Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചിങ്ങയും ആവോലിയുമേകി ആലുവ മോഡൽ

faisal-near-aquaponics-farm ഫൈസലിന്റെ അക്വാപോണിക്സ് കുളം, ഫൈസൽ

അക്വാപോണിക്സ് വരുമാനമാർഗമാക്കാമെന്നു തെളിയിക്കുകയാണ് ആലുവ ചൂർണിക്കരയിലെ ഫൈസൽ. വീടിനു സമീപത്തെ സ്വന്തം സ്ഥലത്താണ് അദ്ദേഹം മീനും പച്ചക്കറിയുമൊക്കെ ജൈവരീതിയിൽ കൃഷി ചെയ്യുന്നത്. അച്ചിങ്ങ, വെള്ളരി, പീച്ചിൽ, ചീര, പുതിന എന്നിങ്ങനെ വിവിധ പച്ചക്കറികൾക്കൊപ്പം ചുവന്ന ആവോലിയും തിലാപ്പിയയുമൊക്കെ സമൃദ്ധമായി ഉൽപാദിപ്പിക്കുന്ന സംരംഭം കൃഷിപ്രേമികളുടെ മനംകവർന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് മീനും പച്ചക്കറികളുമൊക്കെ നേരിട്ടു വിളവെടുക്കാൻ അവസരം നൽകുന്നതുവഴി ഫാം ടൂറിസത്തിനൊരു നഗരമാതൃക കൂടി തീർത്തിരിക്കുകയാണ്.

കൃഷിക്കാരനായിരുന്ന വല്യുപ്പയു‌ടെ കൂടെ നടന്ന ചെറുപ്രായത്തിലുണ്ടായ കൃഷിപ്രേമമാണ് ഈ യുവാവിന്റെ കൈമുതൽ. അതു പ്രകാശിപ്പിക്കാൻ കൈരളി ചാനലിലെ സാങ്കേതികവിദഗ്ധനായ ഇദ്ദേഹത്തിനുള്ളത് ആകെ 30 സെന്റ് സ്ഥലം മാത്രം. വീടിരിക്കുന്ന 20 സെൻറിനു തൊട്ടടുത്തായുള്ള പത്തു സെൻറിൽ കുളം നിർമിച്ചു. ഏഴടി താഴ്ചയിലും ഏഴു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും നിർമിച്ച കുളത്തിൽ എൺപതിനായിരം ലീറ്റർ വെള്ളം കൊള്ളുമെന്നാണ് കണക്ക്. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ വികാസിന്റെ ഉപദേശം ഇക്കാര്യത്തിൽ വഴികാട്ടിയായി.

കുളത്തിനോടു ചേർന്നുകിടക്കുന്ന ബാക്കി സ്ഥലത്ത് മൂന്നടി താഴ്ചയിൽ പത്ത് അക്വാപോ‌ണിക്സ് ബെഡുകൾ തീർത്തു. നാലര മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഈ ബെഡുകൾക്കുള്ളിൽ മുക്കാൽ ഇഞ്ച് വലുപ്പമുള്ള കരിങ്കൽ ചീളുകൾ നിറച്ചു. ആകെ 14 ലോഡ് കരിങ്കൽ ചീളുകൾ ഇതിനു വേണ്ടിവന്നു. കുളത്തിനു മുകളിലായി ആയിരം ലീറ്റർ സംഭരണശേഷിയുള്ള ഒരു ഫിൽറ്റർ ടാങ്കും ചേർന്നാൽ ഫൈസലിന്റെ അക്വാപോണിക്സ് യൂണിറ്റായി. ആകെ അഞ്ചു ലക്ഷം രൂപയാണ് ഇതിനായി മുടക്കിയതെന്നു ഫൈസൽ പറയുന്നു. ഇതിൽ ഒരു ലക്ഷം രൂപയോളം ആവർത്തിക്കപ്പെടുന്ന ചെലവുകളാണ്. മീൻകുഞ്ഞുങ്ങൾ, അവയുടെ തീറ്റ, വൈദ്യുതിചാർജ്, പച്ചക്കറിവിത്തുകൾ എന്നിവയ്ക്കുള്ള ചെലവ്.

വായിക്കാം ഇ - കർഷകശ്രീ 

ചുവന്ന ആവോലി എന്നറിയപ്പെടുന്ന നട്ടർ, ഗിഫ്റ്റ് തിലാപ്പിയ എന്നീ മത്സ്യങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. കുളത്തിലെ മത്സ്യാവശിഷ്ടങ്ങളങ്ങിയ ജലം ഫിൽറ്റർ ടാങ്കിലേക്ക് പമ്പു ചെയ്യുന്നു. കുളത്തിലെ മത്സ്യവിസർജ്യമടങ്ങിയ വെള്ളം ശുദ്ധീകരിച്ച് വീണ്ടും കുളത്തിലെത്തിക്കുന്ന സംവിധാനമാണിത്. ടാങ്കിന്റെ അടിഭാഗത്തേക്ക് അരിച്ചിറങ്ങ‍ുന്ന വെള്ളം കുഴലുകളിലൂടെ പത്തു ബെഡുകളിലുമെത്തിക്കുന്നു. കരിങ്കൽ ചീളുകൾക്കിടയിലൂടെ കുളത്തിലെ ജലം ഒഴുകുമ്പോൾ അതിലടങ്ങിയ അമോണിയ ചെ‌ടികൾക്ക് ആഗിരണം ചെയ്യാവുന്ന രൂപത്തിലാവുകയും വിളകൾ അതുപയോഗിച്ച് വളരുകയും ചെയ്യുന്നു. ഗ്രാവൽ ബെഡിലെ ജലനിരപ്പ് നിശ്ചിത തലത്തിലെത്തുമ്പോൾ ബെൽസൈഫൺ പ്രവർത്തിച്ച് മുഴുവൻ വെള്ളവും കുളത്തിലേക്കു വാർന്നു പോവുന്നു. ഉടൻ തന്നെ കുളത്തിൽനിന്നു വെള്ളം പമ്പുചെയ്തു തുടങ്ങും. ഇതാണ് അക്വാപോണിക്സ‍ിന്റെ അടിസ്ഥാന ശൈലി. അമോണിയ വിളകൾക്കു കൈമാറി അരിച്ചു ശുദ്ധീകരിക്കപ്പെട്ട വെള്ളം തിരികെ കുളത്തിലെത്തുമ്പോൾ മത്സ്യങ്ങളും ഉഷാർ. ഇപ്രകാരം ദിവസം മുഴുവൻ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നുണ്ടെങ്കിലും കൃഷിയാവശ്യത്തിനുള്ള വൈദ്യുതിചാർജ് നൽകിയാൽ മതിയാവും. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗമുണ്ടാവുന്ന അവസാന രണ്ടു മാസങ്ങളിൽ പോലും പതിനായിരം രൂപയേ വൈദ്യുതി ചാർജ് വരുന്നുള്ളൂ. കാർഷികാവശ്യത്തിനുള്ള വൈദ്യുതിനിരക്കിനു ശിപാർശ ചെയ്ത ഫിഷ് ഫാർമേഴ്സ് ഡവലപ്മെൻറ് ഏജൻസി (എഫ്എഫ്ഡിഎ) ഉദ്യോഗസ്ഥരോടാണ് ഇക്കാര്യത്തിൽ ഫൈസലിനു കടപ്പാട്.

fish-harvest-in-aquaponics-farm നാട്ടുകാർക്കും വീട്ടുകാർക്കും ആവേശമേകിയ വിളവെടുപ്പ്

ആകെ 5000 മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച തനിക്കു വിളവെടുപ്പ് പൂർത്തിയായപ്പോൾ കിട്ടിയത് മൂന്ന് ടണ്ണിലേറെ മീനാണെന്നു ഫൈസൽ അവകാശപ്പെടുന്നു. കിലോയ്ക്ക് മുന്നൂറു രൂപവരെ വില ലഭിച്ച മത്സ്യങ്ങളുടെ കച്ചവടത്തിലൂടെ ഏഴുലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. സ്വകാര്യ ഏജൻസിയിൽ നിന്നു ഗിഫ്റ്റ് തിലാപ്പിയ വാങ്ങി കബളിപ്പിക്കപ്പെട്ടതു മാത്രമാണ് മത്സ്യക്കുളത്തിൽ ഫൈസലിനുണ്ടായ തിക്താനുഭവം. ആൺതിലാപ്പിയയെന്ന പേരിൽ കിട്ടിയ മത്സ്യങ്ങൾ കുളത്തിൽ പെരുകിയതുമൂലം ഉദ്ദേശിച്ച വളർച്ച നേ‌ടിയില്ല. എങ്കിലും തിലാപ്പിയ 800 ഗ്രാം വരെയും നട്ടർ ഒരു കിലോയിലധികവും വളർന്നു. കൃത്രിമ തീറ്റയ്ക്കു പുറമെ മുരിങ്ങയില, ചേമ്പില, ചോറ് എന്നിവയും മത്സ്യങ്ങൾക്കു നൽകി. മീൻ വാങ്ങാൻ വരുന്നവർക്ക് കുളത്തിൽനിന്നു നേരിട്ടു പിടിക്കാനായി നാലു ചൂണ്ടകളും ഫൈസൽ ഇവിടെ സജ്ജമാക്കി. ഒരു കിലോ മീൻ വാങ്ങാനെത്തിയവർ മൂന്നും നാലും കിലോ മീൻ വാങ്ങത്തക്ക വിധത്തിൽ ആവേശം സൃഷ്ടിക്കാൻ ഇതുപകരിച്ചു.

ചുരയ്ക്ക, പാവൽ, പടവലം, അച്ചിങ്ങ, പീച്ചിൽ, ചീര, പുതിന തുടങ്ങിയ വിളകളാണ് ഫൈസൽ ഇതുവരെ അക്വാപോണിക്സ് രീതിയിൽ വളർത്തി വിളവെടുത്തിട്ടുള്ളത്. ഒരു കിലോ വലിപ്പമുള്ള വെള്ളരിക്കവരെ ഇതിൽ നിന്നു കിട്ടിയതായി ഫൈസൽ പറഞ്ഞു. പത്തു സെൻറിൽ കുളത്തിനു പുറമേയുള്ള അ‍ക്വാപോണിക്സ് ബെഡുകളിൽ ആകെ 4500 ചുവട് പച്ചക്കറിവിളകൾ നട്ടു. ബാക്കി സ്ഥലത്ത് 500 പച്ചക്കറി തൈകൾ ഗ്രോബാഗിൽ നട്ടുവച്ചു. രണ്ടു ലക്ഷം രൂപയുടെ പച്ചക്കറി കിട്ടിയിട്ടുണ്ടാവണമെന്നാണ് ഫൈസലിന്റെ കണക്ക്. ചെന്നൈ പ്രളയത്തെത്തുടർന്ന് പച്ചക്കറികൾക്ക് വില ഉയർന്നു നിന്നത് വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. പച്ചക്കറിവിളകളുടെ വളർച്ചയ്ക്കായി ഒരു തരത്തിലുള്ള പോഷകങ്ങളും നൽകേണ്ടിവന്നില്ല. അതേസമയം കരിങ്കൽ ചീളുകൾ നിറച്ച ഓരോ ബെഡിലും നൂറു വീതം ആഫ്ര‍ിക്കൻ മണ്ണിരയെ ഇട്ടിരുന്നു. അക്വാപോണിക്സ് യൂണിറ്റുകളുടെ വിജയത്തിൽ അവയിലെ ജലപ്രവാഹ സംവിധാനത്തിന്റെ രൂപകൽപനയ്ക്ക് നിർണായക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തമായി അന്വേഷിച്ചു നേടിയ അറിവുപയോഗിച്ച് തുടങ്ങിയ ഈ സംവിധാനം വൻവിജയമായതിൽ എംപിഇഡിഎ ഡപ്യൂട്ടി ഡയറക്ടർ എം. ഷാജി, കൃഷി ഓഫിസർ ജോൺ ഷെറി എന്നിവർക്കും വലിയ പങ്കുണ്ടെന്ന് ഫൈസൽ പറഞ്ഞു.

ഫോൺ– 8129722030