഗത്തിൽ മലിനമാവും. അതു പരിഹരിക്കാന്‍   വേനലിൽ ആഴ്ചതോറും കുളത്തിലെ പകുതി വെള്ളം മോട്ടർ ഉപയോഗിച്ച് പുറത്തു കളയും. നീരുറവയുള്ളതിനാൽ താമസിയാതെ വീണ്ടും കുളം നിറയും. മഴക്കാലത്ത് അതും വേണ്ട. 

ആറു മാസംകൊണ്ട് മീൻ അര കിലോ തൂക്കം വരണമെന്നു വാശിയില്ല, കൂടുതൽ മത്സ്യങ്ങളെ ഇടുന്നതിനാൽ. നാലു മാസംകൊണ്ട് ഒരെണ്ണം 200–250 ഗ്രാം എത്തും. മൂന്നോ നാലോ എണ്ണത്തെ പിടിച്ചാൽ ഒരു കിലോ എത്തും. കിലോയ്ക്കു വില 200 രൂപ. ദിവസവും എത്തുന്ന ആവശ്യക്കാർക്കായി ഇങ്ങനെ വിറ്റ് രണ്ടു മാസംകൊണ്ട് സ്റ്റോക്ക് തീരും. അപ്പോഴേക്കും അടുത്ത കുളത്തിലെ മീൻ വിൽപനയ്ക്കു തയാറാ വും. ഒന്നിച്ചുള്ള വിളവെടുപ്പിനെക്കാൾ സാധാരണ കാർഷക കുടുംബത്തിന് നിത്യവരുമാനവും ലാഭവും നൽകുന്നത് ഈ രീതിയെന്നു ജയൻ.

പശുപക്ഷിലോകം

താറാവും കോഴിയുമാണ് മറ്റൊരു വരുമാന വഴി. 40 ദിവസംകൊണ്ട് രണ്ടു കിലോ തൂക്കം ലഭിക്കുന്ന വിഗോവ ഇനം ഇറച്ചിത്താറാവും മൂന്നു മാസംകൊണ്ട് രണ്ടു കിലോ തൂക്കം വരുന്ന നാടൻതാറാവും (കുട്ടനാടൻ ചാര ചെമ്പല്ലിയും മറ്റു സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്നതും) ഒരുപോലെ ഡിമാൻഡുള്ള ഇനങ്ങൾ. ഒരു ബാച്ചിൽ 200 വീതം രണ്ടിനവും വാങ്ങും. നിരണത്തുള്ള സർക്കാർ ഫാമിൽനിന്നാണെങ്കിൽ ഒരു ദിവസം പ്രായമായ കുഞ്ഞിന് നാടൻ 18 രൂപയും വിഗോവ 45 രൂപയും വില.  നിരണത്തു ലഭ്യമല്ലാത്തപ്പോൾ പുറത്തുനിന്നു വാങ്ങും. കൂടുതൽ വിലകൊടുക്കേണ്ടിവരുമെന്നു മാത്രം. 

വാങ്ങുന്ന നാടൻതാറാവിൽ പകുതി പൂവനായിരിക്കും, അവയാണ് മൂന്നു മാസം കഴിയുമ്പോൾ ഇറച്ചിക്കു വിൽക്കുന്നത്. പിടയ്ക്ക് ലെയർ തീറ്റ നൽകി പരിപാലിക്കും. ആറു മാസമെത്തുമ്പോൾ മുട്ടയിട്ടു തുടങ്ങും. തീറ്റ മികച്ചതെങ്കിൽ രണ്ടു കൊല്ലം മികച്ച മുട്ടയുൽപാദനം. നൂറ് പിടകളുണ്ടെങ്കിൽ ദിവസം 50  മുട്ടകൾ ഉറപ്പ്. ഒന്നിനു പത്തു രൂപയ്ക്കു വിൽപന. താറാമുട്ടയിൽനിന്നു മാത്രം ദിവസം 500 രൂപ ലഭിക്കുമെന്ന് ഇമ്മാനുവൽ. കോഴിയെ അപേക്ഷിച്ച് താറാവിന്റെ കൂട്ടിൽ അസുഖകരമായ ഗന്ധമുണ്ടാവും. രണ്ടു നേരം കൂടു വൃത്തിയാക്കേണ്ടി വരും. കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിൽ എണ്ണം കുറയ്ക്കുകയും ചെയ്യും.

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി പൗൾട്രിഫാമിൽനിന്നു വാങ്ങുന്ന സങ്കരയിനങ്ങളും ഭാര്യ റോസി അടവെച്ചു വിരിയിക്കുന്നവയും ചേർന്ന് ഏതാണ്ട് നൂറിനടുത്ത് കോഴികളും എപ്പോഴും സ്റ്റോക്കുണ്ടാവും. ചുരുങ്ങിയത് 20 മുട്ടകൾ ദിവസവും വിൽപനയ്ക്ക്. നാടൻ കോഴിപ്പൂവന്റെ ഇറച്ചിക്കുമുണ്ട് നല്ല ഡിമാൻഡ്.

ഫാം ഫ്രഷ് പാലിനായി മൂന്നു പശുക്കൾ. വീട്ടാവശ്യത്തിനാണെങ്കിൽപോലും ഒരു പശുവിനെ മാത്രമായി വളർത്തുന്നത് ലാഭകരമല്ലെന്നാണ് റോസിയുടെ അഭിപ്രായം. കറവയുള്ള രണ്ടു പശുക്കളുണ്ടെങ്കിൽ ഒന്നിൽനിന്നുള്ള വരുമാനംകൊണ്ട് രണ്ടിന്റെയും തീറ്റച്ചെലവു നടക്കും. രണ്ടാമത്തേതിൽനിന്നുള്ള വരുമാനം കൊണ്ട് ഒരു സാധാരണ കുടുംബത്തിന്റെ വീട്ടുചെലവും നടക്കുമെന്നു റോസി.

ആലപ്പുഴ ജില്ലയിലെ പൂഴിമണ്ണിൽ പച്ചക്കറിക്കൃഷി വിജയിപ്പിക്കുക അത്ര എളുപ്പമല്ല. കോഴി, താറാവ് എന്നിവയുടെ കാഷ്ഠവും ചാണകവും ആവശ്യത്തിനുള്ളതുകൊണ്ടാണ് സമൃദ്ധമായ കൃഷി സാധ്യമാകുന്നതെന്ന് ഇമ്മാനുവൽ. അതും സമ്പൂർണ ജൈവകൃഷി. പുരയിടത്തിൽ ഇത്തിരി സ്ഥലം കിട്ടുന്നിടത്തുപോലും നിലത്തും ഗ്രോബാഗിലുമായി ഹൈബ്രിഡ് ഇനങ്ങളുൾപ്പെടെയുള്ള പച്ചക്കറികൾ വളർത്തുന്നു ഈ ദമ്പതികൾ. വിളവെടുത്ത 

പച്ചക്കറികൾക്കെല്ലാം കിലോയ്ക്ക് 50 രൂപ എന്നു സ്വന്തം നിലയ്ക്ക് നിശ്ചയിച്ചിരിക്കുന്നു. പച്ചക്കറി മാത്രമല്ല, പഴവുമുണ്ട് വിൽപനയ്ക്ക്. പുരയിടത്തിൽ വിളയുന്ന വാഴക്കുല പഴുപ്പിച്ചുള്ള ചില്ലറ വിൽപന. ഒരുൽപന്നത്തിനും വിപണി തേടിനടക്കേണ്ടി വരുന്നില്ല ഈ കുടുംബത്തിന്. കർഷക കുടുംബത്തിൽനിന്നു ലഭിക്കുന്ന മുട്ടയും പാലും പഴവും പച്ചക്കറിയും ഇറച്ചിയും മീനും തേടി ആളുകൾ രാവിലെമുതൽ കല്ലുപുരയ്ക്കൽ വീട്ടിലെത്തുന്നു.അതുവഴി മാസം ഏതാണ്ട് 50,000 രൂപ വരുമാനവും.

ഫോൺ: 9961071545