അലങ്കാര ഇഞ്ചിച്ചെടികളുടെ പൂക്കൾക്കൊപ്പം തൈകളും

എന്നും ആദായം വെട്ടുപൂക്കൾക്കായി നട്ടുവളർത്തിയ അലങ്കാര ഇഞ്ചിച്ചെടികളുടെ പൂക്കൾക്കൊപ്പം ഇവയുടെ തൈകളും വിപണനം ചെയ്ത് മികച്ച ആദായം കണ്ടെത്തുകയാണ് പെരുമ്പാവൂർ‌ തുരുത്തിയിൽ സോനാ ഷെല്ലി. 12 വർ‌ഷം മുൻപ് ബാംബൂ ജിൻജറും സിഗാർ ജിൻജറും റെഡ് ജിൻജറുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷി  ചെയ്തു തുടങ്ങിയപ്പോള്‍ ഇവയുടെ ഉപയോഗം വെട്ടുപൂക്കൾ എന്ന നിലയ്ക്കു മാത്രമായിരുന്നു. പിന്നീടാണ് അലങ്കാര ഇഞ്ചിയിനങ്ങൾക്കു ലാൻഡ് സ്കേപ്പിങ്ങിൽ  ഡിമാൻഡ് ഉണ്ടായത്. ഈ വിപണി ലക്ഷ്യമാക്കി സോന ഇവയുടെയെല്ലാം തൈകൾ ഉൽപാദിപ്പിച്ചു.

അധികശ്രദ്ധയും ശുശ്രൂഷയുമില്ലാതെ പാതി തണലത്തും വെയിലത്തുമെല്ലാം അലങ്കാര ഇഞ്ചി നന്നായി വളർന്ന്  പൂവിടും. വീടിനോടു ചേർന്ന് ഒന്നര ഏക്കറോളം വരുന്ന തൊടിയിൽ‌ മാവും തേക്കും പ്ലാവുമെല്ലാം വളരുന്ന ചോലയിലാണ് ഇഞ്ചിയിനങ്ങള്‍ പരിപാലിച്ചത്. പുഷ്പാലങ്കാരവിദഗ്ധയായ സോന ഇവയുടെ പൂക്കൾ വിപണനം ചെയ്യുന്നതിനൊപ്പം പുഷ്പാലങ്കാരത്തിനു പ്രയോജനപ്പെടുത്തുന്നുമുണ്ട്.

സിഗാർ ജിൻജറിന്റെ പൂക്കൾ നല്ല വളർച്ചയായാൽ ഉണക്കി ഡ്രൈ ഫ്ളവർ‌ ആയും പുഷ്പാലങ്കാരത്തിൽ ഉപയോഗിക്കുന്നു. ഉദ്യാനത്തിൽ  ഇപ്പോള്‍ ഏറ്റവും ഡിമാൻഡ് സിഗാർ ഇനത്തിനാണ്. പോളിബാഗിൽ വളർത്തിയെടുക്കുന്ന അലങ്കാര ഇഞ്ചികള്‍ക്ക് എല്ലാംതന്നെ ഒന്നു രണ്ട് മാസത്തിനുള്ളിൽ തൈകൾ ഉണ്ടായിവരും. വേനലിൽ ടോർച്ച്, സിഗാർ ഇനങ്ങള്‍ക്കെല്ലാം   നന ആവശ്യം. ഇതിനായി കൃഷിയിടത്തിൽ തളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ഫോൺ: 97452 87033